വിറ്റുപോകാത്ത ബിഎസ്-3 വാഹനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി

വിറ്റുപോകാത്ത ബിഎസ്-3 വാഹനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി

വാഹനങ്ങളുടെ എണ്ണം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31 നുശേഷം ഇത്തരം വാഹനങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കണമോയെന്ന കാര്യം കോടതി തീരുമാനിക്കും

ന്യൂ ഡെല്‍ഹി : വിറ്റുപോകാത്ത ഭാരത് സ്‌റ്റേജ്-3 അനുസൃത വാഹനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി വാഹനനിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു. വാഹനങ്ങളുടെ എണ്ണം ഉള്‍പ്പെടെയുള്ള വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31 നുശേഷം ഇത്തരം വാഹനങ്ങള്‍ വില്‍ക്കാന്‍ വാഹനനിര്‍മ്മാതാക്കളെ അനുവദിക്കണമോയെന്ന കാര്യം കോടതി തീരുമാനിക്കും.

2015 ഡിസംബര്‍ 31 മുതല്‍ ഇതുവരെ രാജ്യത്ത് നിര്‍മ്മിച്ച ബിഎസ്-3 അനുസൃത വാഹനങ്ങളുടെ എണ്ണം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് സൊസൈറ്റിയോടും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ബജാജ് ഓട്ടോ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്. 2017 ഏപ്രില്‍ 1 മുതല്‍ ബിഎസ്-3 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ അനുസരിക്കാത്ത വാഹനങ്ങളുടെ വില്‍പ്പന അനുവദിക്കരുതെന്നാണ് ബജാജ് ഓട്ടോ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ വരുന്ന ഏപ്രില്‍ മാസം മുതല്‍ ബിഎസ്-3 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ അനുസരിക്കാത്ത വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ സാധ്യമല്ല. അതേസമയം ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ബിഎസ്-3 വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് അവസാനിപ്പിച്ചുവെന്നും തങ്ങളുടെ വാഹനങ്ങളെല്ലാം ഇപ്പോള്‍ പൂര്‍ണ്ണമായും ബിഎസ്-4 അനുസൃതമാണെന്നും ബജാജ് ഓട്ടോ, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ തുടങ്ങിയ കമ്പനികള്‍ ഇതിനകം അറിയിച്ചിട്ടുണ്ട്.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ, കാവസാക്കി ഇന്ത്യ എന്നീ ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ ഈയിടെ ബിഎസ്-3 അനുസൃത മോഡലുകള്‍ക്ക് വിലയില്‍ ഒരു ലക്ഷം രൂപ വരെ ഇളവ് നല്‍കിതുടങ്ങിയിട്ടുണ്ട്.

ഏപ്രില്‍ ഒന്നിനുശേഷം ഇരുപതിനായിരം പാസഞ്ചര്‍ വാഹനങ്ങളും 75,000 കൊമേഴ്‌സ്യല്‍ വാഹനങ്ങളും 47,000 മൂന്നുചക്ര വാഹനങ്ങളും ഏഴര ലക്ഷത്തോളം ഇരുചക്ര വാഹനങ്ങളും (എല്ലാം ബിഎസ്-3 അനുസൃതം) വിറ്റുപോകാതെ കെട്ടിക്കിടക്കുമെന്ന്് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് സൊസൈറ്റി മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ നേരത്തെ അറിയിച്ചിരുന്നു.

 

Comments

comments

Categories: Auto, Top Stories