ലെക്‌സസ് വന്നു, ആഡംബര കാര്‍ വിപണിക്ക് ഇപ്പോള്‍ കൂടുതല്‍ ഗമ

ലെക്‌സസ് വന്നു, ആഡംബര കാര്‍ വിപണിക്ക് ഇപ്പോള്‍ കൂടുതല്‍ ഗമ

ഔഡി, ബിഎംഡബ്ല്യു, മെഴ്‌സിഡസ്-ബെന്‍സ് എന്നിവരോടായിരിക്കും ലെക്‌സസിന് ഇന്ത്യയില്‍ മത്സരിക്കേണ്ടിവരിക

ന്യൂ ഡെല്‍ഹി : ടൊയോട്ട മോട്ടോര്‍ കോര്‍പ്പ് തങ്ങളുടെ പ്രീമിയം ലെക്‌സസ് ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ചൈനയില്‍ ബ്രാന്‍ഡ് അവതരിപ്പിച്ച് ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് ടൊയോട്ട അവരുടെ സബ് ബ്രാന്‍ഡുമായി ഇന്ത്യയിലെത്തുന്നത്. ആഡംബര കാറുകളോടുള്ള അഭിനിവേശം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലോകത്തെ രണ്ടാമത്തെ വലിയ ജനസംഖ്യാ രാജ്യത്തിനുള്ള അംഗീകാരമായാണ് ലെക്‌സസ് ബ്രാന്‍ഡിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ വിദഗ്ധര്‍ കാണുന്നത്.

ന്യൂ ഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബ്രാന്‍ഡിന്റെ ഇന്ത്യന്‍ പ്രവേശനം ലെക്‌സസ് പ്രഖ്യാപിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജനങ്ങളുടെ വരുമാനത്തിലുണ്ടായ വര്‍ധന ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന ഇരട്ടിയോളം വര്‍ധിപ്പിച്ചതായി ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് സൊസൈറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം നൂറ് കോടിയിലധികം ജനസംഖ്യയുള്ള ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന പത്തിലൊന്ന് മാത്രമാണ്.

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി, ബിഎംഡബ്ല്യു, മെഴ്‌സിഡസ്-ബെന്‍സ് എന്നിവരോടായിരിക്കും ലെക്‌സസിന് ഇന്ത്യയില്‍ മത്സരിക്കേണ്ടിവരിക.

യുഎസ്, യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ പ്രമുഖ വാഹന വിപണികളില്‍ കാര്‍ നിര്‍മ്മാതാക്കള്‍ വില്‍പ്പന മാന്ദ്യം നേരിടുന്ന സമയത്താണ് ടൊയോട്ട ആഡംബര ബ്രാന്‍ഡുമായി ഇന്ത്യയിലേക്ക് വരുന്നത്.

ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനും ഇന്ത്യന്‍ നിര്‍മ്മിത പുത്തന്‍ സാങ്കേതികവിദ്യാ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതും സംബന്ധിച്ച് സുസുകി മോട്ടോര്‍ കോര്‍പ്പുമായി ടൊയോട്ട ചര്‍ച്ച നടത്തിയിരുന്നു.

‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയനുസരിച്ച് രാജ്യത്ത് കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ബിസിനസ് ചെയ്യാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്ത് വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയാണ്. ഇന്ത്യയില്‍ സംയുക്ത സംരംഭങ്ങള്‍ തുടങ്ങുന്നതിന് ടാറ്റ മോട്ടോഴ്‌സുമായി കൈകോര്‍ക്കാന്‍ ഫോക്‌സ്‌വാഗണ്‍ തീരുമാനിച്ചിട്ടുണ്ട്. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പും ഇന്ത്യയിലേക്ക് വരികയാണ്.

 

Comments

comments

Categories: Auto