ലയനത്തിന്റേയും ഏറ്റെടുക്കലുകളുടേയും കാലം

ലയനത്തിന്റേയും  ഏറ്റെടുക്കലുകളുടേയും കാലം

റിലയന്‍സ് ജിയോ യഥാര്‍ത്ഥ ‘ഡിസ്‌റപ്റ്റര്‍’ തന്നെയാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഐഡിയ -വോഡഫോണ്‍ ലയനം

ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ വരവിന്റെ ഏറ്റവും വലിയ പ്രത്യാഘാതമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. പ്രമുഖ ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയനം പ്രഖ്യാപിച്ചത് നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമാണ്. ജിയോ വിപണിയിലുണ്ടാക്കിയ മാറ്റത്തെ നേരിടാന്‍ വേറെ വഴിയില്ലെന്ന സന്ദേശമാണ് അവര്‍ നല്‍കിയത്.

നിലവില്‍ വോഡഫോണ്‍ ഇന്ത്യന്‍ ടെലികോം വിപണിയിലെ രണ്ടാമനാണ്. ഐഡിയ മൂന്നാം സ്ഥാനത്തും. എന്നാല്‍ ജിയോയുടെ വളര്‍ച്ച ഇവരെയെല്ലാം അപ്രസക്തമാക്കുന്ന തരത്തിലായിരുന്നു. അതാണ് ലയനത്തിലേക്ക് ഇരു കമ്പനികളെയും നയിച്ചത്. ലയനത്തോടെ ഭാരതി എയര്‍ടെല്ലിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാമത്തെ വലിയതുമായ ടെ ലികോം കമ്പനിയായി പുതിയ സംരംഭം മാറും.

ലയനങ്ങളുടെയും ഏറ്റെടുക്കലുകളുടെയും കാലത്തേക്കാണ് ജിയോയുടെ വരവ് വഴിവെച്ചത്. ജിയോ വന്നതോടെ ചെറു ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ബിസിനസ് വിടുകയോ പരസ്പരം ലയിക്കുകയോ എന്നത് മാത്രമായി മുന്നിലുള്ള വഴി. 2016 ജൂണിലായിരുന്നു ഇത്തരത്തിലുള്ള ആദ്യനീക്കം. മുകേഷിന്റെ സഹോദരന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് റഷ്യന്‍ ഭീമനായ സിസ്റ്റമയുടെ എംടിഎസ് ബ്രാന്‍ഡിലുള്ള ഇന്ത്യന്‍ ടെലികോം ബിസിനസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു. സിസ്റ്റമയ്ക്ക് പുതിയ സംരംഭത്തില്‍ 10 ശതമാനം ഓഹരിയെന്ന നിലയിലായിരുന്നു ഡീല്‍.

കുടുംബ ബിസിനസ് വിഭജിക്കപ്പെട്ട ശേഷം ടെലികോം വ്യവസായത്തില്‍ പച്ചപിടിക്കാന്‍ അനില്‍ അംബാനിക്ക് സാധിച്ചിരുന്നില്ല. ജിയോയിലൂടെ മുകേഷ് വന്‍തിരിച്ചുവരവ് നടത്തിയതോടെ അപ്രസക്തമാകുന്നുവെന്ന തോന്നല്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനുണ്ടായി. അതില്‍ നിന്നായിരുന്നു പിടിച്ചുനില്‍ക്കാനായുള്ള ലയന ശ്രമങ്ങള്‍. എംടിഎസുമായി ലയനം പ്രഖ്യാപിച്ച ശേഷം സെപ്റ്റംബറില്‍ മലേഷ്യ ആസ്ഥാനമാക്കിയ മാക്‌സിസ് ബെര്‍ഹാര്‍ഡിന്റെ ഉടമസ്ഥതയിലെ എയര്‍സെല്ലിനെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഏറ്റെടുക്കുന്നുവെന്ന പ്രഖ്യാപനവും വന്നു.

ഇരു കമ്പനികളും ചേര്‍ന്ന് 65,000 കോടി രൂപയുടെ സംയുക്ത സംരംഭം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ഈ ലയനത്തിലൂടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ വരിക്കാരുടെ എണ്ണം 17 മില്ല്യണിലേക്കെത്തും. ജിയോയെ കടത്തിവെട്ടാനാകില്ലെങ്കിലും ബിസിനസില്‍ പിടിച്ചു നില്‍ക്കാമെന്ന അവസ്ഥയെക്കുറിച്ചാണ് പല കമ്പനികളും ചിന്തിച്ചത്.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെലും ജിയോയുടെ വരവില്‍ പകച്ചുപോയി. അത് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ മാസം നോര്‍വീജിയന്‍ കമ്പനിയായ ടെലിനോറിന്റെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുക്കുമെന്നുള്ള എയര്‍ടെല്ലിന്റെ പ്രഖ്യാപനം. ആന്ധ്ര പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഗുജറാത്ത്, യുപി ഈസ്റ്റ്, യുപി വെസ്റ്റ്, അസം തുടങ്ങിയ ഏഴ് സര്‍ക്കിളുകളില്‍ ടെലിനോറിന്റെ പ്രവര്‍ത്തനമുണ്ട്.

നിലവില്‍ ഭാരതി എയര്‍ടെല്ലിന് 269 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്. ടെലിനോറിനെ ഏറ്റെടുക്കുന്നതോടെ 44 ദശലക്ഷം വരിക്കാര്‍ കൂടി എയര്‍ടെല്ലിന്റെ എക്കൗണ്ടിലേക്ക് വരും. ഇതോടെ ടെലികോം വിപണിയുടെ ചിത്രം കുറച്ചുകൂടി വ്യക്തമാകും. വോഡഫോണ്‍-ഐഡിയ സംയുക്ത സംരംഭത്തിന് ഏകദേശം 400 ദശലക്ഷം ഉപഭോക്താക്കളാണുണ്ടാകുക. എയര്‍ടെല്ലും ടെലിനോറും ചേര്‍ന്നുള്ള സംയുക്ത കമ്പനിയുടെ വരിക്കാര്‍ 313 മില്ല്യണ്‍ ആകും.

റിലയന്‍സ് ജിയോയ്ക്ക് ഉള്ളത് 100 മില്ല്യണും റിലയന്‍സ് കമ്യൂണിക്കേഷന്‍സ്-എയര്‍സെല്‍-എംടിഎസ് സംരംഭത്തിനുള്ളത് 195 മില്ല്യണ്‍ ഉപഭോക്താക്കളുമാണ്. ഇതില്‍ റിലയന്‍സ് ജിയോ മറ്റ് കമ്പനികളെ അപേക്ഷിച്ച് അതിവേഗത്തിലാണ് വളരുന്നത്. ഫേസ്ബുക്കിനെക്കാളും വേഗത്തിലുള്ള വളര്‍ച്ച എന്നാണ് മുകേഷ് അംബാനി അവകാശപ്പെടുന്നത്. ഐഡിയ-വോഡഫോണ്‍ സംരംഭത്തെ വെല്ലുവിളിക്കാന്‍ ഇനി ജിയോക്ക് സാധിക്കുമോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം.

Comments

comments

Categories: Editorial