എസ്ബിഐ-എസ്ബിടി ലയനം : അസോസിയേറ്റ് ബാങ്കുകളുടെ പകുതിയോളം ഓഫീസുകള്‍ പൂട്ടും

എസ്ബിഐ-എസ്ബിടി ലയനം : അസോസിയേറ്റ് ബാങ്കുകളുടെ പകുതിയോളം ഓഫീസുകള്‍ പൂട്ടും

ഏകദേശം 1,107 ജീവനക്കാര്‍ക്ക് തൊഴില്‍മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

ന്യൂഡെല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അഞ്ച് അനുബന്ധ ബാങ്കുകളും തമ്മിലുള്ള ലയനം ഏപ്രില്‍ ഒന്നിന് യാഥാര്‍ത്ഥ്യമാകുന്നതോടെ അസോസിയേറ്റ് ബാങ്കുകളുടെ പകുതിയോളം ഓഫീസുകള്‍ പൂട്ടാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തീരുമാനിച്ചു. അഞ്ച് അസോസിയേറ്റ് ബാങ്കുകളില്‍ മൂന്നെണ്ണത്തിന്റെ ഹെഡ് ഓഫീസ് ഉള്‍പ്പെടെ പൂട്ടാനാണ് തീരുമാനം. ഏപ്രില്‍ 24 മുതല്‍ ശാഖകളും ഓഫീസുകളും പൂട്ടാനുള്ള നടപടികള്‍ ആരംഭിക്കും.

അനുബന്ധ ബാങ്കുകളുടെ അഞ്ച് ഹെഡ് ഓഫീസുകളില്‍ രണ്ടെണ്ണം മാത്രമെ നിലനിര്‍ത്തുകയുള്ളുവെന്നും, അനുബന്ധ ബാങ്കുകളുടെ 27 സോണല്‍ ഓഫീസുകളും 81 റീജണല്‍ ഓഫീസുകളും 11 നെറ്റ്‌വര്‍ക്ക് ഓഫീസുകളും പൂട്ടുമെന്നും എസ്ബിഐ മാനേജിംഗ് ഡയറക്റ്റര്‍ ദിനേഷ് കുമാര്‍ ഖാര പറഞ്ഞു. ഏപ്രില്‍ 24 വരെ ഇപ്പോഴുള്ള ബാങ്ക് ഘടന അതേപടി തുടരുമെന്നും അതിനു ശേഷം മേല്‍പറഞ്ഞ വിധം അനുബന്ധ ബാങ്കുകളുടെ ഓഫീസുകള്‍ പൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ നിലവില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് (എസ്ബിടി) ഉള്ള ഓഫിസുകളില്‍ പകുതിയോളം പൂട്ടുമെന്ന് വ്യക്തമായിരിക്കുകയാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയാണ് എസ്ബിഐയില്‍ ലയിക്കുന്നത്. 30.72 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് എസ്ബിഐ. ആഗോള തലത്തില്‍ ബാങ്കുകളുടെ പട്ടികയില്‍ 64-)o സ്ഥാനത്താണ് എസ്ബിഐ നിലയുറപ്പിച്ചിട്ടുള്ളത്. അസോസിയേറ്റ് ബാങ്കുകള്‍ കൂടി എസ്ബിഐയില്‍ ചേരുന്നതോടെ ബാങ്കിന്റെ ആസ്തി ഏകദേശം 40 ലക്ഷം കോടി രൂപയാകും.

മാത്രമല്ല ലോകത്തിലെ 50 പ്രമുഖ ബാങ്കുകളില്‍ ഇടം നോടാനും എസ്ബിഐയ്ക്ക് സാധിക്കും.
ലയനം സാധ്യമാകുന്നതോടെ 50 കോടിയിലധികം ഉപഭോക്താക്കളാണ് എസ്ബിഐക്ക് ഉണ്ടാവുക. ഇപ്പോള്‍ തന്നെ 36 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ് എസ്ബിഐയുടെ ബാങ്കിംഗ് ശൃംഖല. വിദേശത്ത് 191 ഓഫീസുകളുമുണ്ട്. ലയനത്തിനു ശേഷം ആഗോള തലത്തില്‍ ബാങ്കുകളുടെ പട്ടികയില്‍ എസ്ബിഐക്ക് 45-)o സ്ഥാനം നേടാനാകുമെന്ന് എസ്ബിഐ ചീഫ് ഇക്ക്‌ണോമിസ്റ്റ് സൗമ്യ കാന്തി ഗോഷ് പറഞ്ഞു.

അനുബന്ധ ബാങ്കുകള്‍ കൂടി ചേരുന്നതോടെ എസ്ബിഐയുടെ ഓഫീസുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന നിയന്ത്രിക്കാനാണ് പകുതിയോളം ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ദിനേഷ് കുമാര്‍ ഖാര അറിയിച്ചു. നിലവില്‍ എസ്ബിഐക്ക് മാത്രമായി 550 ഓഫീസുകളാണുള്ളത്. അസോസിയേറ്റ് ബാങ്കുകള്‍ക്ക് മൊത്തം 259 ഓഫീസുകളുണ്ട്.

ലയനത്തിനു ശേഷം 122 ഓഫീസുകള്‍ പൂട്ടി മൊത്തം എസ്ബിഐ ഓഫീസുകളുടെ എണ്ണം 687ല്‍ എത്തിക്കാനാണ് ബാങ്കിന്റെ തീരുമാനം. അതേസമയം, ഓഫീസുകള്‍ പൂട്ടാനുള്ള നീക്കം തൊഴിലാളികളെ നേരിട്ട് ബാധിക്കും. ഏകദേശം 1,107 ജീവനക്കാര്‍ക്ക് തൊഴില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും കസ്റ്റമര്‍ ഓപ്പറേഷന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരായിരിക്കുമെന്നും ദിനേഷ് കുമാര്‍ ഖാര പറഞ്ഞു.

Comments

comments

Categories: Banking, Top Stories