ഇ-രാജ ബ്രാന്‍ഡില്‍ എട്ട് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കി ഒകെ പ്ലേ

ഇ-രാജ ബ്രാന്‍ഡില്‍ എട്ട് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കി ഒകെ പ്ലേ

ഈ വാഹനങ്ങള്‍ അടുത്ത മാസം വിപണിയിലെത്തും

ന്യൂ ഡെല്‍ഹി : പ്ലാസ്റ്റിക് കംപോണന്റ്‌സ് നിര്‍മ്മാതാക്കളായ ‘ഒകെ പ്ലേ ഇന്ത്യ’ എട്ട് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കി. ഇ-രാജ എന്ന ബ്രാന്‍ഡിലാണ് പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ വിപണിയിലെത്തിച്ചത്. 1.25 ലക്ഷത്തിനും 1.5 ലക്ഷം രൂപയ്ക്കുമിടയിലാണ് വാഹനങ്ങളുടെ വില.

ആറ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും കമ്പനി പ്രദര്‍ശിപ്പിച്ചു. സര്‍ക്കാരിന്റെ അനുമതി ലഭിച്ചശേഷം ഈ ഇരുചക്ര വാഹനങ്ങള്‍ വിപണിയിലെത്തിക്കും.

2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമായി മാറുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യത്തിന് ഉറച്ച പിന്തുണ നല്‍കിയാണ് ബഹുവിധ ഉപയോഗം സാധ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കിയതെന്ന് ഒകെ പ്ലേ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ രാജന്‍ ഹാണ്ട പറഞ്ഞു. ഈ വാഹനങ്ങള്‍ അടുത്ത മാസം വിപണിയിലെത്തും. എന്നാല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് സമയമെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചശേഷമേ ഇവ വിപണിയിലെത്തിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി (ഐസിഎടി) അംഗീകരിച്ച ഇ-രാജ വാഹനങ്ങള്‍ പൂര്‍ണ്ണമായും തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചതാണ്.

ഇ-റിക്ഷാ, ഇ-വെന്‍ഡിംഗ് കാര്‍ട്ട്, ഇ-മൊബീല്‍ ഷോപ്പ്, ഇ-ലോഡര്‍, ഇ-ഗാര്‍ബേജ് കളക്റ്റര്‍, ഇ-സ്‌കൂള്‍ ബസ്സ്, ഇ-സ്‌കൂട്ടര്‍ എന്നിവയാണ് പുറത്തിറക്കിയിരിക്കുന്നത്.

രാജ്യത്തെ തങ്ങളുടെ ആറ് ഉല്‍പ്പാദന കേന്ദ്രങ്ങളില്‍നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കാനാണ് ഒകെ പ്ലേ തീരുമാനിച്ചിരിക്കുന്നത്.

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നാല് ഉല്‍പ്പാദന കേന്ദ്രങ്ങള്‍ കൂടി തുറക്കും. ഈ വാഹനങ്ങളുടെ കയറ്റുമതി സാധ്യത ആലോചിച്ചുവരികയാണെന്നും പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ വിപണികളാണ് പരിഗണിക്കുന്നതെന്നും രാജന്‍ ഹാണ്ട വ്യക്തമാക്കി.

ഡീലര്‍ ശൃംഖലയിലൂടെയും സബ് ഡീലര്‍മാരിലൂടെയും ഒകെ പ്ലേ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കും. നിലവില്‍ കമ്പനിക്ക് പതിനാറ് ഡീലര്‍മാരുണ്ട്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഡീലര്‍മാരുടെ എണ്ണം 1,500 ആയി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

Comments

comments

Categories: Auto