ലോകം പണിതുയര്‍ത്തപ്പെടുന്നതിങ്ങനെ

ലോകം പണിതുയര്‍ത്തപ്പെടുന്നതിങ്ങനെ

ആഗോളസാമ്പത്തിക മേഖലയിലെ നിര്‍ണായകപങ്കാളിത്തമാണ് നിര്‍മാണമേഖലയുടേത്. ആധുനികത സംയോജിപ്പിച്ചുകൊണ്ടുള്ളതാണ് ലോകത്ത് ഇന്നു കാണുന്ന പ്രധാന നിര്‍മിതികളെല്ലാം

സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും നിര്‍ണായകരംഗമാണ് നിര്‍മാണമേഖല. വികസിത, വികസ്വര സമ്പദ് രംഗങ്ങളില്‍ നിര്‍മാണ മേഖലയ്ക്ക് തുല്യപ്രാധാന്യമുണ്ട്. സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍, ആറ് ശതമാനം വരുന്ന ആഗോള ജിഡിപിയിലെ സംഭാവന, വ്യാവസായികവും ആഭ്യന്തരവുമായ അടിസ്ഥാന സൗകര്യങ്ങള്‍,ഇതര ബിസിനസുകളുടെ അഭിവൃദ്ധി തുടങ്ങി നിര്‍മാണമേഖലയുടെ പങ്ക് അനിര്‍വചനീയമാണ്. വര്‍ഷങ്ങള്‍ കഴിയുന്തോറുമുണ്ടാവുന്ന ആഗോള പ്രവണതകളില്‍ അടിസ്ഥാനമേഖലയുടെ പ്രാധാന്യം ഒന്നുകൂടി വര്‍ധിക്കുകയാണ്.

നഗരപ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം, അടിസ്ഥാന സൗകര്യങ്ങളുടെ പ്രാധാന്യം വര്‍ധിച്ചത് തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിനുപിന്നിലുണ്ട്. പരമ്പരാഗതമായി നിര്‍മാണമേഖല മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ മടിച്ചുനില്‍ക്കുന്ന പ്രവണതയാണുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ 50 വര്‍ഷമായി ഈ സ്ഥിതിഗതികള്‍ മാറി വരികയാണ്. മറ്റുള്ള മേഖലകളില്‍ നിന്നു വിഭിന്നമായി ഈ മേഖലയില്‍ ഉല്‍പ്പാദനക്ഷമത വളരെയധികം വര്‍ധിച്ചു. എല്ലായിടത്തും അങ്ങനെയല്ലെങ്കില്‍ കൂടിയും അമേരിക്കയില്‍ ഇതിന്റെ പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്.

ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ്, വയര്‍ലസ് സെന്‍സറിംഗ്, 3ഡി പ്രിന്റിംഗ് തുടങ്ങിയ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ നിര്‍മാണ മേഖലയിലും പ്രയോഗിച്ചുതുടങ്ങി. ഇത് അടിസ്ഥാനസൗകര്യവികസന രംഗത്തും റിയല്‍ എസ്‌റ്റേറ്റ് രംഗത്തും കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഈ ആധുനിക സങ്കേതങ്ങള്‍ വ്യാപകമായി ഇനിയും ഉപയോഗപ്പെടുത്തിത്തുടങ്ങിയിട്ടില്ല.

ഇത്തരത്തില്‍ നൂതനവും അത്യന്താധുനികവുമായ രീതിയില്‍ നിര്‍മിക്കപ്പെട്ട ചില പദ്ധതികളാണ് റിപ്പോര്‍ട്ടിലൂടെ വെളിവാക്കുന്നത്. നിര്‍മാണമേഖല നല്‍കുന്ന മികച്ച സംഭാവനകള്‍ക്കൊപ്പം തന്നെ അവയുടെ ദൂഷ്യവശങ്ങളും പരിഗണിക്കേണ്ടതുണ്ട്.

ലോകത്തിലെ മൊത്തം കാര്‍ബണ്‍ പുറന്തള്ളലിന്റെ 25 മുതല്‍ 40 ശതമാനം വരെ നിര്‍മാണമേഖലയിലാണ്. ശക്തമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഇതുവഴിയുണ്ടാകുന്നത്. 10 ട്രില്യണ്‍ ഡോളറിന്റെ വാര്‍ഷികവരുമാനമാണ് ആഗോള തലത്തില്‍ മേഖല ഉറപ്പുവരുത്തുന്നത്. ഇന്ന് എന്‍ജിനീയറിംഗ് രംഗത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യം വര്‍ധിച്ചു വരികയാണ്. ബോര്‍ഡ് സസ്റ്റൈനബിള്‍ ബില്‍ഡിംഗ്, എംഎക്‌സ്3ഡി, അഡിടാസ്, വിന്‍സണ്‍, അപ്പ്‌ടേക്ക് എന്നവയാണ് ഇത്തരത്തിലുള്ള പ്രധാന സ്റ്റാര്‍ട്ടപ്പുകളും മര്‍മ്മപ്രധാന പദ്ധതികളും.

മേഖലയില്‍ പുതുമയുടെ അഭാവം തീരെയില്ലെന്നതാണ് ഏറ്റവും വലിയ കണ്ടെത്തല്‍. ഏത് ഇന്നൊവേഷനാണ് പ്രധാനം, ഏതാണ് കൂടുതല്‍ ഉചിതം എന്നു കണ്ടെത്തുകയാണ് കമ്പനികളെ സംബന്ധിച്ച ഏറ്റവും വലിയ വെല്ലുവിളി. ഇത്തരത്തില്‍ പുതുമയെ സംയോജിപ്പിച്ചുകൊണ്ട് ലോകത്തു തലയുയര്‍ത്തി നില്‍ക്കുന്ന വിസ്മയകരമായ ചില നിര്‍മിതികള്‍ ഉണ്ട്.

ലോകത്തിലെ ഏറ്റവും സുസ്ഥിരമായ ഓഫീസ് ബില്‍ഡിംഗ് ‘ദ എഡ്ജ് ‘, ഏറ്റവും വലിയ ആരോഗ്യ സ്ഥാപനമായ ‘കരോലിന്‍സ്‌ക ഹോസ്പിറ്റല്‍’, ജലമേഖലയുടെ ആഭിമാനമായ ‘ആംഗ്ലിയന്‍ വാട്ടേഴ്‌സ്‌’ സമൂഹികമായി ഏറെ അംഗീകരിക്കപ്പെട്ട പാര്‍പ്പിട സംവിധാനമായ ‘മൊലാദി’, ‘ബുര്‍ജ് ഖലീഫ’ എന്നിവയില്‍ കാണാവുന്നത് കലയുടെ മെയ്‌വഴക്കമാണ്. വ്യക്തമായ ഒരു ദര്‍ശനം വികസിപ്പിക്കുക, മികച്ച ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുക, ഉപഭോക്തൃ കേന്ദ്രീകൃതമായ സമീപനം തുടങ്ങി നിരവധി വിജയകരമായ ഘടകങ്ങള്‍ നൂതനമായ ഒരു നിര്‍മാണ പരിസ്ഥിതി ഉണ്ടാക്കിയെടുക്കാന്‍ സഹായകമായിട്ടുണ്ട്.

നിര്‍മാണ മേഖലയില്‍ ഇന്നൊവേഷനുകള്‍ പരീക്ഷിക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് പ്രധാനമായും മൂന്ന് കടമകളാണുള്ളത്. മികച്ച ഒരു നിയന്ത്രകന്‍, ദീര്‍ഘകാല ആസൂത്രകന്‍, പദ്ധതിയുടമ തുടങ്ങിയ റോളുകളാണ് സര്‍ക്കാരിന് കൈകാര്യം ചെയ്യാന്‍ സാധിക്കുക. നിര്‍മാണ മേഖലയുടെ ഔന്നത്യം പ്രകടമാവുന്ന പദ്ധതികളെക്കുറിച്ച് അറിയാം.

ദ എഡ്ജ്

ചടുലമായ സാങ്കേതികവിദ്യകളും വിതരണക്കാരുടെ സഹകരണവും സംയോജിപ്പിച്ചുകൊണ്ടാണ് ലോകത്തിലെ ഏറ്റവും സുസ്ഥിരമായ ഓഫീസ് സമുച്ചയം നിര്‍മിച്ചത്. പുതിയ ഉപയോക്താക്കളെയും തൊഴില്‍ മാതൃകയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ളതായിരിക്കണം ആധുനിക ഓഫീസ് കെട്ടിടങ്ങള്‍. ഉന്നതതലത്തില്‍ സുസ്ഥിരത ഉറപ്പുനല്‍കുന്ന തരത്തിലുള്ള നിര്‍മിതി ആവണമെന്നതായിരുന്നു എഡ്ജിന്റെ നിര്‍മാണത്തില്‍ വന്ന ഏറ്റവും വലിയ വെല്ലുവിളി. പുതിയ ആംസ്റ്റര്‍ഡാം ഓഫീസിനെ കുറിച്ച് ഡെറ്റ്‌റോയിറ്റ് നെതര്‍ലാന്‍ഡ്‌സ് ആലോചിച്ചപ്പോള്‍ത്തന്നെ ജോലിസ്ഥലം എന്നതിനൊപ്പം പാരിസ്ഥിതികകാര്യങ്ങള്‍ കൂടി പരിഗണിച്ചിരുന്നു. വിവിധ കെട്ടിടങ്ങളിലായി ചിതറിക്കിടക്കുന്ന കമ്പനിയുടെ 1,700 പ്രാദേശിക തൊഴിലാളികളെ ഒരൊറ്റ കെട്ടിടത്തിനു കീഴില്‍ കൊണ്ടുവരാനാണ് അവര്‍ ഉദ്ദേശിച്ചത്.

ഇന്ന് ഒരു പരമ്പരാഗത ഒാഫീസിലെ ഡെസ്‌കിന്റെ 50 ശതമാനവും പ്രവൃത്തിസമയത്ത് തന്നെ ജീവനക്കാരുടെ അഭാവം കൊണ്ടു ശ്രദ്ധേയമാണ്. ഇത് സ്ഥലത്തിന്റെ കാര്യത്തില്‍ വലിയ ദുര്‍വ്യയം ഉണ്ടാക്കുന്നു. സുസ്ഥിരതയും വഴക്കവും തന്നെയാണ് നിര്‍മാണഘട്ടത്തില്‍ ശ്രദ്ധിച്ച പ്രധാനകാര്യം. ഒവിജി റിയല്‍ എസ്റ്റേറ്റ് വികസിപ്പിച്ച്, പിഎല്‍പി ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ ചെയ്ത ദ എഡ്ജ് 2014ലാണ് പൂര്‍ത്തിയായത്.

ഇതിന്റെ 40,000 ചതുരശ്രമീറ്റര്‍ വരുന്ന തറവിസ്തൃതി സുസ്ഥിരതയിലും സാങ്കേതികതയിലും വഴക്കത്തിലും ഉപയോക്താക്കള്‍ക്ക് പ്രദാനം ചെയ്യുന്ന അനുഭവത്തിലുമെല്ലാം പുതിയ നിലവാരമാണ് കൊണ്ടുവന്നത്. ഊര്‍ജത്തിന്റെ ആവശ്യകത കുറച്ചുകൊണ്ട് എങ്ങനെ നിര്‍മിതികള്‍ മികവുറ്റതാക്കാം എന്നും കാണിച്ചു തരുന്നു. വടക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന സ്ഫടികനിര്‍മിതമായ നടുമുറ്റമാണ് നിര്‍മാണത്തിലെ ഏറ്റവും വലിയ സവിശേഷത. മറ്റെവിടെയും പ്രയോഗിച്ചിട്ടില്ലാത്ത 21 പുതിയ ഇന്നൊവേഷനുകളാണ് ഇവിടെ അവതരിപ്പിച്ചിട്ടുള്ളത്.

ന്യൂ കരോളിന്‍സ്‌ക ഹോസ്പിറ്റല്‍

പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കിയ ഏറ്റവും വലിയ ആശുപത്രിയാണിത്. സമയക്രമം, പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ള ശക്തമായ നിരീക്ഷണം, പഴയ ആശുപത്രി നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാമാണ് നിര്‍മാണഘട്ടത്തില്‍ അഭിമുഖീകരിക്കേണ്ടിവന്നിട്ടുള്ള പ്രധാന വെല്ലുവിളികള്‍. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യവും ആരോഗ്യരംഗത്തെ ഭാവി പ്രവണതകള്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കുന്ന വിധത്തിലുമായിരിക്കണം നിര്‍മിതി എന്നതു പ്രധാനമാണ്. പൂര്‍ത്തിയാക്കപ്പെട്ടപ്പോള്‍ 32,000 ചതുരശ്രമീറ്ററിലുള്ള ആശുപത്രിയില്‍ 12,000 മുറികളും, 35 ഓപ്പറേഷന്‍ തിയേറ്ററുകളും, 17 എംആര്‍ഐ യൂണിറ്റുകളുമുണ്ടായിരുന്നു.

ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് (ബിഐഎം) ആണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. രൂപകല്‍പ്പനയില്‍ പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകളാണ് ഏറെയും ഉപയോഗപ്പെടുത്തിയിട്ടുള്ളത്. കെട്ടിടങ്ങളുടെയോ സ്ഥലങ്ങളുടെയോ, ഭൗതികവും നിര്‍വ്വഹണപരവുമായ സവിശേഷതകളെ ഡിജിറ്റല്‍ രൂപത്തില്‍ പ്രതിനിധീകരിക്കുകയും, അത്തരം മാതൃകകളുടെ സൃഷ്ടിയും, നടത്തിപ്പും ഉള്‍പ്പെടുന്ന പ്രക്രിയയാണ് കെട്ടിട വിവര മാതൃക.

കെട്ടിടം കാഴ്ചയില്‍ എങ്ങനെയിരിക്കും എന്നതു മാത്രമല്ല, കെട്ടിടത്തിന്റെ നിര്‍മ്മാണച്ചെലവ്, സാമഗ്രികള്‍, നിര്‍മ്മാണം, പരിപാലനം, ഊര്‍ജ്ജ ഉപഭോഗം തുടങ്ങി നിരവധി വിവരങ്ങള്‍ ബിള്‍ഡിംഗ് ഇന്‍ഫൊര്‍മേഷന്‍ മോഡലില്‍ നിന്നും ലഭിക്കും. മൂന്നു ബില്യണ്‍ ഡോളറാണ് പദ്ധതിക്കായി നിക്ഷേപിക്കപ്പെട്ടത്. ഇതില്‍ 1.6 ബില്യണ്‍ നിര്‍മാണത്തിനു ചെലവായി. 2010ല്‍ ആരംഭിച്ച നിര്‍മാണം 2017ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശുപത്രി കെട്ടിടത്തോടൊപ്പം തന്നെ പാര്‍ക്കിംഗ് ഗാരേജ്, റിസര്‍ച്ച് ബില്‍ഡിംഗ്, ടെക്‌നോളജി ബില്‍ഡിംഗ്, കാന്‍സര്‍ ട്രീറ്റ്‌മെന്റ് എന്നിവയും ഇതിന്റെ കൂടെയുണ്ട്.

മൊലാദി കണ്‍സ്ട്രക്ഷന്‍ സിസ്റ്റം

സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വ്യാപിപ്പിക്കാനും കുറഞ്ഞ സാങ്കേതികതയില്‍ താങ്ങാവുന്ന ബില്‍ഡിംഗ് സൊല്യൂഷന്‍. ഇതാണ് മൊലാദി കണ്‍സ്ട്രക്ഷന്‍ സിസ്റ്റത്തെക്കുറിച്ചുള്ള വിശദീകരണം. മറ്റുള്ള വികസ്വര രാജ്യങ്ങളെപ്പോലെ തന്നെ വരുമാനത്തിന്റെ കാര്യത്തില്‍ വളരെ താഴേക്കിടയില്‍ നില്‍ക്കുന്നവര്‍ക്കായി സാമൂഹിക അടിസ്ഥാനസൗകര്യങ്ങളും താങ്ങാവുന്ന രീതിയിലുള്ള ഹൗസിംഗും ടാന്‍സാനിയയ്ക്കും ഉറപ്പുവരുത്തണമായിരുന്നു.

പ്രതിവര്‍ഷം ഏഴ് ശതമാനം വരെയുള്ള വളര്‍ച്ച നേടിയെടുക്കുന്ന ശക്തമായ സാമ്പത്തികവ്യവസ്ഥയാണ് ടാന്‍സാനിയ. എന്നാല്‍ മറ്റുള്ള ആഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെ തന്നെ പൊതുസേവനങ്ങള്‍ ഉറപ്പു വരുത്തുന്നതില്‍ രാജ്യം വളരെ പിന്നിലാണ്.

നീതിന്യായ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 3,115 കോടതി മുറികളുടെ അഭാവമാണ് രാജ്യത്തുള്ളത്. ഗ്രാമപ്രദേശങ്ങളിലെ ചിലമേഖലകളില്‍ കോടതിക്കെട്ടിടങ്ങള്‍ പോലുമില്ല. ഇപ്പോള്‍ ലോകബാങ്കിന്റെ സഹകരണത്തോടെ ജുഡീഷ്യല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇവിടെ നിശ്ചിതസമയത്തിനുള്ളില്‍ ചെലവു കുറഞ്ഞ നിര്‍മാണരീതിയായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ടാന്‍സാനിയ അഭിമുഖീകരിക്കുന്ന സാമൂഹ്യഅടിസ്ഥാനസൗകര്യങ്ങളില്‍ ഒന്നുമാത്രമാണിത്.

മൂന്ന് മില്യണ്‍ യൂണിറ്റിന്റെ പാര്‍പ്പിടക്കമ്മിയാണ് ഇവിടെയുള്ളത്. ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുകയും തൊഴില്‍രഹിതര്‍ക്ക് പരിശീലനം നല്‍കുകയുമാണ് ചെയ്തതെന്നു മൊലാദിയുടെ സ്ഥാപകനും സിഇഒയുമായ ഹെനി ബോട്‌സ് പറയുന്നു. പ്രാദേശിക അസംസ്‌കൃതവസ്തുക്കളെയും തൊഴിലാളികളെയും പ്രയോജനപ്പെടുത്തിയായിരുന്നു നിര്‍മ്മിതി. അതുവഴി പ്രാദേശിക സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുകയും ചെയ്തു. ഉന്നതനിലവാരത്തില്‍, വളരെ വേഗത്തില്‍, കുറഞ്ഞ ചെലവില്‍, കുറഞ്ഞ പാരിസ്ഥിതിക പ്രത്യാഘാതങ്ങളോടെയാണ് മൊലാദി തങ്ങളുടെ നിര്‍മിതികള്‍ ഒരുക്കുന്നത്.

ബുര്‍ജ് ഖലീഫ

നൂതനമാര്‍ഗങ്ങളും സങ്കേതങ്ങളും ഉപയോഗിച്ച് നിര്‍മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം. റെക്കോര്‍ഡ് തിരുത്തുന്ന അംബരചുംബിയായ ഒരു കെട്ടിടം നിര്‍മിക്കുക എന്നതു തന്നെയായിരുന്നു ഇവിടെ ഏറ്റവും വലിയ വെല്ലുവിളി. 828 മീറ്റര്‍ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ള മനുഷ്യനിര്‍മ്മിതികളില്‍ ഏറ്റവും ഉയരം കൂടിയതാണ്. ഇതിന്റെ നിര്‍മ്മാണം തുടങ്ങിയത് 21 സെപ്റ്റംബര്‍ 2004 നാണ്. ദുബായിയിലെ പ്രധാന ഗതാഗത പാതയായ ഷേക് സായിദ് റോഡിനടുത്തായി നിലകൊള്ളുന്ന ഈ കൂറ്റന്‍ സമുച്ചയത്തിന്റെ ശില്‍പ്പി അഡ്രിയാന്‍ സ്മിത്ത് ആണ്. ബുര്‍ജ് ദുബായിയുടെ പ്രധാന നിര്‍മ്മാണ കരാറുകാര്‍ സാംസങ്ങ്, ബേസിക്‌സ്, അറബ്‌ടെക് എന്നീ കമ്പനികളാണ്.

നിര്‍മ്മാണ മേല്‍നോട്ടം ടര്‍ണര്‍ എന്ന കമ്പനിയാണ് ഏറ്റെടുത്തത്. അനുഭവസമ്പത്തുള്ള ഒരു ടീമിനെ വികസിപ്പിച്ചെടുക്കുക, വിതരണക്കാരുമായി അടുത്തിടപഴകുക, ഉന്നതനിലവാരത്തിലും ഉയരത്തിലുമുള്ള നിര്‍മിതി ഉറപ്പുവരുത്തുക തുടങ്ങിയ രീതികളാണ് അവലംബിച്ചത്. ബുര്‍ജ് ദുബായ് ടവര്‍ എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ബുര്‍ജ് ഖലീഫയുടെ നിര്‍മാണം 2002ല്‍ പദ്ധതിയിട്ടപ്പോള്‍ത്തന്നെ നൂതനമായ ഒട്ടേറെ സങ്കേതങ്ങള്‍ ഇതിന് ആവശ്യമാണെന്ന് വ്യക്തമായിരുന്നു. ഡിസൈനിലും നിര്‍മാണത്തിലും ബില്‍ഡിംഗ് ടെക്‌നോളജിയിലും ഈ ആധുനികത അനിവാര്യമായിരുന്നു.

550 മീറ്റര്‍ ഉയരത്തിലായിരുന്നു ആദ്യത്തെ ഡിസൈന്‍ എന്നാല്‍ പിന്നീട് ഇത് 750 മീറ്ററായി വര്‍ധിപ്പിച്ചു. പ്രവര്‍ത്തനപരിചയം ഏറെയുള്ള അന്താരാഷ്ട്രനിലവാരത്തിലുള്ള ടീം, അനുയോജ്യമായ ലോജിസ്റ്റിക്‌സ് പദ്ധതികള്‍, സര്‍ക്കാരിന്റെയും മറ്റ് ഓഹരി ഉടമകളുടെയും ശക്തമായ ഇടപെടല്‍ എന്നിവയും നിര്‍മാണത്തില്‍ ഏറെ മുതല്‍ക്കൂട്ടായി. തീം സജ്ജമാക്കുന്നതിനായി ഡെവലപ്പര്‍മാരായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് ലോകത്തെമ്പാടുമുള്ള പ്രോജക്റ്റ് ടീം അംഗങ്ങളെ കൂട്ടിയിണക്കുന്നതിനായി ശ്രമിച്ചിരുന്നു. ചിക്കാഗോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്‌കിഡ്‌മോര്‍ ഓവിംഗ് ആന്റ് മെറിലാണ് രൂപഘടന തയാറാക്കിയത് ടര്‍ണര്‍ ഇന്റര്‍നാഷണലില്‍ നിന്നുള്ള കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് ടീം 2003ലാണ് ഒപ്പം ചേര്‍ന്നത്.

ആംഗ്ലിയന്‍ വാട്ടേഴ്‌സ് അറ്റ് വണ്‍ അലയന്‍സ്

കരാറുകാരും വിതരണക്കാരും തമ്മില്‍ ഒരു സഹകരണമുണ്ടാക്കി അതുവഴി നിര്‍മാണവും അടിസ്ഥാന സൗകര്യവികസന ആസ്തിയും മെച്ചപ്പെടുത്തുകയെന്ന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. ഉല്‍പ്പന്നത്തെ പ്രാമാണീകരിക്കാനുള്ള വിശാലപദ്ധതി ആയാണ് ഇത് ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. വിശ്വാസ്യത, സുസ്ഥിരത, താങ്ങാവുന്ന ചെലവ്, തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും എന്നിവയാണ് ഇവിടെ വെല്ലുവിളികളായി വന്നത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഏറ്റവും വലിയ വേസ്റ്റ് വാട്ടര്‍ കമ്പനിയാണ് ആംഗ്ലിയന്‍ വാട്ടേഴ്‌സ്‌. കിഴക്കന്‍ ഇംഗ്ലണ്ടില്‍ മൊത്തം ആറ് മില്യണ്‍ ഉപഭോക്താക്കളാണ് ഇവര്‍ക്കുള്ളത്.

4,200 തൊഴിലാളികളുമുണ്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായവും ഇതോടൊപ്പം തേടി. കരാറുകാരും നിര്‍മാതാക്കളും തമ്മിലുള്ള ഈ കൂട്ടായ്മ പ്രധാനമായും ചെലവ് കുറയ്ക്കുന്നതിലേക്കാണ് നയിച്ചത്. കാര്‍ബണ്‍ പുറന്തള്ളുന്നതും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ഇവര്‍ക്ക് നിര്‍മാണഘട്ടത്തില്‍ സാധിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ മൂല്യം വര്‍ധിക്കുകയും ചെയ്തു. പരമ്പരാഗതചിന്താഗതികളും സംസ്‌കാരവും മാതൃകകളും മാറ്റിച്ചിന്തിക്കുന്നതിലും മികച്ച സഖ്യങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിലും ദീര്‍ഘകാല പങ്കാളിത്തം ഉറപ്പാക്കുന്നതിലുമാണ് വിജയമെന്ന് ഇതില്‍ നിന്ന് മനസിലാക്കേണ്ടതുണ്ട്.

Comments

comments

Categories: FK Special