ഗ്രാമങ്ങളിലെ 4ജി വിപുലീകരണം ഇന്റര്‍നെറ്റിലെ പ്രാദേശികഭാഷകളുടെ പ്രാധാന്യം വര്‍ധിപ്പിക്കും: നോക്കിയ

ഗ്രാമങ്ങളിലെ 4ജി വിപുലീകരണം ഇന്റര്‍നെറ്റിലെ പ്രാദേശികഭാഷകളുടെ പ്രാധാന്യം വര്‍ധിപ്പിക്കും: നോക്കിയ

ന്യൂഡെല്‍ഹി: 4ജി എല്‍ടിഇ ടെക്‌നോളജി രാജ്യത്ത് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ഉയര്‍ത്തുന്നതിലേക്ക് നയിക്കുമെന്ന് ഫിന്നിഷ് ടെലികോം കമ്പനിയായ നോക്കിയ. മെട്രോ നഗരങ്ങള്‍ക്ക് പുറത്ത് ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളില്‍ കൂടി 4ജി സേവനം വികസിപ്പിക്കുന്നതോടെ ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് ശൃംഖല വിപുലീകരിക്കാനാകുമെന്നാണ് നോക്കിയ പറയുന്നത്. മൊബീല്‍ ബ്രോഡ്ബാന്‍ഡ് ഇന്‍ഡക്‌സ് പഠനത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഗ്രാമപ്രദേശങ്ങളില്‍ 4ജി, 3ജി സേവനം എത്തുന്നതോടെ സാങ്കേതിക വിദ്യയില്‍ പ്രാദേശിക, നാട്ടുഭാഷകളുടെ പ്രാധാന്യവും ഉപയോഗവും വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നോക്കിയ പഠനത്തില്‍ പറയുന്നു.

ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), സ്മാര്‍ട്ട്‌സിറ്റികളുടെ വികസനം തുടങ്ങിയ സാങ്കേതികപരമായ മാറ്റങ്ങളും സാങ്കേതികവിദ്യകളും 2017ല്‍ ഡാറ്റ ഉപയോഗം വീണ്ടും ഉയര്‍ത്തുമെന്നും പഠനം വ്യക്തമാക്കുന്നു. മൊബീല്‍ ബ്രോഡ്ബാന്‍ഡ് ടെക്‌നോളജിയില്‍ ശക്തമായ വളര്‍ച്ചാ ഘട്ടത്തിലാണ് ഇന്ത്യയുള്ളത്. 3ജി, 4ജി നെറ്റ്‌വര്‍ക്ക് വിപുലീകരണത്തിന് അനുസൃതമായി മൊബീല്‍ ഡിവൈസുകളുടെ വിലയിലുണ്ടാകുന്ന ഇടിവും രാജ്യത്ത് മൊബീല്‍ ബ്രോഡ്ബാന്‍ഡ് ടെക്‌നോളജിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുമെന്ന് നോക്കിയയുടെ ഇന്ത്യന്‍ വിപണി മേധാവി സഞ്ജയ് മാലിക് അറിയിച്ചു.

വര്‍ധിച്ചുവരുന്ന ഡാറ്റ ആവശ്യകതകള്‍ നിറവേറ്റുന്നതിനും നെറ്റ്‌വര്‍ക്ക് ശേഷിയും കാര്യക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനും കരിയര്‍ അഗ്രെഗേഷന്‍, സ്‌മോള്‍ സെല്‍സ്, സെക്‌റ്റൊറൈസേഷന്‍, ഫൈബറൈസേഷന്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2016ലെ കണക്കനുസരിച്ച് രാജ്യത്ത് വര്‍ധിച്ച ഡാറ്റ ട്രാഫിക്കിന്റെ 60 ശതമാനം നിര്‍വഹിച്ചത് 4ജി എല്‍ടിഇ ആയിരുന്നു.

Comments

comments

Categories: Tech, Top Stories
Tags: 4G, 4G network, Nokia