സുപ്രീം കോടതിയുടെ ചോദ്യത്തിന് ആര്‍ബിഐക്ക് മറുപടിയില്ല

സുപ്രീം കോടതിയുടെ ചോദ്യത്തിന് ആര്‍ബിഐക്ക് മറുപടിയില്ല

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയത് പോലെ, അസാധുനോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് മാര്‍ച്ച് 31 വരെ എന്തുകൊണ്ട് സമയം അനുവദിച്ചില്ല എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് റിസര്‍വ് ബാങ്കിന് ഉത്തരമില്ല. വിവരാവകാശ നിയമ പ്രകാരം ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കണമെന്നുള്ള അപേക്ഷ ആര്‍ബിഐ നിരസിച്ചിരിക്കകയാണ്. നിയമത്തിന്റെ സുതാര്യത ഉറപ്പാക്കാനായി നല്‍കേണ്ട ‘വിവരം’ എന്ന നിലയ്ക്ക് ഇതിനെ കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശദീകരണം.

നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ നയം പ്രഖ്യാപിച്ചപ്പോള്‍ മാര്‍ച്ച് 31 വരെ അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സമയം അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് എന്‍ആര്‍ഐകള്‍ക്ക് മാത്രമായി ഈ സമയപരിധി പരിമിതപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. പ്രധാനമന്ത്രിയുടെ വാക്കിനേക്കാള്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് നടപ്പാക്കിയ നിയമമാണ് പരിഗണിക്കേണ്ടതെന്നാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി വാദിച്ചത്.

എന്നാല്‍, രാജ്യത്തിന്റെ സാമ്പത്തികതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായത് കൊണ്ടാണ് വിശദീകരണം നല്‍കാത്തത് എന്നാണ് ആര്‍ബിഐയുടെ പക്ഷം. നോട്ട് നിരോധനത്തിനു ശേഷം പല അവസരങ്ങളിലും ആര്‍ബിഐ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറിയിട്ടുണ്ട്. നോട്ട് അസാധുവാക്കലിന്റെ കാര്യത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അഭിപ്രായം അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിനും ആര്‍ബിഐ മറുപടി നല്‍കാന്‍ വിസമ്മതിച്ചിരുന്നു.

Comments

comments

Categories: Top Stories