അനുവദിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ താമസക്കാരുള്ള ഫ്‌ളാറ്റുകള്‍ക്കെതിരേ നടപടിയുമായി ദുബായ്

അനുവദിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ താമസക്കാരുള്ള ഫ്‌ളാറ്റുകള്‍ക്കെതിരേ നടപടിയുമായി ദുബായ്

പാം ജുമൈറ, ജുമൈറ ലേക്ക്‌സ് ടവര്‍, ഇന്റര്‍നാഷണല്‍ സിറ്റി, ഡിസ്‌കവറി ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ ട്രക്കീസ് പരിശോധന നടത്തും

ദുബായ്: അപ്പാര്‍ട്ട്‌മെന്റുകളില്‍ അനുവദിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്നുണ്ടോയെന്നറിയാന്‍ ദുബായിലെ പ്രധാന മേഖലകളില്‍ പരിശോധന നടത്തുമെന്ന് ഗവണ്‍മെന്റ് സ്ഥാപനമായ ട്രക്കീസ് പറഞ്ഞു. പ്രധാനപ്പെട്ട റസിഡന്‍ഷ്യല്‍ മേഖലകളായ പാം ജുമൈറ, ജുമൈറ ലേക്ക്‌സ് ടവര്‍, ഇന്റര്‍നാഷണല്‍ സിറ്റി, ഡിസ്‌കവറി ഗാര്‍ഡന്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുക.

റസിഡന്‍ഷ്യല്‍ യൂണിറ്റുകളില്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്നത് പ്രത്യേക നിര്‍മാണ മേഖലകളിലെ കമ്മ്യൂണിറ്റി നിയമങ്ങളുടെ ലംഘനമാണെന്ന് അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍ക്ക് അയച്ച നോട്ടീസില്‍ ട്രക്കീസ് പറയുന്നു. ഒരാള്‍ക്ക് 200 സക്വയര്‍ ഫീറ്റ് എന്ന കണക്കിലാണ് അപ്പാര്‍ട്ട്‌മെന്റുകളിലും വില്ലകളിലേയും ഏറ്റവും കൂടിയ ഒക്കുപന്‍സി ലിമിറ്റ്. യൂണിറ്റിന്റെ വലുപ്പത്തിനനുസരിച്ചാണ് ഓരോ പ്രോപ്പര്‍ട്ടിയിലേയും ആളുകളുടെ എണ്ണം കണക്കാക്കുന്നത്.

പ്രോപ്പര്‍ട്ടികളില്‍ നിയമം പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കാനായി ക്രമമായതും അപ്രതീക്ഷിതവുമായ പരിശോധനകള്‍ നടത്തുമെന്നും നിയമലംഘനം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പിഴ ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നു. അനുവദിച്ച സമയത്തിനുള്ളില്‍ തെറ്റുതിരുത്തിയില്ലെങ്കില്‍ ആ യൂണിറ്റിനുള്ള എല്ലാ സേവനങ്ങളും ഇല്ലാതാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ട്രക്കീസ് മുന്നോട്ടുവച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് സ്റ്റുഡിയോ യൂണിറ്റുകളില്‍ രണ്ടോ മൂന്നോ പേര്‍ക്കാണ് പരമാവധി താമസിക്കാന്‍ കഴിയുന്നത്. വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളില്‍ നാലോ അഞ്ചോ പേര്‍ക്കും ടു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളില്‍ ആറോ ഏഴോ പേര്‍ക്കും താമസിക്കാം.

അപ്പാര്‍ട്ട്‌മെന്റ് യൂണിറ്റിലെ താമസക്കാരന്‍ നിയമലംഘനം തുടരുകയോ അനുവദിച്ചിരിക്കുന്ന താമസക്കാരേക്കാള്‍ രണ്ടിരട്ടി ആളുകളുണ്ടെന്ന് പരിശോധനയില്‍ തെളിയുകയായോ ചെയ്താല്‍ ഉടന്‍ തന്നെ പിഴ ഈടാക്കുമെന്ന് പ്രമുഖ നിര്‍മാതാക്കളായ നഖീല്‍ പ്രോപ്പര്‍ട്ടി അറിയിച്ചു. യൂണിറ്റില്‍ നിന്ന് നിയമലംഘനം നടന്നെന്ന് രണ്ടാമത് റിപ്പോര്‍ട്ട് വന്നാലും ശിക്ഷ ഉറപ്പാണെന്ന് നഖീല്‍.

പിഴ ശിക്ഷയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ 272 ഡോളര്‍ മുതല്‍ 13,624 ഡോളര്‍ വരെ പിഴ ഈടാക്കുമെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.

മാര്‍ച്ചിലും ജൂലൈയിലും ആളുകള്‍ കൂടുതല്‍ താമസിക്കുന്ന 80 ബാച്ചിലര്‍ റസിഡന്‍സുകളില്‍ ദുബായ് മുന്‍സിപ്പാലിറ്റിയും ദുബായ് പൊലീസിന്റെ ജനറല്‍ ഡയറക്റ്ററേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനും ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു. കൂടുതല്‍ ആളുകള്‍ താമസിക്കുന്നത് പരിസ്ഥിതിയേയും ജനങ്ങളുടെ ആരോഗ്യത്തേയും സുരക്ഷയേയും മോശമായി ബാധിക്കുമെന്ന് മുന്‍സിപ്പാലിറ്റി പറഞ്ഞു. പെട്ടന്ന് രോഗങ്ങള്‍ പരക്കുന്നതിനും പാര്‍ക്കിംഗ് സൗകര്യം കുറയുന്നതിനും കെട്ടിടത്തിന്റെ ഭാരം കൂടുന്നതിനും ഇത് കാരണമാകുമെന്നും അവര്‍ പറയുന്നു.

 

Comments

comments

Categories: World