ഇന്ത്യയിലെ 60% എന്‍ജിനീയറിംഗ് ബിരുദധാരികളും തൊഴില്‍രഹിതര്‍

ഇന്ത്യയിലെ 60% എന്‍ജിനീയറിംഗ് ബിരുദധാരികളും തൊഴില്‍രഹിതര്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന എട്ട് ലക്ഷത്തോളം എന്‍ജിനീയറിംഗ് ബിരുദധാരികളില്‍ 60 ശതമാനത്തിലധികം പേര്‍ തൊഴില്‍രഹിതരാണെന്ന് റിപ്പോര്‍ട്ട്. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളില്‍ ഒരു ശതമാനത്തില്‍ കുറവ് വിദ്യാര്‍ത്ഥികള്‍ മാത്രമെ പങ്കെടുക്കുന്നുള്ളുവെന്നും എന്‍ബിഎ അംഗീകാരമുള്ള രാജ്യത്തെ 3,200ല്‍ അധികം ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ 15 ശതമാനം എന്‍ജീനീയറിംഗ് പ്രോഗ്രാമുകള്‍ മാത്രമെ ലഭ്യമാക്കുന്നുള്ളുവെന്നും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ ടെക്‌നിക്കല്‍ കോളെജുകളുടെ നിലവാരത്തില്‍ വലിയ ഏറ്റകുറച്ചിലുകള്‍ ഉണ്ടെന്നതിലേക്കാണ് ഈ വസ്തുതകളെല്ലൊം വിരല്‍ ചൂണ്ടുന്നത്. ഇത്തരത്തില്‍ വേണ്ടത്ര പരിശീലനം ലഭിക്കാതെ നിലവാരമില്ലാത്ത കോളെജുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന എന്‍ജിനീയറിംഗ് ബിരുദധാരികളില്‍ ഭൂരിപക്ഷം പേര്‍ക്കും തൊഴില്‍ നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സാഹചര്യം മറികടക്കുന്നതിനായി ഇന്ത്യന്‍ ടെക്‌നിക്കല്‍ ഇന്സ്റ്റിറ്റിയൂഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ പുനരേകീകരിക്കാന്‍ കേന്ദ്ര മാനവവിഭവ വികസന വകുപ്പ് പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് 2018 ജനുവരി മുതല്‍ എന്‍ജിനീയറിംഗ് കോളെജുകളിലേക്കുള്ള എല്ലാ പ്രവേശന നടപടികളും ഏകീകൃത പ്രവേശന പരീക്ഷയിയുടെ (നീറ്റ്) അടിസ്ഥാനത്തില്‍ നടത്താനുള്ള തീരുമാനം. കൂടാതെ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്ക് അംഗീകാരം ലഭിക്കണമെങ്കില്‍ അധ്യാപകര്‍ക്ക് വാര്‍ഷിക പരിശീലനം നല്‍കണമെന്ന നിബന്ധനയും മാനവവിഭവ വകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇതുകൂടാതെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനവും പാഠ്യപദ്ധതിയും ഓരോ വര്‍ഷവും മാറുന്ന തൊഴില്‍- വ്യവസായ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ട്. നാഷണല്‍ ടെസ്റ്റിംഗ് സര്‍വീസ് (എന്‍ടിഎസ്) ആണ് നീറ്റ് പരീക്ഷ സംഘടിപ്പിക്കുന്നത്. ഒരു വര്‍ഷം ലഘട്ടങ്ങളിലായിട്ടായിരിക്കും പരീക്ഷ നടത്തുക. ആദ്യ പരീക്ഷ 2017 ഡിസംബര്‍- 2018 ജനവരി കാലയളവിലായിരിക്കും. പിന്നീട് 2018 മാര്‍ച്ച് ഒന്നിനും, മെയ് മൂന്നിനുമായി രണ്ടും മൂന്നും ഘട്ടത്തിലെ പരീക്ഷകള്‍ നടത്തുമെന്നും മാനവവിഭവ വകുപ്പ് അറിയിച്ചു.

ഐഐടികളിലേക്കും എന്‍ടിഎസ് പ്രവേശന പരീക്ഷ നടത്തും. രാജ്യത്തെ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് വലിയ രീതിയിലുള്ള പദ്ധതികളാണ് കേന്ദ്ര മാനവവിഭവ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

നിലവിലെ 40 ശതമാനത്തില്‍ നിന്നും എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യത 60 ശതമാനത്തിലേക്ക് ഉയര്‍ത്തുക, വേനല്‍ക്കാല ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളില്‍ 75 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഡസ്ട്രിയിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാന്‍ അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്റെ ലക്ഷ്യങ്ങള്‍. 2022ഓടെ ഇന്ത്യയിലെ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ 50 ശതമാനം പ്രോഗ്രാമുകളും എന്‍ബിഎ അംഗീകാരമുള്ളതാക്കുമെന്നും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Education, Top Stories