2018ല്‍ ടൈറ്റാനിക്ക് കപ്പല്‍ യാത്ര വീണ്ടും, ടിക്കറ്റ് എല്ലാം വിറ്റഴിച്ചു

2018ല്‍ ടൈറ്റാനിക്ക് കപ്പല്‍ യാത്ര വീണ്ടും, ടിക്കറ്റ് എല്ലാം വിറ്റഴിച്ചു

ലണ്ടന്‍: 1912-ല്‍ ടൈറ്റാനിക് കപ്പലില്‍ യാത്ര ചെയ്യുക എന്നത് ആഢംബരമായിട്ടാണു വിശേഷിപ്പിച്ചിരുന്നത്. 1912 വര്‍ഷം പിന്നിട്ട് ഇപ്പോള്‍ 2017ലെത്തി. എങ്കിലും ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ടൈറ്റാനിക്കിലാണു യാത്രയെങ്കില്‍ അതിനെ ഇന്നും ആഢംബരമായിട്ടേ വിശേഷിപ്പിക്കൂ എന്നാണ് ലണ്ടനില്‍നിന്നുള്ള വാര്‍ത്തകള്‍ നമ്മളോട് പറയുന്നത്.

ബ്ലൂ മാര്‍ബിള്‍ പ്രൈവറ്റ് എന്ന ലണ്ടന്‍ ആസ്ഥാനമായ ട്രാവല്‍ കമ്പനി നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലെ 12,415 അടി ആഴത്തില്‍ വിശ്രമിക്കുന്ന ടൈറ്റാനിക് കപ്പലിന്റെ മേല്‍ത്തട്ടിലൂടെ(deck) സഞ്ചരിക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ്. 2018 മെയ് മാസമായിരിക്കും യാത്ര സംഘടിപ്പിക്കുന്നത്. യാത്രയ്ക്കായി ഒരാള്‍ക്ക് ഈടാക്കിയിരിക്കുന്നത് 1,05,129 ഡോളര്‍ (ഏകദേശം 68,85,949 രൂപ) സീറ്റുകളുടെ ബുക്കിംഗ് അവസാനിച്ചു.

1912-ല്‍ RMS Titanic കപ്പല്‍ ഇംഗ്ലണ്ടിലെ സതാംപ്ടണില്‍നിന്നും ന്യൂയോര്‍ക്കിലേക്ക് നടത്തിയ ആദ്യ യാത്രയില്‍ ഒരാള്‍ക്ക് ഈടാക്കിയ തുക 4,350 ഡോളറായിരുന്നു. ഇത് ഫസ്റ്റ് ക്ലാസ് യാത്രാ നിരക്കായിരുന്നു. ഈ തുകയ്ക്ക് തുല്യമാണ് 2018 മെയ് മാസം നടത്താന്‍ പോകുന്ന യാത്രാ നിരക്കായ 1,05,129 ഡോളറെന്നു ബ്ലൂ മാര്‍ബിള്‍ പ്രൈവറ്റ് എന്ന കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

2018 മെയ് മാസം ടൈറ്റാനിക് കപ്പലിലേക്കു നടത്താനിരിക്കുന്ന എട്ട് ദിവസത്തെ യാത്ര കാനഡയിലെ ന്യുഫൗണ്ട്‌ലാന്‍ഡില്‍ നിന്നുമായിരിക്കും ആരംഭിക്കുക. വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാന്‍ സജ്ജമാക്കിയെടുത്ത പ്രത്യേക വാഹനത്തിലായിരിക്കും യാത്രക്കാരെ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്കു കൊണ്ടു പോവുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ വിശ്രമിക്കുന്ന ടൈറ്റാനിക് കപ്പലില്‍ മൂന്ന് മണിക്കൂറിലേറെ സമയം ചെലവഴിക്കാന്‍ യാത്രക്കാര്‍ക്കു സൗകര്യമൊരുക്കും.

269 മീറ്റര്‍ നീളമുള്ള ടൈറ്റാനിക്കിന്റെ പ്രവേശന കവാടത്തിലും, കപ്പലിനുള്ളിലെ നിലവറയിലും, മേല്‍ത്തട്ടിലുമൊക്കെ യാത്രക്കാരെ കൂട്ടിക്കൊണ്ടു പോവും. 20-)o നൂറ്റാണ്ടിലെ ഏറ്റവും വലിയ മാരിടൈം ദുരന്തമെന്നാണു ടൈറ്റാനിക്ക് കപ്പല്‍ മുങ്ങിയതിനെ വിശേഷിപ്പിക്കുന്നത്. 1912-ല്‍ മുങ്ങിയതാണെങ്കിലും 32 വര്‍ഷം മുന്‍പ് റോബര്‍ട്ട് ബല്ലാര്‍ട് എന്നയാളാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

Comments

comments

Categories: Top Stories, Trending