പിനിന്‍ഫാറിന ബ്രാന്‍ഡില്‍ മഹീന്ദ്ര ആഡംബര ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കും

പിനിന്‍ഫാറിന ബ്രാന്‍ഡില്‍ മഹീന്ദ്ര ആഡംബര ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കും

ഇലക്ട്രിക് കാര്‍ സംബന്ധിച്ച ഇന്ത്യന്‍ വൈദഗ്ധ്യം പിനിന്‍ഫാറിന ബ്രാന്‍ഡില്‍ സംയോജിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പവന്‍ ഗോയങ്ക

ന്യൂ ഡെല്‍ഹി : പിനിന്‍ഫാറിന ബ്രാന്‍ഡില്‍ ആഡംബര ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുമെന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്ക. ഇലക്ട്രിക് വാഹന ബിസിനസ്സിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് രണ്ട് വഴികളാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തേത് പൊതു ഇലക്ട്രിക് വാഹന വിപണിയാണെങ്കില്‍ രണ്ടാമത്തേതായി ടെസ്‌ലയെപ്പോലെ പിനിന്‍ഫാറിന ബ്രാന്‍ഡില്‍ ആഡംബര ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ വലിയ പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് പവന്‍ ഗോയങ്ക പറഞ്ഞു. ഒരു മാസ് മാര്‍ക്കറ്റാണ് മഹീന്ദ്ര ലക്ഷ്യം വെയ്ക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ സബ്‌സിഡികള്‍ പ്രഖ്യാപിക്കുമെന്ന് താന്‍ കരുതുന്നില്ല. സബ്‌സിഡി സര്‍ക്കാര്‍ ഖജനാവിന് വലിയ ഭാരം വരുത്തിവെയ്ക്കുകയേ ഉള്ളൂ. വാഹനം ഇലക്ട്രിക് ആയതുകൊണ്ടുമാത്രം ആളുകള്‍ കാര്‍ വാങ്ങില്ല. സാമ്പത്തികശേഷിയുണ്ടെങ്കില്‍ മാത്രമേ ജനം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ തയ്യാറാകൂ. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണ ചെലവ് കുറച്ച് വില കുറച്ചുകൊണ്ടുവരേണ്ടതുണ്ടെന്നും പവന്‍ ഗോയങ്ക പറഞ്ഞു.

ആദ്യം കൂടുതല്‍ വില്‍പ്പനയാണ് നടക്കേണ്ടത്. അതിനുശേഷമേ നിര്‍മ്മാണ ചെലവും വിലയും കുറയ്ക്കുന്നത് ആലോചിക്കാന്‍ കഴിയൂ.

സബ്‌സിഡിക്കുപകരം കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിയുന്നതിനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കേണ്ടത്. ഡെല്‍ഹി പോലെയുള്ള നഗരങ്ങളില്‍ തിരക്കേറിയ സമയങ്ങളില്‍ ഇലക്ട്രിക് അല്ലാത്ത ചെറു കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് തീരുമാനിക്കാവുന്നതേയുള്ളൂ. ഇത്തരം നയപരിപാടികളിലൂടെ ഇലക്ട്രിക് വാഹന വില്‍പ്പന വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് മഹീന്ദ്ര & മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍ നിര്‍ദ്ദേശിച്ചു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആദരവും മാന്യതയും നല്‍കിയത് ടെസ്‌ലയാണെന്ന് പവന്‍ ഗോയങ്ക ചൂണ്ടിക്കാട്ടി. ടെസ്‌ല ഇലക്ട്രിക് കാറുകള്‍ക്ക് പെരുമ നല്‍കിയെങ്കിലും വില വിലങ്ങുതടിയായി. കാറുകള്‍ ഇലക്ട്രിക് ആയതുകൊണ്ടല്ല നമ്മള്‍ ഇഷ്ടപ്പെടുന്നതെന്നും മറിച്ച് മികച്ച കാറുകളായതുകൊണ്ടാണെന്നും പവന്‍ ഗോയങ്ക നിരീക്ഷിച്ചു. ഇലക്ട്രിക് കാര്‍ സംബന്ധിച്ച ഇന്ത്യന്‍ വൈദഗ്ധ്യം പിനിന്‍ഫാറിന ബ്രാന്‍ഡില്‍ സംയോജിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇരുചക്ര വാഹനങ്ങള്‍ തങ്ങള്‍ പ്രതീക്ഷിച്ചപോലെ ചലനങ്ങളുണ്ടാക്കിയില്ല. ഇലക്ട്രിക് വാഹനങ്ങള്‍ ദീര്‍ഘകാല പദ്ധതിയാണെന്നും അതില്‍ ഉറച്ചുനില്‍ക്കുമെന്നും പവന്‍ ഗോയങ്ക വ്യക്തമാക്കി. ഇലക്ട്രിക് വാഹന മേഖലയിലാണ് മഹീന്ദ്ര ഇപ്പോള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇപ്പോഴത്തെ നഷ്ടം കാര്യമാക്കുന്നില്ല. കൊമേഴ്‌സ്യല്‍ വാഹനങ്ങളെ സംബന്ധിച്ച് ദുഷ്‌കരമായ പാത താണ്ടിക്കഴിഞ്ഞു.

ഇന്ത്യയ്ക്ക് പുറത്ത് ഒരു നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാനും രണ്ടാമത്തെ ഹോം മാര്‍ക്കറ്റ് കണ്ടെത്താനുമുള്ള ആലോചനയിലാണ്. നിര്‍ദ്ദിഷ്ട മാനുഫാക്ച്ചറിംഗ് പ്ലാന്റ് കയറ്റുമതി കേന്ദ്രമായും രൂപാന്തരപ്പെടുത്തും. ആസിയാന്‍ രാജ്യങ്ങളെയാണ് നോട്ടമിട്ടിരിക്കുന്നത്. തങ്ങളുടെ വിപണികളെ ലാറ്റിന്‍ അമേരിക്ക, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ആസിയാന്‍, ചൈന എന്നീ നാല് ഗണത്തിലാണ് തിരിച്ചിരിക്കുന്നതെന്നും പവന്‍ ഗോയങ്ക പറഞ്ഞു.

 

Comments

comments

Categories: Auto