നൂണ്‍ ഡോട്ട് കോം അടുത്ത ആഴ്ച പ്രവര്‍ത്തനം ആരംഭിക്കും

നൂണ്‍ ഡോട്ട് കോം അടുത്ത ആഴ്ച പ്രവര്‍ത്തനം ആരംഭിക്കും

ഓര്‍ഡര്‍ ചെയ്യുന്ന വസ്തുക്കള്‍ മൂന്ന് മണിക്കൂറിനുള്ളില്‍ കസ്റ്റമേഴ്‌സിന്റെ കൈയില്‍ എത്തിക്കുമെന്നാണ് വൈബ്‌സൈറ്റിന്റെ വാഗ്ദാനം

ദുബായ്: പുതിയ ഇ-കൊമേഴ്‌സ് സൈറ്റായ നൂണ്‍ ഡോട്ട് കോം പ്രവര്‍ത്തനക്ഷമമാകാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. വെബ്‌സൈറ്റ് ഈ ആഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. യുഎഇയിലെ പ്രമുഖ വ്യവസായി മുഹമ്മദ് അലബാറിന്റെ ഒരു ബില്യണ്‍ ഡോളറിന്റെ സംരംഭത്തിന് സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പിന്തുണയുമുണ്ട്. കഴിഞ്ഞ രണ്ട് മാസമായി സൈറ്റ് പരീക്ഷണ ഘട്ടത്തിലായിരുന്നു. വെബ്‌സൈറ്റുമായി അടുത്തു ബന്ധമുള്ളവരാണ് ഇതു സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.

നൂണ്‍ ഡോട്ട് കോമിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ മൂന്ന് മണിക്കൂറിനുള്ളില്‍ കസ്റ്റമറിന്റെ വീട്ടില്‍ എത്തിച്ചുതരുമെന്നാണ് വെബ്‌സൈറ്റിന്റെ വാഗ്്ദാനം. സാധനങ്ങള്‍ തിരിച്ച് നല്‍കുന്നതിനായി റിട്ടേണ്‍ പോളിസികളും പണം അടയ്ക്കാനുള്ള മികച്ച സൗകര്യങ്ങളും വെബ്‌സൈറ്റ് ഒരുക്കുന്നുണ്ട്.

പുതിയ സംരംഭം വരുന്നതോടെ ലക്ഷക്കണക്കിന് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുമെന്നും ഈ വസ്തുക്കള്‍ മൂന്ന് മണിക്കൂറിനുള്ളില്‍ നിങ്ങളുടെ കൈയിലെത്തുമെന്നും വൈബ്‌സൈറ്റിന്റെ അധികൃതര്‍ ഉറപ്പുനല്‍കുന്നു. ഒര്‍ജിനലാണോ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമായിരിക്കും നൂണിലൂടെ സാധനങ്ങള്‍ വില്‍ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

കുറഞ്ഞ സമയത്തിനുള്ളില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുക, തടസമില്ലാത്ത സാങ്കേതിക വിദ്യ, മികച്ച കസ്റ്റമര്‍ സര്‍വീസ് എന്നിവയിലാണ് നൂണ്‍ ഡോട്ട് കോം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങള്‍ നല്‍കുന്ന വാഗ്ദാനത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും അന്താരാഷ്ട്ര തലത്തില്‍ മാറ്റമുണ്ടാക്കാന്‍ നൂണിന് കഴിയുമെന്നും വെബ്‌സൈറ്റിന്റെ അധികൃതര്‍ പറഞ്ഞു.

ഫാഷന്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് നൂണിന്റെ പ്രവര്‍ത്തനം. നൂറുകണക്കിന്‌വരുന്ന ഫാഷന്‍ ബ്രാന്‍ഡുകളാണ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുന്നത്. നൂണിന്റെ പ്രധാന എതിരാളികളേ അപേക്ഷിച്ച് അഞ്ച് മടങ്ങ് അധികമാണ് ഇതിലെ ഫാഷന്‍ ബ്രാന്‍ഡുകളുടെ എണ്ണം.

ഇലക്ട്രോണിക്, സംഗീതം, ഗെയിം, ബ്യൂട്ടി, ഹെല്‍ത്ത്, ബുക്ക്, സ്‌പോര്‍ട്‌സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് സാധനങ്ങളും നൂണിലുണ്ടാകും.

മിഡില്‍ ഈസ്റ്റിലെ കസ്റ്റമേഴ്‌സിനെ ലക്ഷ്യം വച്ചുകൊണ്ടാണ് നൂണ്‍ ഡോട്ട് കോം പ്രവര്‍ത്തിക്കുക. നിലവില്‍ മേഖലയിലെ പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ സൗക് ഡോട്ട് കോമിനെ 650 മില്യണ്‍ ഡോളര്‍ കൊടുത്ത് ആമസോണ്‍ ഏറ്റെടുക്കുമെന്ന് വാര്‍ത്ത വന്നതിനുപിന്നാലെയാണ് അലബ്ബാര്‍സ് നൂണ്‍ ഡോട്ട് കോമിന്റെ ലോഞ്ച് പ്രഖ്യാപിച്ചത്. സൗക് ഡോട്ട് കോമിനെ ഏറ്റെടുക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ മുന്‍പ് അലബ്ബാറും ഉള്‍പ്പെട്ടിരുന്നു.

 

Comments

comments

Categories: Business & Economy, World