ബാബ്‌റി മസ്ജിദ് ഗൂഢാലോചന കേസ്: വിധി നാളെ

ബാബ്‌റി മസ്ജിദ് ഗൂഢാലോചന കേസ്: വിധി നാളെ

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് പൊളിച്ച കേസില്‍ ബിജെപിയിലെയും, ഹിന്ദുത്വ സംഘടനകളുടെയും നേതാക്കള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന ഗൂഢാലോചന കുറ്റങ്ങള്‍ ഒഴിവാക്കിയ കീഴ്‌കോടതിയുടെ തീരുമാനം ചോദ്യം ചെയ്ത സിബിഐ ഹര്‍ജി വ്യാഴാഴ്ചത്തേയ്ക്കു പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

ബുധനാഴ്ചയായിരുന്നു കേസ് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു വ്യാഴാഴ്ചത്തേയ്ക്കു നീട്ടിയതെന്നു ജസ്റ്റിസ് പി സി ഘോസെ പറഞ്ഞു. ഇരുവരും ചേര്‍ന്ന ബെഞ്ചിന്റെ മുന്‍പാകെയായിരുന്നു കേസില്‍ അവസാനം വിചാരണ നടന്നത്. കേസിന്മേലുള്ള വാദം കേള്‍ക്കല്‍ നാല് ആഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കണമെന്ന നിര്‍ദേശം ബിജെപി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ ഉന്നയിച്ചെങ്കിലും കോടതി ആവശ്യം തള്ളി. വാദം കേള്‍ക്കുന്ന ബെഞ്ചിലെ ഒരു ജസ്റ്റിസ് മെയ് മാസം വിരമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി, വിനയ് കട്യാര്‍, കല്യാണ്‍ സിംഗ് എന്നിവരുള്‍പ്പെടെ 13 പേരുകളാണ് ക്രിമിനല്‍ ഗൂഢാലോചന കേസിലുള്ളത്. ബാബ്‌റി മസ്ജിദ് പൊളിച്ച കേസില്‍നിന്നും മുതിര്‍ന്ന അദ്വാനി അടക്കമുള്ളവരെ ഒഴിവാക്കാനാവില്ലെന്നു ഈ മാസം ആറിനു വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സാങ്കേതിക കാരണങ്ങളുടെ പേരില്‍ അദ്വാനിയെയും മറ്റും കേസില്‍ നിന്ന് ഒഴിവാക്കിയ കീഴ്‌ക്കോടതി തീരുമാനം അംഗീകരിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ പരിഹാരം കണ്ടെത്താന്‍ ഇരുകൂട്ടരും കോടതിക്കു പുറത്തു സമവായ ശ്രമം നടത്തണമെന്നു ചൊവ്വാഴ്ച സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം വന്ന് ഒരു ദിവസം പിന്നിട്ടപ്പോഴാണു അയോധ്യയില്‍ ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട കേസിന്റെ വാദം പരിഗണനയ്‌ക്കെത്തിയത്.

Comments

comments

Categories: Top Stories

Related Articles