എമാര്‍ ഇന്ത്യ 2,500 കോടി രൂപ സമാഹരിച്ചു

എമാര്‍ ഇന്ത്യ 2,500 കോടി രൂപ സമാഹരിച്ചു

നിര്‍മ്മാണത്തിലിരിക്കുന്ന പ്രോജക്റ്റുകള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കും

മുംബൈ : ദുബായ് ആസ്ഥാനമായ റിയല്‍റ്റി കമ്പനി എമാര്‍ പ്രോപ്പര്‍ട്ടീസിന്റെ ഉപകമ്പനിയായ എമാര്‍ ഇന്ത്യ 2,500 കോടി രൂപ സമാഹരിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന പ്രോജക്റ്റുകള്‍ വേഗം പൂര്‍ത്തീകരിക്കാനാണ് പുതിയ ഫണ്ട് സമാഹരിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ബാങ്കുകളില്‍നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുമാണ് ഇത്രയും തുക സമാഹരിച്ചതെന്ന് കമ്പനി അറിയിച്ചു.

പ്രോജക്റ്റുകള്‍ വേഗം പൂര്‍ത്തീകരിക്കുന്നതിന് എമാര്‍ ഈയിടെ തങ്ങളുടെ പ്രോജക്റ്റ് മാനേജ്‌മെന്റ് ടീം ഉടച്ചുവാര്‍ത്തിരുന്നു. പബ്ലിക് ജോയന്റ്-സ്‌റ്റോക് കമ്പനിയായ എമാര്‍ പ്രോപ്പര്‍ട്ടീസ് ഇന്ത്യന്‍ പങ്കാളിയായ എംജിഎഫ് ഡെവലപ്‌മെന്റ്‌സുമായുള്ള സംയുക്ത സംരംഭം അവസാനിപ്പിച്ചശേഷമായിരുന്നു ഇത്. ഇരുകമ്പനികളുടെയും റിയല്‍ എസ്റ്റേറ്റ് സംയുക്ത സംരംഭമായ എമാര്‍ എംജിഎഫ് ലാന്‍ഡില്‍ 2005-06 ല്‍ അക്കാലത്തെ ഏറ്റവും വലിയ പ്രത്യക്ഷ വിദേശ നിക്ഷേപമായ 7,000 കോടി രൂപ നിക്ഷേപിച്ചിരുന്നു.

ഏപ്രില്‍ അവസാനത്തോടെയാണ് സംയുക്ത പങ്കാളിത്തത്തിന് താഴ് വീഴുന്നത്. വേര്‍പിരിയല്‍ കരാറനുസരിച്ച് നിര്‍മ്മാണത്തിലിരിക്കുന്നതോ ഭാഗികമായി പൂര്‍ത്തിയായതോ ആയ 55 ഉപ-പ്രോജക്റ്റുകളില്‍ മിക്കതിന്റെയും അവകാശം എമാര്‍ ഇന്ത്യയ്ക്ക് ലഭിക്കും. ഈ പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. നിര്‍മ്മാണ അനുമതി ലഭിച്ച മുപ്പത് പ്രോജ്റ്റുകളില്‍ ഉള്‍പ്പെടുന്നതാണ് ഈ ഉപ-പ്രോജക്റ്റുകള്‍.

പ്രോജക്റ്റുകള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് ഉപയോക്താക്കള്‍ക്ക് കൈമാറുന്നതിനും വലിയ വായ്പാ ബാധ്യത അടച്ചുതീര്‍ക്കുന്നതിനുമാണ് ഫണ്ട് സമാഹരിച്ചതെന്ന് എമാര്‍ ഇന്ത്യ വക്താവ് അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ 1,800 യൂണിറ്റുകള്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമായെന്നും ഇവ ഉപയോക്താക്കള്‍ക്ക് കൈമാറിയെന്നും വക്താവ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മധ്യത്തോടെയാണ് എമാര്‍ എംജിഎഫ് ലാന്‍ഡ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭം അവസാനിപ്പിക്കുന്നതിന് ഇരുകമ്പനികളും നടപടിക്രമങ്ങള്‍ തുടങ്ങിയത്. നിര്‍മ്മാണത്തിലിരിക്കുന്ന പ്രോജക്റ്റുകള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുകയാണ് എമാര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ലക്ഷ്യം.

അടുത്ത രണ്ട്-രണ്ടര വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന എല്ലാ പ്രോജക്റ്റുകളും പൂര്‍ത്തീകരിച്ച് കൈമാറാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2016 മെയ് മാസത്തെ 500-700 തൊഴിലാളില്‍നിന്ന് കഴിഞ്ഞ മാസത്തോടെ പ്രോജക്റ്റ് സൈറ്റുകളിലെ തൊഴിലാഴികളുടെ എണ്ണം പതിനായിരമായി വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആയിരം യൂണിറ്റുകള്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ചെങ്കില്‍ ഈ വര്‍ഷം 4,000-4,500 യൂണിറ്റുകള്‍ക്ക് നേടിയെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിശ്ചയിച്ചപോലെ പ്രോജക്റ്റുകള്‍ പൂര്‍ത്തീകരിച്ച് കൈമാറുന്നതിന് പ്രതിമാസം 80-100 കോടി രൂപയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്നത്.

2016 മെയ് മാസത്തില്‍ ഇത് 20-25 കോടി രൂപ മാത്രമായിരുന്നു. തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിച്ചതുകൂടാതെ കമ്പനി ഈയിടെ പ്രോജക്റ്റ് മാനേജ്‌മെന്റ് ടീം അഴിച്ചുപണിതിരുന്നു. പ്രോജക്റ്റുകള്‍ വേഗം പൂര്‍ത്തിയാക്കുന്നതിന് ഡിഎല്‍എഫ്, ഹിരനന്ദാനി കണ്‍സ്ട്രക്ഷന്‍സ്, ഭാരതി റിയല്‍റ്റി, ലോട്ടസ് ഗ്രീന്‍സ്, ഗള്‍ഫ് പെട്രോകെം, ഐറിയോ എന്നീ കമ്പനികളിലെ പ്രൊഫഷണലുകളെയാണ് എമാര്‍ ഇന്ത്യ സ്വന്തം പാളയത്തിലെത്തിച്ചത്.

Comments

comments

Categories: Business & Economy
Tags: Emaar, in India, India