കുവൈറ്റില്‍ ബ്യൂട്ടി ആന്‍ഡ് ബീസ്റ്റിന് വിലക്ക്

കുവൈറ്റില്‍ ബ്യൂട്ടി ആന്‍ഡ് ബീസ്റ്റിന് വിലക്ക്

സിനിമയിലെ ഉള്ളടക്കത്തെക്കുറിച്ച് വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്

കുവൈറ്റ് സിറ്റി: ഡിസ്‌നിയുടെ പ്രശസ്ത സിനിമയായ ബ്യൂട്ടി ആന്‍ഡ് ബീസ്റ്റിന് കുവൈറ്റില്‍ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കുവൈറ്റ് നാഷണല്‍ സിനിമ കമ്പനി പറഞ്ഞു. യുവാക്കളോടുള്ള കമ്പനിയുടെ ഉത്തരവാദിത്വത്തിന്റെ പേരിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.

യാഥാസ്ഥിതിക മുസ്ലിം രാജ്യമായ കുവൈറ്റില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സിനിമ റിലീസ് ചെയ്തത്. സിനിമയിലെ ഉള്ളടക്കത്തെക്കുറിച്ച് വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന്് സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനി ചിത്രം പിന്‍വലിക്കുകയായിരുന്നു. ബ്യൂട്ടി ആന്‍ഡ് ബീസ്റ്റിലെ ചില രംഗങ്ങള്‍ മുസ്ലിം രാജ്യങ്ങളില്‍ വിവാദത്തിന് കാരണമായിരുന്നു.

എന്നാല്‍ മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ ചിത്രം പൂര്‍ണമായിട്ടാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് ഡിസ്‌നി പറഞ്ഞു. ഹാരി പോര്‍ട്ടര്‍ ഫെയിം എമ്മ വാട്‌സനാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ഗാസ്റ്റണിന്റെ കൂട്ടാളിയായ ലീഫോയെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിച്ചതിനെതിരേ നിരവധി മത സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഡിസ്‌നിയുടെ ആദ്യത്തെ സ്വവര്‍ഗാനുരാഗി കഥാപാത്രമാണിത്.

സാമൂഹ്യമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കുന്നതായി കമ്പനി അറിയിച്ചിരുന്നു.

എന്നാല്‍ വിവാദങ്ങളൊന്നും സിനിമയുടെ പ്രകടനത്തെ ബാധിച്ചില്ല. ആദ്യ ആഴ്ച തന്നെ ബ്യൂട്ടി ആന്‍ഡ് ബീസ്റ്റ് ബോക്‌സ് ഓഫീസ് റെക്കോഡ് മറികടന്നു. നോര്‍ത്ത് അമേരിക്കയില്‍ നിന്ന് 175.7 മില്യണ്‍ ഡോളറടക്കം മൊത്തം 357 മില്യണ്‍ ഡോളറാണ് സിനിമ സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Comments

comments

Categories: Movies, World