ഇന്ത്യയിലെ ഡാറ്റ്‌സണ്‍ ബ്രാന്‍ഡ് വില്‍പ്പന നിസ്സാന്‍ പുനരുജ്ജീവിപ്പിക്കും

ഇന്ത്യയിലെ ഡാറ്റ്‌സണ്‍ ബ്രാന്‍ഡ് വില്‍പ്പന നിസ്സാന്‍ പുനരുജ്ജീവിപ്പിക്കും

ഇന്ത്യയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ ജാപ്പനീസ് വാഹന നിര്‍മ്മാണ കമ്പനിക്ക് കഴിഞ്ഞിട്ടില്ല

മുംബൈ : ഇന്നൊവേഷനും സ്റ്റൈലിനും പ്രാധാന്യം നല്‍കി ഇന്ത്യയില്‍ ഡാറ്റ്‌സണ്‍ ബ്രാന്‍ഡിന്റെ വില്‍പ്പന പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയാണ് നിസ്സാന്‍ മോട്ടോര്‍.

ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍പ്പോലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ ജാപ്പനീസ് വാഹന നിര്‍മ്മാണ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. കാര്യമായ വില്‍പ്പന നടക്കാത്തതാണ് തിരിച്ചടിയാകുന്നത്. 2017 സാമ്പത്തിക വര്‍ഷത്തില്‍ അവസാനിക്കുന്ന കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയില്‍ രണ്ട് ലക്ഷം കാറുകള്‍ വില്‍ക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ 80,000 വാഹനങ്ങള്‍ വില്‍ക്കാന്‍ മാത്രമാണ് ഡാറ്റസണ് സാധിച്ചത്.

ആധുനികതയും ജാപ്പനീസ് ഗുണനിലവാരവും രൂപഭംഗിയും മെച്ചപ്പെടുത്തി ഇന്ത്യയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഡാറ്റ്‌സണ്‍ ബ്രാന്‍ഡ് ആഗോള മേധാവി വിന്‍സെന്റ് കോബീ വ്യക്തമാക്കി. ഇന്ത്യന്‍ വിപണിക്ക് നേതൃത്വം നല്‍കുന്ന മാരുതി സുസുകിയെയും ഹ്യുണ്ടായെയും പ്രീമിയം കോംപാക്റ്റ് കാറായ ക്വിഡ് കൊണ്ടുവന്ന് തങ്ങളുടെ സഹോദര കമ്പനിയായ റെനോ ഞെട്ടിച്ചതാണ് തങ്ങള്‍ക്കുമുന്നിലുള്ള മാതൃകയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ തങ്ങള്‍ ഇപ്പോഴും കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് കോബീ പറഞ്ഞു. തങ്ങളുടെ വാഹനങ്ങള്‍ തുടര്‍ച്ചയായി അപ്‌ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ എന്‍ട്രി കാര്‍ സെഗ്‌മെന്റില്‍ വിലയും ഫീച്ചറുകളും സര്‍വീസുമാണ് പരിഗണിക്കുന്നത്. പുതുമയാര്‍ന്ന രൂപഭംഗിയും ആധുനിക സാങ്കേതികവിദ്യകളും മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ ഡാറ്റ്‌സണ്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിസ്സാന്‍ മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ അമ്പത് ശതമാനത്തിലധികം ഡാറ്റ്‌സണ്‍ ബ്രാന്‍ഡ് കാറുകളാണ്. 2020 ഓടെ ഇന്ത്യയില്‍ പ്രതിവര്‍ഷം ഒന്നേകാല്‍ ലക്ഷം ഡാറ്റ്‌സണ്‍ കാറുകള്‍ വില്‍ക്കാന്‍ കഴിയുമെന്ന് കോബീ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതേസമയം ഇന്ത്യന്‍ വിപണി അമ്പത് ലക്ഷമെന്ന നാഴികകല്ല് പിന്നിട്ടിരിക്കും.

നിലവില്‍ ഡാറ്റ്‌സണ്‍ ആഗോളതലത്തില്‍ രണ്ടര ലക്ഷം വാഹനങ്ങളാണ് വില്‍ക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കുറവാണിത്. എത്ര ശക്തമായ ബ്രാന്‍ഡ് ആണെങ്കിലും വാഹനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇന്ത്യക്കാര്‍ അത് നിഷ്‌കരുണം തള്ളുമെന്ന് റെനോ നിസ്സാന്‍ ഗ്ലോബല്‍ സിഇഒ കാര്‍ലോസ് ഗോസണ്‍ നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍നിന്ന് പഠിച്ച വലിയ പാഠം ഇതാണെന്നും അദ്ദേഹം പറയുകയുണ്ടായി. 2014 ല്‍ ഇന്ത്യയിലും ഇന്തോനേഷ്യയിലും റഷ്യയിലുമായി റീലോഞ്ച് ചെയ്ത ഡാറ്റ്‌സണ്‍ ഗോ ഹാച്ച്ബാക്കിനെയാണ് അദ്ദേഹം പരാമര്‍ശിച്ചത്.

ഇന്ത്യയില്‍ ‘ഗോ ക്രോസ്’ എസ്‌യുവി പുറത്തിറക്കുന്നതിന്റെ സാധ്യത ആരായുന്നതുകൂടാതെ അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ കണക്റ്റിവിറ്റി സവിശേഷതള്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടുത്തി നിലവിലെ മോഡലുകളുടെ രൂപഭംഗി വര്‍ധിപ്പിക്കുന്ന കാര്യവും ഡാറ്റ്‌സണ്‍ പരിശോധിക്കും.

 

Comments

comments

Categories: Auto