നോട്ട് അസാധുവാക്കല്‍ ബിഎസ്ഇ കമ്പനികളുടെ പ്രകടനത്തില്‍ കാര്യമായി പ്രതിഫലിച്ചില്ല

നോട്ട് അസാധുവാക്കല്‍ ബിഎസ്ഇ കമ്പനികളുടെ പ്രകടനത്തില്‍ കാര്യമായി പ്രതിഫലിച്ചില്ല

നിര്‍ണായക വ്യവസായങ്ങളില്‍ പലതിന്റെയും വില്‍പ്പന മൂല്യം ഇടിഞ്ഞു

മുംബൈ: ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ മൊത്തത്തിലുള്ളഡിസംബര്‍ പാദ ഫലത്തില്‍ നോട്ട് അസാധുവാക്കല്‍ നയം കാര്യമായി പ്രതിഫലിച്ചില്ലെന്ന് വിലയിരുത്തല്‍. നോട്ട് അസാധുവാക്കല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഒരു വിധം മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ബിഎസ്ഇ കമ്പനികള്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് മൊത്തത്തിലുള്ള നിരീക്ഷണം. അതേസമയം, വലിയ മൂല്യമുളള നോട്ടുകള്‍ വിനിമയത്തില്‍ നിന്നും നീക്കം ചെയ്തുകൊണ്ടുള്ള നടപടി ചില മേഖലകളില്‍ വില്‍പ്പന മൂല്യം ഇടിയുന്നതിന് കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊട്ടക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വറ്റീസ് ആണ് ഇതു സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.

ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ സെന്‍സെക്‌സ് കമ്പനികളുടെ അറ്റാദായത്തില്‍ 0.8 ശമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച നിരീക്ഷിക്കാനായിട്ടുണ്ട്. എന്നാല്‍, ഇതിന്റെ അടിസ്ഥാനത്തില്‍ നോട്ട് അസാധുവാക്കല്‍ നടപടി ഇന്ത്യന്‍ കമ്പനികളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ എട്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ നയം പ്രഖ്യാപിച്ചത്. ഇതോടെ ഒക്‌റ്റോബര്‍-ഡിസംബര്‍ പാദം ഇന്ത്യന്‍ കമ്പനികള്‍ക്ക് വെല്ലുവിളി നിറഞ്ഞതായി. വില്‍പ്പന മൂല്യത്തിന്റെ കാര്യത്തില്‍ പല മേഖലകളിലും തളര്‍ച്ച അനുഭവപ്പെട്ടിട്ടുണ്ടെന്നും, ഇതില്‍ തന്നെ മിക്ക വ്യവസായങ്ങളുടെയും വില്‍പ്പനയിലെ വളര്‍ച്ച നെഗറ്റീവ് തലത്തിലേക്ക് ഇടിഞ്ഞതായും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ഓട്ടോമൊബീല്‍, ബാങ്കിംഗ് മേഖലകളിലാണ് നയം വലിയ സ്വാധീനം ചെലുത്തിയത്.

അസാധുവായ നോട്ടുകള്‍ ബാങ്കുകളിലേക്ക് തിരിച്ചെത്തിയതോടെ നിക്ഷേപം കുമിഞ്ഞുകൂടിയെങ്കിലും, ബാങ്കുകളുടെ വായ്പ ആവശ്യകതയില്‍ ഇടിവ് വന്നിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, കണ്‍സ്യൂമര്‍ സ്റ്റാപ്പ്ള്‍സ്, നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ തുടങ്ങിയവയുടെയെല്ലാം വില്‍പ്പന മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദം നിരാശ തരുന്നതാണെന്ന് കൊട്ടക്ക് അനലിസ്റ്റുകള്‍ പറയുന്നു.

ഓട്ടോമൊബീല്‍ രംഗത്ത് ഇരുചക്രവാഹനങ്ങളുടെയും കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെയും വില്‍പ്പന മൂല്യമാണ് വലിയ രീതിയില്‍ ഇടിഞ്ഞിട്ടുള്ളത്. വന്‍കിട കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനികളുടെയും ഡിസംബര്‍ പാദത്തിലെ വില്‍പ്പന മൂല്യം വളരെ താഴ്ന്ന നിലയിലാണ്. ഉദാഹരണത്തിന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ വില്‍പ്പന മൂല്യം മൂന്നാം പാദത്തില്‍ നാല് ശതമാനം താഴ്ന്നു. കോള്‍ഗേറ്റ് പാമൊലീവ് ഇന്ത്യ ലിമിറ്റഡിന്റെ വില്‍പ്പന മൂല്യത്തില്‍ 11 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. ചില സിമന്റ് നിര്‍മാണ കമ്പനികളും വില്‍പ്പന ഇടിഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റിലയന്‍സ് ജിയോ സൗജന്യ സേവനങ്ങളുമായി കടന്നുവന്നതോടെ രാജ്യത്തെ മുന്‍ നിര ടെലികോം കമ്പനികളായ എയര്‍ടെലും ഐഡിയയും വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഐടി സേവനങ്ങളുടെ കയറ്റുമതിയില്‍ തുടര്‍ന്നും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാം നിര സംരംഭങ്ങളുടെ സ്വാഭാവിക വരുമാനത്തില്‍ ഏഴ് ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം ഊര്‍ജം, മെറ്റല്‍ തുടങ്ങിയ വ്യാവസായിക രംഗത്ത് മികച്ച പ്രകടനം നിരീക്ഷിക്കാനായിട്ടുണ്ട്.

നോട്ട് അസാധുവാക്കല്‍ നടപടിയുടെ കാലാവധി പൂര്‍ത്തിയായ ശേഷം ഓഹരി മൂല്യത്തില്‍ കാര്യമായ വര്‍ധന അനുഭവപ്പെട്ടിട്ടുണ്ടെന്നും, നിലവില്‍ ഇത് നവംബര്‍ എട്ടിന് മുന്‍പുള്ള ലെവലിന് സമമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിക്ഷേപകര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ശക്തമായ ഉയിര്‍ത്തെഴുന്നേര്‍പ്പ് പ്രതീക്ഷിക്കുന്നതായും, ഇത് കൂടുതല്‍ നിക്ഷേപം നടത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് മന്ദഗതിയിലായിരിക്കുമെന്നാണ് കൊട്ടക്കിന്റെ നിരീക്ഷണം. മാര്‍ച്ച് 31ന് അവസാനിക്കുന്ന പാദത്തിലെ കമ്പനികളുടെ പ്രകടന ഫലം പുറത്തുവരുന്നതോടെ നോട്ട് അസാധുവാക്കല്‍ നയത്തിന്റെ പരിണിതഫലങ്ങള്‍ ഹ്രസ്വകാലത്തേക്ക് മാത്രമാണോ എന്നത് വ്യക്തമാകുമെന്നും, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സാധ്യതകള്‍ സംബന്ധിച്ച സൂചന കൂടിയായിരിക്കും മാര്‍ച്ചില്‍ അവസാനിക്കുന്ന പാദ ഫലമെന്നും കൊട്ടക്ക് അനലിസ്റ്റുകള്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy