തരൂരും ആര്‍എസ്എസും ബ്രിട്ടീഷ് കൊളോണിയലിസവും

തരൂരും ആര്‍എസ്എസും ബ്രിട്ടീഷ് കൊളോണിയലിസവും

ഭാരതീയ മനസുകള്‍ കൊളോണിയല്‍ ചിന്താഗതിയില്‍ നിന്നും പൂര്‍ണമായും വിമുക്തമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് ശശി തരൂരും രാഷ്ട്രീയ സ്വയം സേവകസംഘവും ഒരു പോലെ ശക്തമായി വാദിക്കുന്ന അപൂര്‍വം ചില വിഷയങ്ങളിലൊന്നാണ് ഇതെന്നതും ശ്രദ്ധേയമാണ്

ദിപിന്‍ ദാമോദരന്‍

സത്യവും നുണയും അവ്യക്തമാക്കപ്പെടുമ്പോഴാണ് പലപ്പോഴും ഒരു സമൂഹം അതിന്റെ അസ്തിത്വത്തില്‍ നിന്ന്, ചരിത്രത്തില്‍ നിന്ന് പറിച്ചു നടപ്പെടുന്നത്. അത് ഭാരതത്തിന്റെ കാര്യത്തിലും സംഭവിച്ചു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നാം സാക്ഷികളായതും അതിനാണ്. ഇടതുപക്ഷ ബുദ്ധിജീവികളും ബ്രിട്ടീഷ് ആജ്ഞാനുവര്‍ത്തികളും നെഹ്‌റൂവിയന്‍ സോഷ്യലിസ്റ്റുകളും ഒന്നിച്ചു ചേര്‍ന്നപ്പോള്‍ ഭാരത ചരിത്രം അതിഭയാനകമായ രീതിയില്‍ വളച്ചൊടിക്കപ്പെട്ടു. അതിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷമായിരുന്നു. ഒരു തലമുറയെ മുഴുവന്‍ സ്വന്തം പൈതൃകത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ചു അത്, അബദ്ധജടിലങ്ങളായ വിവരങ്ങളും കണക്കുകളും ചിന്താധാരകളും ജനങ്ങളില്‍ കുത്തിനിറയ്ക്കാനായിരുന്നു ആസൂത്രിതമായ ശ്രമങ്ങള്‍ ഇവിടെ നടന്നത്.

രാഷ്ട്രീയ സ്വയംസേവക സംഘ(ആര്‍എസ്എസ്)ത്തിന്റെ അനുഗ്രഹാശ്ശിസുകളോടെ ദേശീയ ചിന്താധാര വെച്ചുപുലര്‍ത്തുന്ന ചരിത്രകാരന്‍മാര്‍ മുകളില്‍ പറഞ്ഞ വിഭാഗത്തിനെതിരെ ആശയപരമായ യുദ്ധം നടത്തിയെങ്കിലും പലപ്പോഴും അതിന് മൂര്‍ച്ച പോരായിരുന്നു. വ്യത്യസ്ത തലങ്ങളില്‍, പല ഭാവങ്ങളില്‍ അത് ഇപ്പോള്‍ ശക്തിയാര്‍ജ്ജിച്ച് വരുന്നുണ്ടെന്നത് ശരി തന്നെയാണ്. എങ്കിലും അരുണ്‍ ഷൂരിയെപ്പോലുള്ളവര്‍ പല കാരണങ്ങളാല്‍ ആ മുന്നേറ്റത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുകയോ മാറിനിന്നു പോകുകയോ ചെയ്യുന്നുമുണ്ട്.

ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാവും ആഗോള വ്യക്തിത്വ പ്രഭാവവുമുള്ള ശശി തരൂര്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ആവര്‍ത്തിച്ചു നടത്തുന്ന അതിശക്തമായ ആശയസമരം പ്രസക്തമാകുന്നത്. ഇതിന് വ്യത്യസ്തമായ നിരവധി മാനങ്ങള്‍ ചാര്‍ത്തിനല്‍കാന്‍ സാധിക്കും. കാരണം, രൂപമെടുത്തതു മുതല്‍ ശശി തരൂര്‍ പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗം എന്നും അത്ര തീവ്രമായ ബ്രിട്ടീഷ് വിരുദ്ധതയുടെ വക്താക്കളായിരുന്നില്ല എന്നതു തന്നെ.

അതിശക്തമായ ബ്രിട്ടീഷ് വികാരം വെച്ചുപുലര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാം തന്നെ അതതു കാലങ്ങളിലെ റിബലിസ്റ്റിക് സ്വഭാവമുള്ളവരായിരുന്നു. ജര്‍മനിയോടും ജപ്പാനോടും കൂട്ടുകൂടിയ രാഷ്ട്ര നായകന്‍ നേതാജി സുഭാഷ് ചന്ദ്രബോസിനേക്കാള്‍ എന്നും കോണ്‍ഗ്രസിന് സ്വീകാര്യമായിരുന്നത്‌ മോഹന്‍ദാസ് ഗാന്ധിയും നെഹ്രുവുമായിരുന്നുവെന്നതും ഈ പശ്ചാത്തലത്തില്‍ വേണം ഓര്‍ത്തെടുക്കാന്‍.

തരൂരിന്റെ ബ്രിട്ടീഷ് വിരുദ്ധതയിലേക്ക് തിരിച്ചുവരാം. അതിന് തീര്‍ത്തും യുക്തിപരമായ മാനമാണ് ഹിന്ദുത്വ ചരിത്രകാരന്‍മാര്‍ കല്‍പ്പിച്ചു നല്‍കുന്നത്. അല്‍ജസീറ ഡോട്ട്‌കോമിനു വേണ്ടി അടുത്തിടെ എഴുതിയ ലേഖനത്തില്‍ തന്റെ ബ്രിട്ടീഷ് വിരുദ്ധത അതിശക്തമായി അവതരിപ്പിച്ചിരുന്നു തരൂര്‍. ബ്രിട്ടീഷ് മുതലാളിത്വത്തിന്റെ അതിക്രൂരമായ മനുഷ്യത്വരഹിത ചെയ്തികളെ അദ്ദേഹം തുറന്നുകാട്ടി. സാമ്പത്തികമായി ശക്തമായിരുന്ന ഒരു രാഷ്ട്രത്തെ കൊള്ളയടിച്ച് കുട്ടിച്ചോറാക്കിയതിന്റെ ചരിത്രമാണ് ബ്രിട്ടന് പറയാനുള്ളതെന്ന് തരൂര്‍ സമര്‍ത്ഥിക്കുന്നു.

“ഞാന്‍ അടുത്തിടെ ഇന്ത്യന്‍ സര്‍ക്കാരിന് ഒരു കത്തയച്ചിട്ടുണ്ട്. നമ്മുടെ പ്രശസ്ത പൈതൃക കെട്ടിടങ്ങളിലൊന്നായ കൊല്‍ക്കത്തയിലെ വിക്‌റ്റോറിയ മെമ്മോറിയല്‍ ഒരു മ്യൂസിയമായി രൂപാന്തരപ്പെടുത്തണമെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ക്രൂരതകള്‍ പ്രതിഫലിപ്പിക്കുന്ന മ്യൂസിയമായിരിക്കണം അത്,” തരൂര്‍ ലേഖനത്തില്‍ എഴുതി.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ വിശകലനം ചെയ്യുമ്പോള്‍ തരൂരിന്റെ വാദങ്ങള്‍ പരിഗണിക്കപ്പെടേണ്ടവയാണെന്നതാണ് വസ്തുത. 1900ത്തിനും 1950നും ഇടയ്ക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് .8 ശതമാനം മാത്രമായിരുന്നു. ലോക വരുമാനത്തിലേക്കുള്ള ഇന്ത്യയുടെ വിഹിതം കൂപ്പുകുത്തിയത് 3.8 ശതമാനത്തിലേക്കും

3.5 കോടി ഇന്ത്യക്കാരാണ് ബ്രിട്ടന്റെ കിരാത ഭരണത്തില്‍ കൊല്ലപ്പെട്ടതെന്നും തരൂര്‍ പറയുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ മഹത്വവല്‍ക്കരിച്ചതിന്റെ അടയാളമായാണ് ഇന്ന് കൊല്‍ക്കത്തയിലെ വിക്‌റ്റോറിയ സ്മാരകം വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത് ബ്രിട്ടന്റെ ക്രൂരതകള്‍ വ്യക്തമാക്കുന്ന മ്യൂസിയമായി മാറ്റണമെന്ന തരൂരിന്റെ ആവശ്യത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ബ്രിട്ടീഷുകാര്‍ ഇന്ത്യക്ക് സമ്മാനിച്ച മികച്ച കാര്യമെന്ന് നമ്മളെല്ലാം അഭിമാനിക്കുന്ന റെയ്ല്‍വെയെ വരെ തരൂര്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യയുടെ സമ്പത്ത് ബ്രിട്ടനിലേക്ക് കടത്താനും അവരുടെ സൗകര്യത്തിനും വേണ്ടി ഉണ്ടാക്കിയ മാര്‍ഗ്ഗമായിരുന്നു അതെന്നാണ് തരൂര്‍ പറയുന്നത്. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം എത്തുന്നതിനോട് അനുബന്ധിച്ച് ബ്രിട്ടീഷ് രാജകുടുംബം അവിടെ വന്ന് മാപ്പ് പറയണമെന്ന അദ്ദേഹത്തിന്റെ അഭിപ്രായവും ശക്തമായ ദേശീയ വികാരങ്ങളുള്ള ഒരു നേതാവിനെയാണ് അടയാളപ്പെടുത്തുന്നത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തുന്നതിന് മുമ്പ് ആഗോള ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) യിലേക്കുള്ള ഭാരതത്തിന്റെ സംഭാവന 27 ശതമാനമായിരുന്നുവെന്നും അവര്‍ ഇവിടം വിട്ടുപോയത് ഈ രാഷ്ട്രത്തെ അധോഗതിയിലെത്തിച്ചതിനു ശേഷമാണെന്നുമുള്ള അഭിപ്രായമാണ് തരൂര്‍ പങ്കുവെക്കുന്നത്.

തരൂര്‍ അല്‍ജസീറയില്‍ എഴുതിയ ലേഖനത്തില്‍ ഒരു കാര്യം വല്ലാതെ നിഴലിക്കുന്നുണ്ട്. ശശി തരൂര്‍ എന്ന രാഷ്ട്രീയ നേതാവിനെ എങ്ങനെ ലോകം വിലയിരുത്തിയാലും ആ വാക്കുകളില്‍ അതിശക്തമായ ദേശീയത പ്രതിഫലിക്കുന്നുണ്ട്. ഒരു ഗ്ലോബലിസ്റ്റായ നേതാവിന്റെ അപകടകരമല്ലാത്ത തീവ്രദേശീയത. ഭാരതത്തിന്റെ പ്രാചീന പ്രൗഢിയില്‍ അഭിമാനിക്കുന്ന ഒരു നേതാവിനെയാണ്  അദ്ദേഹത്തില്‍ കാണാന്‍ സാധിക്കുന്നത്.

1925ല്‍ രൂപീകൃതമായതു മുതല്‍ ആര്‍എസ്എസും ഉയര്‍ത്തിപ്പിടിക്കുന്നത് ഇതേ ആശയം തന്നെയാണ്. ലോക നേതാവായിരുന്ന ഇന്ത്യയെ കൊള്ളയടിച്ചത് ബ്രിട്ടന്‍ ആണെന്ന് അവര്‍ പതിറ്റാണ്ടുകളായി വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നു.

ബ്രിട്ടീഷ് യുഗത്തിന് മുമ്പ്

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ വിശകലനം ചെയ്യുമ്പോള്‍ തരൂരിന്റെ വാദങ്ങള്‍ പരിഗണിക്കപ്പെടേണ്ടവയാണെന്നതാണ് വസ്തുത. 1900ത്തിനും 1950നും ഇടയ്ക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് .8 ശതമാനം മാത്രമായിരുന്നു. ലോക വരുമാനത്തിലേക്കുള്ള ഇന്ത്യയുടെ വിഹിതം കൂപ്പുകുത്തിയത് 3.8 ശതമാനത്തിലേക്കും. കൊളോണിയല്‍ ഭരണത്തിനു മുമ്പുള്ള ചില മാജിക്കല്‍ ജിഡിപി കണക്കുകളുമായാണ് ഇതിനെ താരതമ്യം ചെയ്യേണ്ടത്. അത് തീര്‍ച്ചയായും സമ്പല്‍ സമൃദ്ധിയുടെ ഒരു കാലഘട്ടം തന്നെയായിരുന്നു. യൂറോപ്പിനെ വെല്ലുവിളിക്കാന്‍ പാകത്തിലുള്ള ഒരു സാമ്പത്തിക സംവിധാനം നമുക്കുണ്ടായിരുന്നു താനും.

മാഡ്ഡിസണ്‍ നടത്തിയ പഠനം പറയുന്നത് ഇന്ത്യയും ചൈനയുമായിരുന്നു മുന്‍യുഗത്തിലെ ലോകനേതാക്കള്‍ എന്നാണ്. 1000 എഡിയില്‍ ഇരു രാജ്യങ്ങളും കൂടി ലോക ജിഡിപിയിലേക്ക് സംഭാവന ചെയ്തിരുന്നത് 50.5 ശതമാനമായിരുന്നു. പകുതിയിലധികം സമ്പദ് വ്യവസ്ഥയുടെ അധിപര്‍ ഈ രണ്ട് രാജ്യങ്ങളായിരുന്നു എന്നര്‍ത്ഥം. 1600ല്‍ എത്തിയപ്പോള്‍ ഇരു രാജ്യങ്ങളുടെയും സംഭാവന 51.4 ശതമാനമായി മാറി

ചരിത്രത്തില്‍ എല്ലാ അധിനിവേശക്കാരും ചെയ്തതു പോലെ ബ്രിട്ടീഷുകാരും ഭാരതത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയായിരുന്നു. സുപ്രസിദ്ധ ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന (1926-2010) അന്‍ഗസ് മാഡ്ഡിസണ്‍ ജിഡിപി കണക്കുകളെ കുറിച്ച് നടത്തിയ പഠനത്തില്‍ അത് സുവ്യക്തമായി പറയുന്നുണ്ട്. എഡി ഒന്നാം നൂറ്റാണ്ടിലേക്ക് വരെ നീളുന്നതാണ് അദ്ദേഹത്തിന്റെ ജിഡിപി പഠനം. സാമ്പത്തിക മുരടിപ്പിന്റെ കറുത്ത യുഗത്തിലേക്ക് ബ്രിട്ടന്‍ ഇന്ത്യയെ എങ്ങനെയെത്തിച്ചുവെന്ന് അദ്ദേഹത്തിന്റെ കണക്കുകള്‍ അടിവരയിടുന്നു.

ലോക നേതാക്കള്‍ ഇന്ത്യയും ചൈനയും

മാഡ്ഡിസണ്‍ നടത്തിയ പഠനം പറയുന്നത് ഇന്ത്യയും ചൈനയുമായിരുന്നു മുന്‍യുഗത്തിലെ ലോകനേതാക്കള്‍ എന്നാണ്. 1000 എഡിയില്‍ ഇരു രാജ്യങ്ങളും കൂടി ലോക ജിഡിപിയിലേക്ക് സംഭാവന ചെയ്തിരുന്നത് 50.5 ശതമാനമായിരുന്നു. പകുതിയിലധികം സമ്പദ് വ്യവസ്ഥയുടെ അധിപര്‍ ഈ രണ്ട് രാജ്യങ്ങളായിരുന്നു എന്നര്‍ത്ഥം. 1600ല്‍ എത്തിയപ്പോള്‍ ഇരു രാജ്യങ്ങളുടെയും സംഭാവന 51.4 ശതമാനമായി മാറി. ഇന്ത്യയുടെ വിഹിതം 22.4 ശതമാനവും ചൈനയുടേത് 29 ശതമാനവുമായിരുന്നു. 100 വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ ചൈന അല്‍പ്പം പുറകിലായി. ഇന്ത്യയുടെ സംഭാവന 24.4 ശതമാനമായി കൂടുകയും ചെയ്തു. 1820 ആയപ്പോഴേക്കും ആഗോള ജിഡിപിയിലേക്കുള്ള ഇന്ത്യയുടെ സംഭാവന കുറഞ്ഞ് 16.1 ശതമാനമായി മാറി. 1870ല്‍ അത് വീണ്ടും താഴ്ന്ന് 12.2 ശതമാനത്തിലേക്കു വീണു.

1500നും 1600നും ഇടയില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കേട്ടാല്‍ ഇന്നത്തെ തലമുറ ആശ്ചര്യപ്പെട്ടേക്കാം, 22.7 ശതമാനം. നിലവില്‍ എട്ട് ശതമാനം പോലും നമ്മുടെ ജിഡിപി വളര്‍ച്ചാ നിരക്ക് എത്തിയിട്ടില്ലെന്ന കണക്കുമായി അതിനെ താരതമ്യപ്പെടുത്തുമ്പോള്‍ ചിത്രം വ്യക്തമാകും. ഇന്ത്യയുടെ ജിഡിപി തകര്‍ച്ചയ്ക്ക് ബ്രിട്ടീഷ് അധിനിവേശമാണ് കാരണമെന്ന വാദങ്ങള്‍ക്ക് അവിടെയാണ് ശക്തിവരുന്നത്. ആര്‍എസ്എസും ശശി തരൂരും പരസ്പരം കണ്ടുമുട്ടുന്ന ടി-ജംഗ്ഷന്‍ എന്നു വേണമെങ്കില്‍ നമുക്കിതിനെ വിശേഷിപ്പിക്കാം.

2015 ഏപ്രിലില്‍ മുതിര്‍ന്ന ബിജെപി നേതാവ് ഹര്‍ഷവര്‍ധന്‍ പറഞ്ഞ വാക്കുകള്‍ കൂടി ഇതിനോട് ചേര്‍ത്തുവായിക്കാം. ‘ മധ്യകാലഘട്ടത്തില്‍ ആഗോള ജിഡിപിയിലേക്കുള്ള ഇന്ത്യയുടെ വിഹിതം ഏകദേശം 30 ശതമാനത്തിനടുത്ത് വന്നിരുന്നു. ഈ പ്രൗഢി തിരിച്ചുകൊണ്ടുവരാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആര്‍എസ്എസ് പശ്ചാത്തലമുള്ള ഈ ബിജെപി നേതാവിന്റെ നിലപാട് തരൂരിന്റേതിന് സമാനം തന്നെയാണെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു.

കോണ്‍ഗ്രസ് നേതാവ് ശശി തരൂരും രാഷ്ട്രീയ സ്വയം സേവകസംഘവും ഒരു പോലെ ശക്തമായി വാദിക്കുന്ന അപൂര്‍വം ചില വിഷയങ്ങളിലൊന്നാണ് ഇതെന്നതും ശ്രദ്ധേയമാണ്

വിദ്യാഭ്യാസ സംവിധാനം മുതല്‍ സര്‍ക്കാര്‍ മെഷിനറി വരെയുള്ള കാര്യങ്ങളില്‍ നമ്മള്‍ ഇപ്പോഴും ബ്രിട്ടീഷ് പാരമ്പര്യമാണ് പേറുന്നത്. ബ്രിട്ടന്‍ ഇന്ത്യയോട് കാണിച്ച കൊള്ളരുതായ്മയുടെയും ക്രൂരതയുടെയും വ്യാപ്തിയെക്കുറിച്ച് ഇന്നത്തെ തലമുറ പൂര്‍ണമായും ബോധവാന്‍മാരല്ല, നല്ലൊരു ശതമാനവും അജ്ഞരുമാണ്. തന്റെ ചടുലമായ പ്രഭാഷണങ്ങളിലൂടെയും അനിതരസാധാരണമായ എഴുത്തിലൂടെയും തരൂര്‍ ബ്രിട്ടീഷ് കൊളോണിയലിസത്തെക്കുറിച്ചുള്ള ശരിയായ അവബോധം സൃഷ്ടിക്കാന്‍ കുറേ കാലമായി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

ഇന്ത്യയോട് ചെയ്ത ക്രൂരതകള്‍ക്ക് ബ്രിട്ടന്‍ മാപ്പ് പറയുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുന്ന അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് സ്വീകാര്യതയേറുകയും ചെയ്യുന്നുണ്ട്. 2015ല്‍ ഇതുമായി ബന്ധപ്പെട്ട് ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ തരൂര്‍ നടത്തിയ ഗംഭീര പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇന്ത്യന്‍ മനസുകള്‍ ബ്രിട്ടീഷ് കൊളോണിയലിസത്തില്‍ നിന്നും പൂര്‍ണമായും മുക്തമാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. തരൂരിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് അതിന് ഉത്‌പ്രേരകമായി തീരുമെന്നത് തീര്‍ച്ചയാണ്. വിക്‌റ്റോറിയ സ്മാരകം ആംഗലേയ ഭരണത്തിന്റെ ക്രൂരതകള്‍ അടയാളപ്പെടുത്തുന്ന മ്യൂസിയമാക്കി മാറ്റാന്‍ മറ്റാരേക്കാളും മുന്‍കൈ എടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്.

Comments

comments

Categories: FK Special, Top Stories