പോര്‍ഷെ, മെഴ്‌സിഡസ്-ബെന്‍സ് പെര്‍ഫോമന്‍സ് കാറുകള്‍ വാങ്ങാം

പോര്‍ഷെ, മെഴ്‌സിഡസ്-ബെന്‍സ് പെര്‍ഫോമന്‍സ് കാറുകള്‍ വാങ്ങാം

ആകര്‍ഷകമായ വില ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും പെര്‍ഫോമന്‍സ് കാറുകളോടുള്ള താല്‍പ്പര്യം വര്‍ദ്ധിക്കുന്നതിന് സഹായിച്ചു

മുംബൈ : ഒരു പെര്‍ഫോമന്‍സ് കാര്‍ സ്വന്തമാക്കുന്നത് ഇന്ത്യയില്‍ ഒരുപക്ഷേ മുമ്പൊരിക്കലും ഇത്ര എളുപ്പമായിരുന്നിരിക്കില്ല. ജര്‍മ്മന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ, മെഴ്‌സിഡസ്-ബെന്‍സ് എന്നിവ ഇന്ത്യയില്‍ ഇതിനകം അവതരിപ്പിച്ച പെര്‍ഫോമന്‍സ് കാറുകളുടെ എന്‍ട്രി-ലെവല്‍ മോഡല്‍ വില പരിശോധിക്കുന്നത് രസകരമാണ്. ഈ കമ്പനികളുടെ ഫുള്‍-ഫീച്ചര്‍ പെര്‍ഫോമന്‍സ് കാറുകളേക്കാള്‍ പകുതി വില മാത്രമേ എന്‍ട്രി-ലെവല്‍ മോഡലുകള്‍ക്കുള്ളൂ എന്നതാണ് സവിശേഷത. ടാറ്റ മോട്ടോഴ്‌സും പുതിയ എന്‍ട്രി-ലെവല്‍ മോഡല്‍ പെര്‍ഫോമന്‍സ് കാര്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു.

ഫീച്ചറുകള്‍ പരമാവധി ഒഴിവാക്കിയുള്ള പെര്‍ഫോമന്‍സ് കാറുകള്‍ കൊണ്ടുവരുന്നതില്‍ വിയോജിപ്പ് ഉയര്‍ന്നേക്കാം. എന്നാല്‍ ഈ കാറുകള്‍ ഇന്ത്യയിലെ പാതകള്‍ക്കും ഡ്രൈവിംഗ് സാഹചര്യങ്ങള്‍ക്കും അനുയോജ്യമെന്നാണ് കാര്‍ നിര്‍മ്മാതാക്കളുടെ നിലപാട്.

കഴിഞ്ഞ ആറ് മാസത്തിനിടെ 2-ലിറ്റര്‍ എന്‍ജിന്‍ ഓപ്ഷനുകളുമായി മകാന്‍ ആര്‍4, 718 ബോക്‌സ്‌റ്റെര്‍, 718 കേമാന്‍ മോഡലുകള്‍ പോര്‍ഷെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. പരമ്പരാഗത 3-ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ച മോഡലുകളേക്കാള്‍ ഈ വാഹനങ്ങള്‍ക്ക് 20-23 ശതമാനം വില കുറവായിരുന്നു. വലിയ എന്‍ജിന്‍ വേര്‍ഷനുകള്‍ക്ക് 170 ശതമാനം ഇറക്കുമതി ചുങ്കം അടയ്ക്കണമായിരുന്നെങ്കില്‍ 2-ലിറ്റര്‍ എന്‍ജിനുകള്‍ക്ക് 120 ശതമാനം മതി. ഈ വ്യത്യാസമാണ് കാറുകളുടെ വിലയില്‍ പ്രതിഫലിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ S43AMG, SLC 43AMG, GLE43AMG എന്നീ മോഡലുകളാണ് മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇവരുടെ 63AMG സീരീസിനേക്കാള്‍ പകുതി വില മാത്രമേ ഈ മോഡലുകള്‍ക്കുള്ളൂ. നേരത്തെ ഡീസല്‍ എന്‍ജിന്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ ഈ കാറുകള്‍ 3-ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും ലഭ്യമാണ്.

ആകര്‍ഷകമായ വില ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും പെര്‍ഫോമന്‍സ് കാറുകളോടുള്ള ആളുകളുടെ താല്‍പ്പര്യം വര്‍ദ്ധിക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്ന് മെഴ്‌സിഡസ്-ബെന്‍സ് അധികൃതര്‍ പറഞ്ഞു. കോടീശ്വരന്‍മാരുടെ പട്ടിക അതിവേഗം വളരുകയും അടിസ്ഥാനസൗകര്യ വികസനം അതിനനുസരിച്ച് നടക്കാതിരിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ഹൈ-പെര്‍ഫോമന്‍സ് കാറുകള്‍ക്ക് ധാരാളം ആവശ്യക്കാരുണ്ട്. എന്നാല്‍ വര്‍ധിച്ചുവരുന്ന ആവശ്യകത നേരിടുന്നതിന് ഇത്തരം എന്‍ട്രി-ലെവല്‍ മോഡലുകളാണ് പ്രായോഗിക പരിഹാരമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാതകള്‍ വെല്ലുവിളിയായിരിക്കേ, ഇന്ത്യയിലെ സ്‌പോര്‍ട്‌സ് കാര്‍ ഡ്രൈവറിന് കാറിന്റെ പൂര്‍ണ്ണശേഷിയില്‍ വാഹനമോടിക്കാന്‍ കഴിയുന്നത് വളരെ ചുരുക്കമായിരിക്കുമെന്ന് ഇവര്‍ പറയുന്നു.

പാതകളുടെ ശോച്യാവസ്ഥ കാരണം C63 AMG കാര്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ ഉപയോക്താവിന് കഴിയില്ലെന്നും പെര്‍ഫോമന്‍സും പ്രായോഗികതയും പരിഗണിക്കുമ്പോള്‍ C43 AMG ആണ് കൂടുതല്‍ നല്ലതെന്നും മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യാ മേധാവി റോളണ്ട് ഫോള്‍ഗര്‍ വ്യക്തമാക്കി. ഇന്ത്യയിലെ തങ്ങളുടെ പെര്‍ഫോമന്‍സ് കാറുകളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നത് 43AMG ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വലിയ ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് തങ്ങളുടെ പെര്‍ഫോമന്‍സ് കാറുകളുടെ എന്‍ട്രി-ലെവല്‍ മോഡലുകളുമായി രംഗത്തെത്താന്‍ വാഹന നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്. ദേശീയ തലസ്ഥാന മേഖലയില്‍ 2-ലിറ്റര്‍ എന്‍ജിന് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നിരോധനം പിന്നീട് നീക്കിയെങ്കിലും തുടര്‍ന്നും ഇത്തരം സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് വാഹന നിര്‍മ്മാതാക്കള്‍ അതനുസരിച്ച് നീങ്ങുകയാണ് ചെയ്തത്.

ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി എന്നിവര്‍ 2-ലിറ്ററിന് താഴെ എന്‍ജിന്‍ ശേഷിയുള്ള പെട്രോള്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചിരുന്നു. ഈ കമ്പനികളുടെ ഉല്‍പ്പന്നനിരയില്‍ ഇപ്പോള്‍ ഈ മോഡലുകള്‍ക്കാണ് പ്രഥമ സ്ഥാനം. 2-ലിറ്റര്‍ എന്‍ജിന്‍, 4-സിലിണ്ടര്‍ തന്ത്രം മികച്ച രീതിയിലാണ് ഇന്ത്യയില്‍ വിജയം നേടുന്നതെന്ന് ഇന്ത്യയിലെ പോര്‍ഷെ മേധാവി പവന്‍ ഷെട്ടി പറഞ്ഞു.

പോര്‍ഷെ ഇന്ത്യയില്‍ വിറ്റഴിക്കുന്ന വാഹനങ്ങളുടെ ആകെ വിഹിതത്തില്‍ 718 കേമാന്‍, ബോക്‌സ്‌റ്റെര്‍ എന്നിവയുടെ പങ്ക് നേരത്തെയുള്ള 5 ശതമാനത്തില്‍നിന്ന് 15 ശതമാനമായി വര്‍ധിച്ചു. 2017 ല്‍ അമ്പത് മകാന്‍ ആര്‍4 കാറുകള്‍ വില്‍ക്കുന്നതോടെ ഈ കാറിന്റെ വില്‍പ്പനയില്‍ അഞ്ച് മടങ്ങ് വര്‍ധനയാണ് കൈവരിക്കാന്‍ പോകുന്നത്. 2017 ല്‍ 2-ലിറ്റര്‍ കാറുകള്‍ 20 ശതമാനം ബിസിനസ് കൊണ്ടുവരുമെന്ന് ഷെട്ടി പറഞ്ഞു. മൂന്ന് വര്‍ഷത്തിനിടെ ഇപ്പോള്‍ വളര്‍ച്ച പ്രതീക്ഷിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മെഴ്‌സിഡസ്-ബെന്‍സിന്റെ കാര്യമെടുത്താല്‍ 43 AMG മോഡലുകളാണ് ആഗോളതലത്തില്‍ ഏറ്റവുമധികം വിറ്റുപോകുന്നത്. 2016 ല്‍ ആകെ ഒരു ലക്ഷത്തിലധികം AMG കാറുകള്‍ വിറ്റഴിച്ചു. മെഴ്‌സിഡസ്-ബെന്‍സും പോര്‍ഷെയും ഈ വര്‍ഷം ഇന്ത്യയില്‍ കൂടുതല്‍ കാറുകള്‍ പുറത്തിറക്കാനാണ് തയ്യാറെടുക്കുന്നത്. മെഴ്‌സിഡസ്-ബെന്‍സ് ഒരു ഡസന്‍ കാറുകള്‍ പുറത്തിറക്കിയേക്കും. പോര്‍ഷെ വൈകാതെ തന്നെ GT3 അവതരിപ്പിക്കും. അടുത്ത വര്‍ഷം പനമേര ഡീസല്‍ പുറത്തിറക്കുന്ന പോര്‍ഷെ ചെന്നെയിലും ഹൈദരാബാദിലും പുതിയ ഡീലര്‍ഷിപ്പുകള്‍ തുറന്നിട്ടുണ്ട്. പട്ടണങ്ങളിലും ചെറു നഗരങ്ങളിലും ഡിജിറ്റല്‍ ഇന്റര്‍ഫേസുമായി ചെറിയ ബൂട്ടീക് ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനും പോര്‍ഷെ ആലോചിക്കുന്നു.

 

Comments

comments

Categories: Auto