മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10നെതിരെ യുഎസില്‍ പരാതി

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10നെതിരെ യുഎസില്‍ പരാതി

വിന്‍ഡോസ് 10 ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തതാണെന്ന് മൈക്രോസോഫ്റ്റ്

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനെതിരെ അമേരിക്കയില്‍ പരാതി. വിന്‍ഡോസ് 10 അപ്‌ഡേറ്റ് ചെയ്തതിനെ തുടര്‍ന്ന് തങ്ങളുടെ ഡാറ്റകള്‍ നഷ്ടപ്പെടുകയും കംപ്യൂട്ടറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തുവെന്ന പരാതിയുമായി മൂന്ന് അമേരിക്കക്കാര്‍ ചിക്കാഗോ ജില്ലാ കോടതിയില്‍ പരാതി നല്‍കി.

വിന്‍ഡോസ് 10 നിരവധി വെല്ലുവിളികള്‍ ഉള്ള ഒരു ഉല്‍പ്പന്നമായിരുന്നുവെന്നും അത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള അപകടത്തെക്കുറിച്ച് മതിയായ മുന്നറിയിപ്പ് നല്‍കുന്നതില്‍ നിര്‍മാതാക്കള്‍ പരാജയപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ടെക് പ്രസിദ്ധീകരണമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിന്‍ഡോസ് 10 രൂപകല്‍പ്പന ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നതില്‍ മൈക്രോസോഫ്റ്റിന് വീഴ്ച സംഭവിച്ചു. തന്റെ സമ്മതമില്ലാതെ വിന്‍ഡോസ് 10 സ്വമേധയാ കംപ്യൂട്ടറിലേക്ക് ഇന്‍സ്റ്റാള്‍ ആവുകയും ഇതേ തുടര്‍ന്ന് ഡാറ്റകള്‍ നഷ്ടപ്പെടുകയുമായിരുന്നുവെന്നാണ് പരാതിക്കാരി പറയുന്നത്. തന്റെ സമ്മതത്തോടെയാണ് വിന്‍ഡോസ് 10 അപ്‌ഡേറ്റ് ചെയ്തതെന്നും എന്നാല്‍ അത് കംപ്യൂട്ടറിനെ പ്രവര്‍ത്തനരഹിതമാക്കിയെന്നും മറ്റൊരു പരാതിക്കാരന്‍ പറയുന്നു.

അതേസമയം വിന്‍ഡോസ് 10 ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തതാണെന്ന് മൈക്രോസോഫ്റ്റ് വക്താവ് പറയുന്നു. വിന്‍ഡോസ് 10 അപ്‌ഗ്രേഡ് ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഉപയോക്താക്കള്‍ക്കുണ്ട്. ഒരു വര്‍ഷക്കാലത്തേക്കുള്ള വിന്‍ഡോസ് 10 അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യമുള്ള ഉപഭോക്താക്കള്‍ക്കായി സൗജന്യ ഉപഭോക്തൃ പിന്തുണയുടക്കമുള്ള അനേകം ഓപ്ഷനുകള്‍ നല്‍കുന്നു. പരാതിക്കാരുടെ അവകാശ വാദങ്ങള്‍ വസ്തുതാപരമാണെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും വക്താവ് വ്യക്തമാക്കി.

Comments

comments

Categories: Tech