മൊറോക്കോയിലെ സ്ത്രീശാക്തീകരണം

മൊറോക്കോയിലെ സ്ത്രീശാക്തീകരണം

ഉത്തരാഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലെ പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയും അവിടെ ലിംഗസമത്വം ഉറപ്പാക്കുകയും ചെയ്യുകയാണെങ്കില്‍ അത് രാജ്യത്തിന്റെ വളര്‍ച്ച വേഗത്തിലാക്കും.

പന്ത്രണ്ടു വയസുകാരിയായ ജാമില മൊറോക്കോയുടെ പ്രാന്തപ്രദേശത്താണ് ജീവിക്കുന്നത്. ഇപ്പോഴും തന്റെ സ്‌കൂള്‍ പഠനം തുടരുകയാണ് ജാമില. എന്നാല്‍ അവളുടെ പ്രായത്തിലുള്ള നല്ലൊരു ശതമാനം പെണ്‍കുട്ടികളും സ്‌കൂളില്‍ പോകുന്നില്ല. രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലുള്ള 12നും 14നും ഇടയില്‍ പ്രായമായ വിദ്യാര്‍ഥികള്‍ 78 ശതമാനം പെണ്‍കുട്ടികളും കൃത്യമായ വിദ്യാഭ്യാസം ലഭിക്കാത്തവരാണ്. ഒരു ഡോക്റ്റര്‍ ആവുകയാണു ജാമിലയുടെ സ്വപ്‌നം. തന്റെ പഠനവുമായി മുമ്പോട്ട് പോകാന്‍ സാധിക്കുകയാണെങ്കില്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിന് ജാമിലക്ക് സാധിക്കും.

എന്നാല്‍ അവളുടെ ആ സ്വപ്‌നത്തിലേക്കുള്ള പാതയില്‍ ചില തടസങ്ങളുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി ഇവിടത്തെ സമ്പദ്ഘടന വളരെ സാവധാനത്തിലാണ് മുമ്പോട്ടു പോകുന്നത്. മാത്രവുമല്ല, വളരെ കുറവ് തൊഴിലവസരങ്ങള്‍ മാത്രമേ ഇവിടെയുള്ളൂ. മോറോക്കോയിലെ 22 ശതമാനം യുവാക്കളും തൊഴില്‍രഹിതരാണ്. പുരുഷന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ജോലിക്കു പോകുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. 66 ശതമാനത്തിലധികം പുരുഷന്‍മാര്‍ ജോലി ചെയ്യുന്ന രാജ്യത്തെ സ്ത്രീത്തൊഴിലാളികള്‍ വെറും 25 ശതമാനമാണ്.

സമ്പദ്ഘടനയിലേക്ക് സ്ത്രീകളെയും സമന്വയിപ്പിച്ചുക്കൊണ്ടുള്ള മികച്ച പല നയങ്ങളും നിയമങ്ങളും നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ തുടക്കം കുറിച്ചുകഴിഞ്ഞു. എന്നാല്‍ ജാമിലയെപ്പോലെ ഒരുപാട് പെണ്‍കുട്ടികള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കണമെങ്കില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ നേടിയെടുക്കേണ്ടതുണ്ട്. കൂടുതല്‍ ഗ്രാമീണ പെണ്‍കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നതായി അടുത്തിടെ പുറത്തു വന്ന പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.

സ്ത്രീകളും സമ്പദ്ഘടനയും

മൊറോക്കോയില്‍ നടത്തിയ സമ്പദ്ഘടനയിലെ മൂല്യനിര്‍ണ്ണയത്തില്‍ രാജ്യത്തിന്റെ വികസനവും ലിംഗഅസമത്വവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. കൂടുതല്‍ സ്ത്രീകളെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അടുത്തിടെ പുറത്തുവന്ന പല നയങ്ങളും അത് ശരിവെക്കുന്നുമുണ്ട്. കൂടുതല്‍ സ്ത്രീകളെക്കൂടി സമ്പദ്ഘടനയുടെ ഭാഗമാക്കുന്നതിന് സാധിച്ചാല്‍ അത് രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഒരു നിര്‍ണായകപങ്ക് വഹിക്കും. ഇപ്പോള്‍ മോറോക്കോയില്‍ പുരുഷതൊഴിലാളികള്‍ക്കു തത്തുല്യം സ്ത്രീകളും ജോലി ചെയ്യുകയാണെങ്കില്‍ ദേശീയ വരുമാനം വര്‍ദ്ധിക്കാനും അതു കാരണമാകും. പുരുഷന്‍മാരും സ്ത്രീകളും പോലെ ജോലി ചെയ്യുകയാണെങ്കില്‍ രാജ്യത്തെ പ്രതിശീര്‍ഷ വരുമാനത്തില്‍ ഇപ്പോഴുള്ളതിനേക്കാള്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവായിരിക്കും ഉണ്ടാകുക.

മൊറോക്കോയിലെ ജനപ്പെരുപ്പം വളരെ സാവധാനത്തിലാണ്. ഐക്യരാഷ്ട്രസഭ പുറത്തുവിടുന്ന ആശ്രയത്വ കണക്കുപ്രകാരം, പ്രായ- ജനസംഖ്യാനുപാതം തൊഴില്‍ശക്തിയില്‍ പ്രതിഫലിക്കും. 2040 ആകുമ്പോഴേക്കും ഇതില്‍ വലിയൊരു വര്‍ദ്ധനവായിരിക്കും ഉണ്ടാകുക. അതായത് അടുത്ത ഏതാനം പതിറ്റാണ്ടുകള്‍ കൊണ്ട് കൂടുതല്‍ ആള്‍ക്കാര്‍ക്ക് ജോലി നല്‍കുന്നതിനുള്ള സാധ്യതകളുണ്ട്. മാത്രവുമല്ല, ലിംഗ അസമത്വം ഇല്ലാതാക്കുന്നതിനു വേണ്ടി ഒരുപാട് നയങ്ങള്‍ ഇനിയും പ്രാബല്യത്തില്‍ വരേണ്ടതുണ്ട്. കൂടുതല്‍ ആള്‍ക്കാരിലേക്ക് വിദ്യാഭ്യാസം എത്തിക്കുക, സ്ത്രീകള്‍ക്കു വേണ്ടിയുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഗ്രാമീണ മേഖലകളില്‍ സാക്ഷരതാ പദ്ധതികളും തൊഴില്‍പരിശീലനവുംനടപ്പാക്കുക തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനും എളുപ്പത്തില്‍ തന്നെ തൊഴില്‍ സ്ഥലങ്ങളിലേക്ക് അവര്‍ക്ക് എത്തുന്നതിനുമൊക്കെ ഇതേറെ ഗുണകരമാകും.

സ്ത്രീകളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്തുക

എല്ലാ കാര്യങ്ങളിലും സ്ത്രീകള്‍ക്ക് അവകാശം നല്‍കുന്നതിനും അവരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുമായി ഇതിനോടകം ചില പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

വിവാഹം, രക്ഷകര്‍തൃസ്ഥാനം, കുട്ടികളുടെ സംരക്ഷണം, വിവാഹമോചനം തുടങ്ങി ഒരുപാട് കാര്യങ്ങളില്‍ സ്ത്രീകള്‍ക്കുള്ള അവകാശം കൂടുതല്‍ വ്യാപിപ്പിച്ചുകൊണ്ട് 2004ല്‍ സര്‍ക്കാര്‍ ഒരു കുടുംബ നിയമാവലി ഭേദഗതി ചെയ്തിട്ടുണ്ടായിരുന്നു. സമത്വത്തിനു വേണ്ടിയുള്ള ഭരണഘടനാപരമായ ഉറപ്പു നല്‍കിയതും അത് ഒരു നിയമമാക്കിയതും 2011ലാണ്.

മാത്രവുമല്ല, 2004ല്‍ സ്ത്രീകള്‍ക്കു വേണ്ടി ഒരു പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരികയുണ്ടായി. മുഴുവന്‍ ശമ്പളത്തോടും കൂടിയ 14 ആഴ്ചത്തെ പ്രസവാവധി ഏര്‍പ്പെടുത്തിയതായിരുന്നു അത്.

2002ല്‍ മൊറോക്കോയില്‍ തുടക്കമിട്ടത് പശ്ചിമേഷ്യയിലെയും മധ്യേഷ്യയിലെയും ആദ്യത്തേതും വികസിതവുമായ ജെന്‍ഡര്‍ ബജറ്റിംഗ് ഇനിഷ്യേറ്റീവിന് ആയിരുന്നു. സാമ്പത്തികനയങ്ങളും നിര്‍വഹണവുമെല്ലാം ഈ ജെന്‍ഡര്‍ ബജറ്റിംഗില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടായിരുന്നു. ലിംഗ അസമത്വം, സ്ത്രീകളുടെ അഭിവൃദ്ധി തുടങ്ങിയ കാര്യങ്ങളെ സംബോധന ചെയ്യുന്നതിനു വേണ്ടി ദേശീയ, സംസ്ഥാന, പ്രാദേശിക തലങ്ങളില്‍ നിന്നുകൊണ്ട് ആയിരുന്നു ഇത് നടപ്പിലാക്കിയത്.

ഇനിയും വേണം ഒരുപാട് നവീകരണങ്ങള്‍

മൊറോക്കോയിലെ സ്ത്രീസമത്വത്തിനു വേണ്ടി ഒരുപാട് കാര്യങ്ങള്‍ പ്രാബല്യത്തില്‍ ഉണ്ടെങ്കിലും ഇനിയുമൊരുപാട് കാര്യങ്ങള്‍ നടക്കേണ്ടതുണ്ട്. തൊഴില്‍ശക്തിയുടെ കാര്യത്തില്‍ സ്ത്രീകളുടെ പങ്ക് ഉയര്‍ത്തുന്ന വിധത്തിലുള്ള മാറ്റങ്ങളാണ് ആവശ്യം. മാത്രവുമല്ല, മോറോക്കോയിലെ വിദ്യാഭ്യാസകാര്യങ്ങളില്‍ ലിംഗ അസമത്വം ഇല്ലാതാക്കേണ്ടതും ഏറെ ആവശ്യം തന്നെ.

പൊതു ശിശുസംരക്ഷണ സംവിധാനങ്ങള്‍ക്കു വേണ്ടി നിക്ഷേപം നടത്തുന്നത് സ്ത്രീകള്‍ക്ക് കൂടുതല്‍ സമയം ലഭ്യമാക്കുക തന്നെ ചെയ്യും. കൂടുതല്‍ വിദ്യാഭ്യാസ, പരിശീലന കാര്യങ്ങള്‍ക്കായി അത് അവര്‍ക്ക് സമയം നല്‍കുകയും ചെയ്യും. തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്ക് ഉറപ്പു വരുത്തുന്നതിനും ഇതേറെ സഹായിക്കും.

നികുതിയിളവ്, വായ്പ തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ പുരുഷന്‍മാര്‍ക്ക് മാത്രമേ ലഭ്യമാകുന്നുള്ളൂ. അവരുടെ ജീവിതപങ്കാളിക്കും മക്കള്‍ക്കും ഇത്തരത്തിലുള്ള നികുതിയിളവുകള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. താന്‍ നിയമപരമായി രക്ഷകര്‍ത്താവ് ആണെന്ന് തെളിയിക്കുന്നില്ലെങ്കില്‍ നികുതിയടയ്ക്കുന്ന സ്ത്രീക്ക് നികുതി ആനുകൂല്യങ്ങളൊന്നും തന്നെ ലഭിക്കുന്നില്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും സെക്കന്‍ഡറി വിദ്യാഭ്യാസംലഭ്യമാക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങളും നടത്തേണ്ടത് ആവശ്യമാണ്. രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലുള്ള സ്ത്രീകളുടെ സാക്ഷരത, സ്ത്രീ സംരംഭകത്വം, സ്ത്രീകള്‍ക്കു വേണ്ടിയുള്ള തൊഴില്‍ പരിശീലനപരിപാടികള്‍ തുടങ്ങിയ കാര്യങ്ങള്‍ കൂടി ശക്തമായ രീതിയില്‍ നടപ്പിലാക്കിയാല്‍ സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്ല രീതിയില്‍ നടത്തുന്നതിനും എല്ലാത്തിലും സമത്വം കാത്തു സൂക്ഷിക്കുന്നതിനും സാധിക്കും.

ഇക്കാര്യങ്ങളൊക്കെയും പ്രാബല്യത്തില്‍ കൊണ്ടുവന്നാല്‍ ജാമിലയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിന് യാതൊരു തടസ്സവും നേരിടേണ്ടി വരില്ല. മാത്രവുമല്ല, അവള്‍ക്ക് ഒരുപാട് അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഒരു ജാമിലയ്ക്ക് മാത്രമല്ല, മൊറോക്കോയിലെ സ്ത്രീ സമൂഹത്തിന് മുഴുവന്‍ അവരുടെ സ്വപ്‌നങ്ങള്‍ നേടിയെടുക്കുന്നതിന് ഇതേറെ സഹായിക്കും.

 

Comments

comments

Categories: FK Special, Women