അമരാവതിയില്‍ ഡ്രൈവറില്ലാ ഇലക്ട്രിക് ബസ്സുകള്‍ സര്‍വീസ് നടത്തും

അമരാവതിയില്‍ ഡ്രൈവറില്ലാ ഇലക്ട്രിക് ബസ്സുകള്‍ സര്‍വീസ് നടത്തും

ഇലക്ട്രിക് വാഹനങ്ങള്‍ അനുവദിക്കുന്നത് കൂടാതെ കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍സഞ്ചാരികള്‍ക്കും പ്രത്യേക വഴികള്‍, ജലടാക്‌സികള്‍ക്ക് കടന്നുപോകുന്നതിന് കനാലുകള്‍ എന്നിവ നിര്‍മ്മിക്കും

അമരാവതി : ആന്ധ്രാ പ്രദേശിന്റെ ഈ പുതിയ തലസ്ഥാന നഗരിയില്‍ ഡ്രൈവറില്ലാ ഇലക്ട്രിക് ബസ്സുകള്‍ സര്‍വീസ് നടത്തും. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ ഇലക്ട്രിക് ബസ്സുകളെയും വാഹനങ്ങളെയും മാത്രമേ സര്‍വീസ് നടത്താന്‍ അനുവദിക്കൂ എന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. തലസ്ഥാന മന്ദിര സമുച്ചയം നിര്‍മ്മിക്കുന്ന ഫോസ്റ്റര്‍ ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് എന്ന ബ്രിട്ടീഷ് ആര്‍ക്കിടെക്ച്ചര്‍ കമ്പനി അധികൃതരുമായും ആര്‍ക്കിടെക്റ്റ് ഹഫീസ് കോണ്‍ട്രാക്റ്ററുമായും ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തിയിരുന്നു.

മുന്‍ യോഗതീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ രൂപരേഖ തയ്യാറാക്കിയാണ് ഇവര്‍ യോഗത്തിനെത്തിയത്. പുതിയ തലസ്ഥാന നഗരിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അനുവദിക്കുന്നത് കൂടാതെ കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍സഞ്ചാരികള്‍ക്കും പ്രത്യേക വഴികള്‍, ജലടാക്‌സികള്‍ക്ക് കടന്നുപോകുന്നതിന് കനാലുകള്‍ എന്നിവ നിര്‍മ്മിക്കും.

നഗരത്തിലെ ഗ്രീന്‍, ബ്ലൂ സ്‌പേസ് സമന്വയിപ്പിക്കുന്നതിന്റെ പ്രാധാന്യം വിശദമാക്കുന്ന അവതരണം ഫോസ്റ്റര്‍ ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് നടത്തി. 51 ശതമാനം ഗ്രീന്‍, പത്ത് ശതമാനം വാട്ടര്‍, 14 ശതമാനം റോഡ്, 25 ശതമാനം കെട്ടിടങ്ങള്‍ എന്നിങ്ങനെയാണ് നഗരം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വിദഗ്ധര്‍ അറിയിച്ചു.

സര്‍ക്കാര്‍ കെട്ടിടങ്ങളിലും ഓഫീസുകളിലും എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രവേശനമുണ്ടായിരിക്കണമെന്നും സാംസ്‌കാരിക മന്ദിരങ്ങള്‍ ഗ്രീന്‍, ബ്ലൂ ഏരിയകളുമായി സംയോജിപ്പിക്കണമെന്നും സിറ്റി സ്‌ക്വയറുകളും അര്‍ബന്‍ സ്‌ക്വയറുകളും ആകര്‍ഷകമാകണമെന്നുമാണ് ആര്‍ക്കിടെക്റ്റുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഊര്‍ജ്ജ ഉപയോഗ ആവശ്യകത 40-60 ശതമാനം കുറയ്ക്കണമെന്ന് സുസ്ഥിര ഊര്‍ജ്ജ ഉപയോഗവുമായി ബന്ധപ്പെട്ട് ഫോസ്റ്റര്‍ ആന്‍ഡ് പാര്‍ട്‌ണേഴ്‌സിലെ ക്രിസ് ബബ്ബ് ആവശ്യപ്പെട്ടു.

മഴവെള്ളക്കൊയ്ത്തും മറ്റ് ജലസംരക്ഷണ നടപടികളും നടപ്പാക്കണം. ആന്ധ്രാ പ്രദേശിന്റെ സംസ്‌കാരവും പൈതൃകവും കലകളും പ്രോത്സാഹിപ്പിക്കുന്നതിന് കെട്ടിടങ്ങളും സ്‌പേസുകളും ആന്ധ്രയുടെ വാസ്തുവിദ്യാ പൈതൃകം പ്രതിഫലിപ്പിക്കുന്നതാവണമെന്നും ആര്‍ക്കിടെക്റ്റുകള്‍ ആവശ്യപ്പെട്ടു.

 

Comments

comments

Categories: Auto, Top Stories

Related Articles