ഐഡിയ, വോഡഫോണ്‍ നേതൃത്വങ്ങള്‍ ടെലികോം മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ഐഡിയ, വോഡഫോണ്‍ നേതൃത്വങ്ങള്‍ ടെലികോം മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡെല്‍ഹി: ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയും വോഡഫോണ്‍ ഗ്രൂപ്പ് സിഇഒ വിട്ടോറിയൊ കൊളാവൊയും കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി മനോജ് സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തി. ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും തമ്മിലുള്ള ലയനം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇരു കമ്പനികളുടെയും നേതൃത്വങ്ങള്‍ ടെലികോം മന്ത്രിയെ സന്ദര്‍ശിച്ചത്.

കൂടിക്കാഴ്ചയില്‍ കമ്പനി നേതൃത്വങ്ങള്‍ ലയന നടപടികള്‍ വേഗത്തിലാക്കുന്നതില്‍ സര്‍ക്കാരിന്റെ ഉപദേശം തേടിയതായാണ് വിവരം. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും തമ്മിലുള്ള ലയനത്തില്‍ അന്തിമ തീരുമാനമെടുത്തതായി ഇരു കമ്പനികളും അറിയിച്ചത്. ലയനത്തിന് ട്രായ് അനുമതി തേടേണ്ടതുണ്ടെന്നും കുമാര്‍ മംഗളം ബിര്‍ളയായിരിക്കും പുതിയ കമ്പനിയുടെ ചെയര്‍മാനെന്നും കമ്പനികള്‍ അറിയിച്ചിരുന്നു.

ഐഡിയയും വോഡഫോണും ലയിക്കുന്നതോടെ 400 മില്യണ്‍ വരിക്കാരുള്ള രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. ഇതോടെ ഉപഭോക്തൃ വിപണി വിഹിതത്തിന്റെ 35 ശതമാനവും വരുമാന വിപണി വിഹിതത്തിന്റെ 41 ശതമാനം ഐഡിയ-വോഡഫോണ്‍ സംയുക്ത സംരംഭം കൈവശപ്പെടുത്തും. ലയനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്കും ഇന്ത്യന്‍ ടെലികോം വ്യവസായത്തിനും ഗുണം ചെയ്യുമെന്ന നിരീക്ഷണവുണ്ട്.

Comments

comments