കൊക്കകോള എഫ്എസ്എസ്എഐയുമായി ധാരണാപത്രം ഒപ്പുവെച്ചു

കൊക്കകോള എഫ്എസ്എസ്എഐയുമായി ധാരണാപത്രം ഒപ്പുവെച്ചു

ഭക്ഷ്യസുരക്ഷയില്‍ തെരുവ് കച്ചവടക്കാര്‍ക്ക് പരിശീലനം നല്‍കും

ന്യൂഡെല്‍ഹി: കൊക്കകോള ഇന്ത്യ കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗമായ എഫ്എസ്എസ്എഐ (ഫൂഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യുമായി കൈകോര്‍ക്കുന്നുു. രാജ്യത്തെ തെരുവുകളില്‍ ഭക്ഷണം വില്‍പ്പന നടത്തുന്ന 50,000 കച്ചവടക്കാര്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പരിശീലനം നല്‍കുന്നതിനു വേണ്ടിയാണ് കൊക്കകോള ഇന്ത്യ എഫ്എസ്എസ്എഐ യുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഭക്ഷ്യ സുരക്ഷ, ശുചിത്വം, മാലിന്യ സംസ്‌കരണം തുടങ്ങിയവയില്‍ കച്ചവടക്കാര്‍ക്ക് പരിശീലനം നല്‍കാനാണ് തീരുമാനം.

സാധാരണഗതിയില്‍ ഒരു വ്യവസായ മേഖലയുടെ നിയന്ത്രണ ചുമതലയുള്ള അതോറിറ്റിയും കമ്പനികളും തമ്മില്‍ സഹകരണം നടക്കാറില്ല. നിയമം രൂപീകരിക്കുകയും കമ്പനികള്‍ അത് അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് റെഗുലേറ്റര്‍ അതോറിറ്റിയുടെ ചുമതല. എന്നാല്‍, എല്ലാ ഇന്ത്യക്കാര്‍ക്കും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുണമെന്നുള്ള പ്രാഥമിക ദൗത്യത്തില്‍ കമ്പനികള്‍ക്കും പങ്കാളികളാകാന്‍ കഴിയുമെന്നാണ് എഫ്എസ്എസ് എഐ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ പവന്‍ കുമാര്‍ അഗര്‍വാള്‍ വിശ്വസിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കൊക്കോകോള ഇന്ത്യയുടെ സഹകരണം സ്വീകരിക്കാന്‍ എഫ്എസ്എസ്എഐ തയാറാകുന്നത്.

ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തികൊണ്ട് എങ്ങനെ ഭക്ഷണം പാകം ചെയ്യാം, ശുചിത്വം ഉറപ്പുവരുത്തുന്നത് എങ്ങനെ, മാലിന്യ സംസ്‌ക്കരണം തുടങ്ങിയ കാര്യങ്ങളിലാണ് കമ്പനി കച്ചവടക്കാര്‍ക്ക് പരിശീലനം നല്‍കുക. പരിശീലന പദ്ധതികള്‍ സംബന്ധിച്ച് കൊക്കകോള ഇന്ത്യയും ഭക്ഷ്യ സുരക്ഷാ വിഭാഗവും അന്തിമ തീരുമാനമെടുത്തതായാണ് വിവരം. ലുധിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ അടുത്ത മാസം പരിശീലന പരിപാടികള്‍ ആരംഭിക്കും. കമ്പനിയെ സംബന്ധിച്ചിടത്തോളം റീട്ടെയ്‌ലര്‍മാര്‍ക്ക് ട്രെയ്‌നിംഗ് നല്‍കുന്നതില്‍ പുതുമയില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയിലെ 3,50,000 റീട്ടെയ്‌ലര്‍മാര്‍ക്ക് കൊക്കകോള പരിശീലനം നല്‍കുന്നുണ്ടെന്നും, എന്നാല്‍ തെരുവ് കച്ചവടക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ പോകുന്നത് ആദ്യമായാണെന്നും കൊക്കകോള പ്രസിഡന്റ് (ഇന്ത്യ, സൗത്ത് വെസ്റ്റ് ഏഷ്യ) വെങ്കടേഷ് കിനി പറഞ്ഞു.

കൊക്കകോള മാത്രമല്ല നെസ്‌ലെ ഇന്ത്യ ലിമിറ്റുഡും ഭക്ഷ്യ സുരക്ഷയില്‍ കച്ചവടക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഫുഡ് റെഗുലേറ്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഗോവയിലെ 700 തെരുവ് കച്ചവടക്കാര്‍ക്ക് പരിശീലനം നല്‍കാനുള്ള ഉദ്യമത്തിലാണ് നെസ്‌ലെ. ഭക്ഷ്യ സുരക്ഷയില്‍ ആശങ്ക ചൂണ്ടിക്കാട്ടി 2015ല്‍ നെസ്‌ലെയുടെ മാഗി നൂഡില്‍സ് അതോറിറ്റി ആറ് മാസക്കാലം നിരോധിച്ചിരുന്നു. ഇവയ്ക്ക് പുറമെ ഐടിസി ലിമിറ്റഡ്, മോഡ്‌ലെസ് ഇന്ത്യ, ടെട്രപാക്, ജുബിലന്റ് ഫൂഡ് വര്‍ക്ക്‌സ്, യം ബ്രാന്‍ഡ്‌സ് തുടങ്ങിയ കമ്പനികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പവന്‍ കുമാര്‍ അഗര്‍വാള്‍ അറിയിച്ചു.

Comments

comments

Categories: Business & Economy