ലണ്ടന്‍ ആക്രമണം: അക്രമി ബ്രിട്ടീഷ് വംശജന്‍ ഖാലിദ് മസൂദ്

ലണ്ടന്‍ ആക്രമണം: അക്രമി ബ്രിട്ടീഷ് വംശജന്‍ ഖാലിദ് മസൂദ്

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിനു സമീപം ആക്രമണം നടത്തി സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് പേരെ കൊലപ്പെടുത്തിയ വ്യക്തി 52-കാരനും ബ്രിട്ടീഷ് വംശജനുമായ ഖാലിദ് മസൂദാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് ഇസ്ലാമിക തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന കാര്യം ഉറപ്പാക്കിയിട്ടില്ലെങ്കിലും ആശയത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നതായിട്ടാണു പൊലീസ് കരുതുന്നത്. ലണ്ടന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി ഐഎസ് അറിയിച്ചിട്ടുണ്ട്. അക്രമി ഖാലിദ് മസൂദ് ഐഎസിന്റെ പോരാളിയാണെന്നും അവകാശപ്പെട്ടിട്ടുണ്ട്.

കെന്റില്‍ 1964-ലെ ക്രിസ്മസ് ദിനത്തിലാണ് ഖാലിദ് മസൂദിന്റെ ജനനം. അഡ്രിയാന്‍ എംസ് എന്നാണു യഥാര്‍ഥ പേര്. ഇയാള്‍ പിന്നീട് ഇസ്ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യുകയായിരുന്നു. ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ഖാലിദിനെതിരേ നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ക്കു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഇവയൊന്നും തീവ്രവാദ ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല.തീവ്രവാദവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ബ്രിട്ടന്റെ അന്വേഷണ ഏജന്‍സിയായ MI5 ഒരിക്കല്‍ ഖാലിദ് മസൂദിനെ ചോദ്യം ചെയ്തിട്ടുണ്ട്.

ബുധനാഴ്ച ലണ്ടനില്‍ ആക്രമണം നടത്തുന്നതിന്റെ തലേ ദിവസം രാത്രി അതായത് ചൊവ്വാഴ്ച രാത്രി ഇയാള്‍ ബ്രൈറ്റണിലെ പ്രസ്റ്റന്‍ പാര്‍ക്ക് ഹോട്ടലില്‍ ഇയാള്‍ താമസിച്ചിരുന്നതായി ദി സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.ബുധനാഴ്ച നടന്ന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 75-കാരന്‍ വ്യാഴാഴ്ച മരിച്ചു. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചിലെത്തി. അക്രമി ഉള്‍പ്പെടെ ആറ് പേര്‍ സംഭവവുമായി ബന്ധപ്പെട്ട് മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്‍ കീത്ത് പാമര്‍, ഐഷ ഫ്രെഡേ, കര്‍ട്ട് കോഹ്‌റാന്‍ തുടങ്ങിയവരാണു ബുധനാഴ്ച മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന നാല് പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

വ്യാഴാഴ്ച സെന്‍ട്രല്‍ ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്വക്‌യറില്‍ ആയിരങ്ങള്‍ ഒത്തുകൂടി പ്രതിഷേധജ്വാല തെളിയിച്ചു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, ഹോം സെക്രട്ടറി അംബര്‍ റൂഡ് തുടങ്ങിയവര്‍ പങ്കെടുത്തു.ബുധനാഴ്ചത്തെ ഭീകരാക്രമണത്തോടെ ലണ്ടനില്‍ ബ്രെക്‌സിറ്റ് വിരുദ്ധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് അറിയിച്ച് Unite4Europe രംഗത്തുവന്നു. ശനിയാഴ്ചയാണു മാര്‍ച്ച് സംഘടിപ്പിക്കുകയെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: Top Stories, World