കടല്‍ കടക്കുന്ന സ്വപ്‌നങ്ങള്‍

കടല്‍ കടക്കുന്ന സ്വപ്‌നങ്ങള്‍

ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള ട്രാന്‍സ് ഏഷ്യ ഇപ്പോള്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ലോജിസ്റ്റിക്‌സ് കമ്പനിയായി മാറുന്നതിനുള്ള തയ്യാറെടുപ്പിലാണ്

സ്വപ്‌നങ്ങള്‍ നിറഞ്ഞുനിന്നതായിരുന്നു കുട്ടിക്കാലം. സമപ്രായത്തിലുള്ള കൂട്ടുകാരെ അപേക്ഷിച്ച് സ്വന്തം സങ്കല്‍പ്പങ്ങളില്‍ നിറഞ്ഞുനിന്നത് ഒരു വേറിട്ട ലക്ഷ്യമായിരുന്നു. സംരംഭകത്വം. വര്‍ഷങ്ങള്‍ക്കുശേഷം ഈ ലക്ഷ്യത്തെ വെട്ടിപ്പിടിക്കുകയും തന്റെ സ്വപ്‌നങ്ങള്‍ക്ക് സുഗന്ധം നല്‍കുകയും ചെയ്ത വ്യക്തിത്വമാണ് ട്രാന്‍സ് ഏഷ്യ ഗ്രൂപ്പ് എംഡി ജോണ്‍സണ്‍ മാത്യുവിന്റേത്. തിരിഞ്ഞ് നോക്കിയാല്‍ ജോണ്‍സണ് പറയാനുള്ളത് വെട്ടിപ്പിടിച്ച് നേടിയെടുത്ത വിജയങ്ങളുടെ കഥകള്‍ മാത്രം. ഇന്ന് ഇന്ത്യയിലെ തന്നെ പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനിയായി ട്രാന്‍സ് ഏഷ്യ മാറിയതിനു പിന്നില്‍ അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനവും നിശ്ചയദാര്‍ഢ്യവുമാണുള്ളത്.

കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ജോണ്‍സണിന്റെ പഠനം. പഠനത്തിനുമപ്പുറം ഒരു ജോലി നേടിയെടുക്കുക എന്നതായിരുന്നു ജോണ്‍സണിന്റെ മനസില്‍. അച്ഛന്റെ അനുവാദത്തോടെ ബികോം സ്വയം പഠിച്ച് ബിരുദമെടുക്കുന്നതിന് അദ്ദേഹം തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് ഒരു ഷിപ്പിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്നതിനോടൊപ്പം ബിരുദം പൂര്‍ത്തിയാക്കുന്നത്. കെംക ആന്‍ഡ് കമ്പനിയില്‍ ഓഫീസ് അസിസ്റ്റന്റ് ആയിട്ടായിരുന്നു ആ ജോലി.

ബികോം പരീക്ഷ എഴുതുന്നതിനോടൊപ്പം ജോണ്‍സണ്‍ മികച്ച ഒരു ജോലിയ്ക്കായി ശ്രമിക്കുകയും ചെയ്തു. അപ്പോഴേക്കും മൂന്ന് വര്‍ഷത്തെ ജോലി ചെയ്ത പരിചയവും ജോണ്‍സണ്‍ നേടിയെടുത്തിരുന്നു. ഈ അധിക യോഗ്യത തന്നെയായിരുന്നു തന്റെ ജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവ് ഉണ്ടാക്കിയതെന്നാണ് അദ്ദേഹം ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്. തന്നെക്കൊണ്ട് എന്തും ചെയ്യാന്‍ സാധിക്കും എന്ന കാര്യമായിരുന്നു ഇത് ജോണ്‍സണ് മനസിലാക്കിക്കൊടുത്തത്.

ഏഴാം കടലിനുമക്കരെയ്ക്ക്…

പഠനത്തിനുശേഷം തന്റെ പ്രവര്‍ത്തനമണ്ഡലത്തെ അദ്ദേഹം ഗള്‍ഫിലേക്ക് മാറ്റി. അവിടുത്തെ ഷിപ്പിംഗ് മേഖലയിലായിരുന്നു 14 വര്‍ഷം പ്രവര്‍ത്തിച്ചത്. ഒരു സ്വിസ് കമ്പനിയ്ക്കു വേണ്ടിയായിരുന്നു ജോണ്‍സണ്‍ അവിടെ ജോലി ചെയ്തിരുന്നത്. പിന്നീട് ആ കമ്പനിയിലെ റീജിയണല്‍ മാനേജര്‍ പദവിയിലേക്കും അദ്ദേഹമെത്തി. ആ ജോലി ഷിപ്പിംഗ് മേഖലയില്‍ ഒരു അടിത്തറ പാകുന്നതിന് അദ്ദേഹത്തെ ഏറെ സഹായിച്ചു. ജോലിയുടെ എല്ലാ വശങ്ങളും അടുത്തറിയുകയും ഷിപ്പിംഗ് മേഖലയ്ക്ക് എന്താണ് ആവശ്യം എന്ന് മനസിലാക്കുകയും ചെയ്യുന്നതിന് ഈ ജോലി കാരണമായി എന്നു തന്നെ പറയാം.

പ്രവര്‍ത്തന മികവ് കൊണ്ട് സ്ഥാപനത്തിലെ ചെയര്‍മാന്‍ മുതല്‍ എല്ലാവര്‍ക്കും ജോണ്‍സണ്‍ പ്രിയങ്കരനായിരുന്നു. ഇന്ത്യയില്‍ കൂടി പ്രവര്‍ത്തനം തുടങ്ങുക എന്ന ആശയം ആ ഷിപ്പിംഗ് കമ്പനിയില്‍ ഉണ്ടായിരുന്നവരുടെ മനസില്‍ ഉരുത്തിരിയുന്നത് 1992 ലായിരുന്നു. മുമ്പ് ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തിയിരുന്നുവെങ്കിലും അത് പരാജയപ്പെട്ടതുകൊണ്ട്തന്നെ ഇത്തവണ അത് കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ കമ്പനി ഏറെ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തു. ഇന്ത്യയിലെ ഏജന്റ് ആകുന്നതിനു വേണ്ടി ജോണ്‍സണും അപേക്ഷ നല്‍കി. എല്ലാവര്‍ക്കും ജോണ്‍സണെ നന്നായി അറിയാമായിരുന്നതിനാല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ അത് വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ അവര്‍ കണ്ടെത്തിയത് അദ്ദേഹത്തെ തന്നെയായിരുന്നു. ഇരുകൂട്ടര്‍ക്കും തമ്മില്‍ അറിയാമായിരുന്നത് ഇതിനേറെ ഉപകാരപ്രദമാവുകയും ചെയ്തു.

ബിസിനസില്‍ ആദ്യാക്ഷരം കുറിച്ച്

ജോണ്‍സണ്‍ തന്റെ ബിസിനസുമായി ഇന്ത്യയിലേക്ക് തിരികെയെത്തുന്നത് അങ്ങനെയായിരുന്നു. ആദ്യം ദക്ഷിണേന്ത്യയിലായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും അത് പിന്നീട് ഉത്തരേന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്തു. അങ്ങനെ 1998 ല്‍ ഇന്ത്യ മുഴുവനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഏജന്റായി ജോണ്‍സണ്‍ മാറി. അവിടെ നിന്നും തുടങ്ങിയ ട്രാന്‍സ് ഏഷ്യ എന്ന കമ്പനിയുടെ വളര്‍ച്ച പിന്നീട് അസൂയാവഹമായ രീതിയിലുള്ളതായിരുന്നു.

2002 ല്‍ തന്റെ ആദ്യത്തെ കപ്പലായ എംവി കൃപ എന്ന കണ്ടെയ്‌നര്‍ ഇദ്ദേഹം വാങ്ങുകയും ചെയ്തു. പിന്നീട് തൊട്ടടുത്ത വര്‍ഷം നോണ്‍ വെസല്‍ ഓപ്പറേറ്റിംഗ് കണ്ടെയ്‌നര്‍ കാരിയര്‍ എന്ന രീതിയില്‍ ആദ്യത്തെ ലൈനര്‍ സര്‍വ്വീസ് ആരംഭിച്ചു. ഇപ്പോള്‍ 80 ബോട്ടുകളിലായി പതിനെട്ട് രാജ്യങ്ങളിലാണ് ട്രാന്‍സ് ഏഷ്യ എന്ന കമ്പനി തങ്ങളുടെ സേവനങ്ങള്‍ നല്‍കി വരുന്നത്. ആ രാജ്യങ്ങളുടെ കണക്കെടുപ്പ് നടത്തിയാല്‍ അത് ചൈന മുതല്‍ ഇറാഖ് വരെ നീളും.

എംവി കൃപയ്ക്ക് ശേഷം 2008 ല്‍ ഇദ്ദേഹം എംവി കനിവ് എന്ന രണ്ടാമത്തെ കപ്പലും സ്വന്തമാക്കി. പിന്നീട് 2009 ല്‍ അരൂരിനടുത്ത പാണാവള്ളിയില്‍ വെച്ച് സ്വന്തമായ ഷിപ്പ്‌യാര്‍ഡില്‍ വെച്ച് ഒരു കപ്പല്‍ ഉണ്ടാക്കുകയും ചെയ്തു. അത് ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യത്തെ കണ്ടെയ്‌നര്‍ ഷിപ്പ് ആയിരുന്നു. അതിന്റെ നിര്‍മാണത്തിന് ആവശ്യമായ 95 ശതമാനം വസ്തുക്കളും ഇവിടെ തന്നെ തയ്യാറാക്കിയിരുന്നു. അഞ്ച് ശതമാനം വസ്തുക്കള്‍ മാത്രമേ ഇറക്കുമതി ചെയ്യേണ്ടി വന്നിട്ടുള്ളൂ.

എന്നാല്‍ ആ കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികളെയാണ് ഇദ്ദേഹത്തിന് അതിജീവിക്കേണ്ടതായി വന്നത്. കപ്പലില്‍ സ്ഥാപിച്ച ഗിയര്‍ബോക്‌സ് മാറ്റി ഒരു ഇറ്റാലിയന്‍ നിര്‍മിത കമ്പനിയുടെ ഗിയര്‍ബോക്‌സ് സ്ഥാപിക്കണമെന്നായിരുന്നു ഉന്നതതലങ്ങളില്‍ നിന്നുമുള്ള ആവശ്യം. ഈ പ്രശ്‌നം ഉണ്ടാക്കിയ സമ്മര്‍ദം ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊക്കെ കാരണമാക്കിയെങ്കിലും അതിനൊന്നും മുമ്പില്‍ തല കുനിക്കുന്നതിന് അദ്ദേഹം തയ്യാറല്ലായിരുന്നു. ഉണ്ടായിരുന്ന പ്രതിസന്ധികളെയൊക്കെ പരിഹരിച്ച് തന്റെ കപ്പല്‍ നിര്‍മാണം പൂര്‍ത്തിയാക്കി അദ്ദേഹം അത് പ്രവര്‍ത്തിപ്പിക്കുക തന്നെ ചെയ്തു.

ലോജിസ്റ്റികില്‍ ട്രാന്‍സ് ഏഷ്യ

‘ലോജിസ്റ്റിക്‌സ് മേഖലയില്‍ ഏറ്റവും ആവശ്യം 100 കിലോമീറ്റര്‍ ദൂരപരിധിയ്ക്കുള്ളിലെങ്കിലും ഒരു തുറമുഖം ഉണ്ടാവുക എന്നതാണ്. ഇക്കാര്യത്തില്‍ കേരളം ഏറെ മുന്നിലാണ്. മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെയുള്ള കണക്കെടുപ്പ് നടത്തിയാല്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും തുറമുഖങ്ങളും ഇവിടെയുണ്ട്. അതിനാല്‍ തന്നെ ലോജിസ്റ്റിക്‌സ് വ്യവസായം നടത്തുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കേരളം,’ ജോണ്‍സണ്‍ മാത്യു പറയുന്നു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരം സൗകര്യങ്ങള്‍ ലഭ്യമല്ലെന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നത്. എന്നാല്‍ നമ്മുടെ കേരളത്തില്‍ ഇത്തരം സൗകര്യങ്ങള്‍ ഉണ്ടെന്നകാര്യത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ലെന്നതാണ് പ്രധാനം.

കേരളത്തിലെ സംരംഭകരുടെ കണക്കെടുത്താല്‍ അത് ചെറിയൊരു ശതമാനം മാത്രമാണ്. അതില്‍ ഒരാളാണ് ജോണ്‍സണും. 1993 ല്‍ കൊച്ചിയില്‍ ചെറിയ കമ്പനിയായി തുടങ്ങി ഇന്ന് 600 കോടി വിറ്റുവരവ് നേടുന്നതിലേക്ക് എത്തിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ജോണ്‍സണ്‍ മാത്യു എന്ന സംരംഭകന്റെ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും തന്നെയാണുള്ളത്. ഈ വിറ്റുവരവ് ആയിരം കോടി എന്ന വലിയ സംഖ്യയിലേക്ക് എത്തിക്കുകയാണ് ഇദ്ദേഹം മനസില്‍ കാണുന്നതും.

ആരോഗ്യപരമായതും അനാരോഗ്യപരമായതുമായ മത്സരങ്ങളെയാണ് ഇന്ന് ട്രാന്‍സ് ഏഷ്യയ്ക്ക് നേരിടേണ്ടതായുള്ളത്. കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള കമ്പനി ഇപ്പോള്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ലോജിസ്റ്റിക്‌സ് കമ്പനിയായി മാറുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

ജോണ്‍സണ്‍ മാത്യു,  മാനേജിംഗ് ഡയറക്റ്റര്‍,  ട്രാന്‍സ് ഏഷ്യ

” ലോജിസ്റ്റിക്‌സ് മേഖലയില്‍ ഏറ്റവും ആവശ്യം 100 കിലോമീറ്റര്‍ ദൂരപരിധിയ്ക്കുള്ളിലെങ്കിലും ഒരു തുറമുഖം ഉണ്ടാവുക എന്നതാണ്. ഇക്കാര്യത്തില്‍ കേരളം ഏറെ മുന്നിലാണ്. മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെയുള്ള കണക്കെടുപ്പ് നടത്തിയാല്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും തുറമുഖങ്ങളും ഇവിടെയുണ്ട്. അതിനാല്‍ തന്നെ ലോജിസ്റ്റിക്‌സ് വ്യവസായം നടത്തുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കേരളം.”

 

 

Comments

comments