റീഫര്‍ബിഷ്ഡ് ഗാലക്‌സി നോട്ട് 7 വില്‍പ്പനക്കെത്തിക്കുമെന്ന് സാംസംഗ്

റീഫര്‍ബിഷ്ഡ് ഗാലക്‌സി നോട്ട് 7 വില്‍പ്പനക്കെത്തിക്കുമെന്ന് സാംസംഗ്

സിയോള്‍: ബാറ്ററി പ്രശ്‌നങ്ങള്‍ മൂലം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉല്‍പ്പാദനം നിര്‍ത്തി വെച്ച ഗാലക്‌സി നോട്ട് 7 വിപണിയിലേക്ക് തിരിച്ചെത്തിക്കാന്‍ ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക് ഭീമന്‍ സാംസംഗ് ഒരുങ്ങുന്നു. മൂന്നു മില്യണ്‍ റീഫര്‍ബിഷ്ഡ്(തിരിച്ചയക്കപ്പെട്ടവയില്‍ നവീകരണം നടത്തിയത്) ഗാലക്‌സി നോട്ട് 7 വിപണിയിലെത്തിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഏതൊക്കെ രാജ്യങ്ങളില്‍ ഏതു സമയത്താണ് വില്‍പ്പന ആരംഭിക്കേണ്ടതെന്ന കാര്യത്തില്‍ കമ്പനി അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. വിവിധ രാജ്യങ്ങളിലെ റെഗുലേറ്ററി സംവിധാനങ്ങളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും പ്രദേശിക ആവശ്യകത കണക്കിലെടുത്തുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

സാംസംഗ് നോട്ട് 7ന്റെ വില്‍പ്പന നിര്‍ത്തിവച്ചതോടെ കെട്ടിക്കിടക്കുന്ന യൂണിറ്റുകളില്‍ റീഫര്‍ബിഷ് സാധ്യതയുള്ളവ ഒരുക്കിയെടുത്തതിനൊപ്പം ചില ഡിവൈസുകളുടെ ഉപയോഗിക്കാവുന്ന കണ്ടന്റുകള്‍ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. സെമി കണ്ടക്റ്റര്‍, ക്യാമറ മൊഡ്യൂള്‍സ് തുടങ്ങിയവ, പുതിയ മോഡലുകളുടെ പരീക്ഷണങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നു. ഈ യൂണിറ്റുകളിലെ മൂല്യമുള്ള ലോഹ ഭാഗങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിന് വിവിധ കമ്പനികളെ സമീപിക്കുമെന്നും സാംസംഗ് വ്യക്തമാക്കി.

2016 ഓഗസ്റ്റ് 19നാണ് ഫാബ്‌ലെറ്റ് ശ്രേണിയിലുള്ള ഗാലക്‌സി നോട്ട് 7 സാംസംഗ് പുറത്തിറക്കിയത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബാറ്ററി പൊട്ടിത്തെറിക്കുന്നതായും ചാര്‍ജിങ് സമയത്ത് ഫോണിന് തീ പിടിക്കുന്നതായുമുള്ള റിപ്പോര്‍ട്ടുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചു. ഇതേ തുടര്‍ന്ന് നാല് മില്യണ്‍ ഫോണുകളാണ് കമ്പനി തിരികെ വിളിച്ചത്. മാറ്റി നല്‍കിയ ഫോണുകള്‍ക്കും തീപിടിച്ച സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഒക്‌റ്റോബറില്‍ ഗാലക്‌സി നോട്ട് 7 ന്റെ ഉല്‍പ്പാദനവും വില്‍പ്പനയും സാംസങ് നിര്‍ത്തിവെക്കുകയായിരുന്നു. 5.42 ബില്യണ്‍ ഡോളറാണ് ഇത് മൂലം കമ്പനിക്ക് നഷ്ടം സംഭവിച്ചത്. ഫോണില്‍ ഉപയോഗിച്ച ലിഥിയം അയണ്‍ ബാറ്ററികളാണ് തീ പിടിത്തത്തിന് കാരണമെന്ന് സാംസങ് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Comments

comments