കേരളത്തിന്റെ മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു

കേരളത്തിന്റെ മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു

ഏപ്രില്‍ മുതല്‍ പഞ്ചസാര വിതരണം ഇല്ല

പത്തനംതിട്ട: സംസ്ഥാനത്തിനുള്ള റേഷന്‍ മണ്ണെണ്ണ വിഹിതം കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു. ഗാര്‍ഹിക ആവശ്യത്തിന് നല്‍കുന്ന മണ്ണെണ്ണ മത്സ്യമേഖലയ്ക്ക് വകമാറ്റിയെന്ന് പറഞ്ഞാണ് 16908 കിലോ ലിറ്ററില്‍ നിന്നും 15456 കിലോ ലിറ്ററായി വിഹിതം വെട്ടിക്കുറച്ചത്. നിലവില്‍ വൈദ്യുതീകരിച്ച വീടുകള്‍ക്ക് ലഭിക്കുന്ന അരലിറ്റര്‍ മണ്ണെണ്ണയില്‍ ഏപ്രില്‍ മുതല്‍ ഇതിന്റെ ഭാഗമായി കുറവുണ്ടാകും.

മറ്റ് സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തിന് പ്രത്യേക അപേക്ഷ നല്‍കി മല്‍സ്യത്തൊഴിലാളികള്‍ക്ക് റേഷന്‍ മണ്ണെണ്ണ നല്‍കുമ്പോള്‍ കേരളത്തില്‍ വീടുകള്‍ക്ക് നല്‍കുന്ന വിളക്ക് കത്തിക്കാനുപയോഗിക്കുന്ന സബ്‌സിഡി മണ്ണെണ്ണ മല്‍സ്യത്തൊഴിലാളികള്‍ക്കായി മാറ്റി നല്‍കിയതിനാലാണ് വിഹിതം കുറയ്ക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇത്തരത്തില്‍ 2000 കിലോ ലിറ്റര്‍ മണ്ണെണ്ണ കേരളം മല്‍സ്യ തൊഴിലാളികള്‍ക്ക് നല്‍കിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. മണ്ണെണ്ണ വകമാറ്റിയതിനെതിരേ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ എതിര്‍പ്പിന്റെ കൂടി അടിസ്ഥാനത്തിലാണു നടപടി. കേന്ദ്രത്തിന്റെ നടപടി പൊതുവിതരണ മേഖലയില്‍ കനത്ത പ്രതിസന്ധി സൃഷ്ടിക്കും.

ഏപ്രില്‍ മുതല്‍ റേഷന്‍ പഞ്ചസാര വിതരണവും നിര്‍ത്തലാക്കിയതായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. നിലവില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കാണു പഞ്ചസാര ലഭിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സ്വന്തം ചെലവില്‍ സബ്‌സിഡി നിരക്കില്‍ പഞ്ചസാര വിതരണം ചെയ്യാമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്

Comments

comments

Categories: Top Stories