ഓഹരിവിപണിയെ കാത്തിരിക്കുന്നത് 20,000 കോടി രൂപയുടെ ഐപിഒകള്‍

ഓഹരിവിപണിയെ കാത്തിരിക്കുന്നത് 20,000 കോടി രൂപയുടെ ഐപിഒകള്‍

അഞ്ച് കമ്പനികളുടെ ഐപിഒയ്ക്ക് സെബി അനുമതി നല്‍കിക്കഴിഞ്ഞു

ന്യൂഡല്‍ഹി: ബിസിനസ് വികാസത്തിനും പ്രവര്‍ത്തന മൂലധന ആവശ്യത്തിനുമായി കമ്പനികള്‍ വന്‍തോതില്‍ ഐപിഒകളിലേക്ക് തിരിയുന്നത് മൂലം വരും മാസങ്ങളില്‍ 20,000 കോടി രൂപ ദലാല്‍ സ്ട്രീറ്റിലേക്ക് ഒഴുകും. 2016ല്‍ ഓഹരിവിപണിയില്‍ വിവിധ പ്രാഥമിക ഓഹരി വില്‍പ്പനകളിലൂടെയുള്ള നിക്ഷേപ സമാഹരണം 20,000 കോടി രൂപ കടന്നിരുന്നു. 6 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന ഐപിഒ ഫണ്ട് സമാഹരണമായിരുന്നു ഇത്.ഹഡ്‌കോ, എന്‍എസ്ഇ, സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡ്, നക്ഷത്ര വേള്‍ഡ്, കൊച്ചിന്‍ ഷിപ്പയാര്‍ഡ് എന്നിവ വരും മാസങ്ങളില്‍ ഐപിഒ പ്രഖ്യാപിച്ചിട്ടുള്ള കമ്പനികളുടെ പട്ടികയിലുണ്ട്. ഇക്വിറ്റി ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ തങ്ങളുടെ ബ്രാന്‍ഡ് നെയിം ഉയരുമെന്നും നിലവിലുള്ള ഓഹരിയുടമകള്‍ക്ക് ഇത് അനായാസേന പണമാക്കി മാറ്റാന്‍ സാധിക്കുമെന്നും ചില കമ്പനികള്‍ വിശ്വസിക്കുന്നു.

നിവലില്‍ ഹഡ്‌കോ, സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡ്, എസ് ചന്ദ് ആന്റ് കമ്പനി, ജെനെസിസ് കളേഴ്‌സ് ആന്റ് സെക്യൂരിറ്റി, ഇന്റലിജന്‍സ് സര്‍വീസസ് (ഇന്ത്യ) ലിമിറ്റഡ് എന്നീ അഞ്ച് കമ്പനികളുടെ ഐപിഒയ്ക്ക് സെബി അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ ജിടിപിഎല്‍ ഹാത്‌വേ, എന്‍എസ്ഇ, ഭാരത് റോഡ് നെറ്റ്‌വര്‍ക്ക്, തേജസ് നെറ്റ്‌വര്‍ക്ക്‌സ്, ഈറിസ് ലൈഫ്‌സയന്‍സെസ്, സലാസര്‍ ടെക്‌നോ എന്‍ജിനിയറിംഗ്, എയു ഫിനാന്‍സിയേഴ്‌സ്, പ്രതാപ് സ്‌നാക്‌സ്, പിഎസ്പി പ്രോജക്ട്‌സ് എന്നിവ ഉള്‍പ്പെടെ 11 കമ്പനികള്‍ സെബിയുടെ അനുമതിക്കായി കാത്തിരിക്കുന്നുണ്ട്. ഈ കമ്പനികളുടെയെല്ലാം ഐപിഒകളുടെ മൊത്തം മൂല്യം 20,000 കോടി മറികടക്കുമെന്നാണ്. പ്രതീക്ഷിക്കുന്നത്. മാത്രമല്ല എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് പോലുള്ള കമ്പനികള്‍ സമീപഭാവിയില്‍ ഐപിഒ പേപ്പറുകള്‍ ഫയല്‍ ചെയ്യുമെന്നാണ് പ്രതീക്ഷ.

രാജ്യത്തെ പ്രധാന ഓഹരിവിപണികളില്‍ ഒന്നായ ബിഎസ്ഇ, ഡി മാര്‍ട്ട് റീട്ടെയ്ല്‍ ശൃഖലയുടെ ഉടമസ്ഥരായ അവന്യൂ സൂപ്പര്‍മാര്‍ട്‌സ് എന്നിവയുടെ ഐപിഒകള്‍ക്ക് വന്‍വരവേല്‍പ്പാണ് ലഭിച്ചിരുന്നത്. ഐപിഒ വഴി 10,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് എന്‍എസ്ഇയുടെ കണക്ക്കൂട്ടല്‍. മാര്‍ക്കറ്റ് നിയന്ത്രിതാവായ സെബി കമ്പനികളുടെ പ്രാഥമിക ഓഹരികള്‍ വില്‍ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റീട്ടെയ്‌ലര്‍മാര്‍ അടക്കമുള്ള നിക്ഷേപകര്‍ക്ക് അസ്ബ ( ഓഹരി അനുവദിച്ചുകിട്ടിയാല്‍ മാത്രം എക്കൗണ്ടില്‍നിന്നു പണമെടുക്കുന്ന സംവിധാനം) നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ വിപണിയിലെ സെബിയുടെ സമീപനം തട്ടിപ്പുകാരെക്കുറിച്ചുള്ള നിക്ഷേപകരുടെ ഭയത്തെയും മാറ്റുന്നു.

Comments

comments

Categories: Top Stories

Related Articles