ഇന്ത്യന്‍ പ്രതിഭകളെ സ്വാഗതം ചെയ്യുന്നുവെന്ന് റഷ്യന്‍ വാണിജ്യ വ്യവസായ മന്ത്രി

ഇന്ത്യന്‍ പ്രതിഭകളെ സ്വാഗതം ചെയ്യുന്നുവെന്ന് റഷ്യന്‍ വാണിജ്യ വ്യവസായ മന്ത്രി

ന്യൂഡല്‍ഹി: റഷ്യ ഇന്ത്യന്‍ പ്രതിഭകളെ സ്വാഗതം ചെയ്യുക മാത്രമല്ല രാജ്യത്ത് സുഖപ്രദമായി താമസിക്കുന്നതിന് സഹായിക്കുമെന്നും ഇത് രണ്ട് രാജ്യങ്ങളുടെയും വിജയത്തിന് വേണ്ടിയാണെന്നും റഷ്യന്‍ വാണിജ്യ വ്യവസായ മന്ത്രി ഡെനിസ് മന്‍ട്രോവ്. യുഎസ് വിസാനയങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നത് പ്രൊഫഷണലുകളുടെ ഭാവി നീക്കത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉയര്‍ന്നശേഷിയുള്ള ഇന്ത്യന്‍ തൊഴില്‍ശക്തിയെ റഷ്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗണിതജ്ഞര്‍ ഇന്ത്യക്കും റഷ്യയ്ക്കുമുണ്ട്. രണ്ട് രാജ്യങ്ങള്‍ക്കും മികച്ച തൊഴില്‍ശക്തിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആറ് മാസത്തിനിടെ റഷ്യന്‍ വാണിജ്യ വ്യവസായ മന്ത്രി ഇന്ത്യയില്‍ നടത്തിയ രണ്ടാമത്തെ സന്ദര്‍ശനമാണിത്. ഇന്ത്യക്കും റഷ്യക്കുമിടയിലെ 70 വര്‍ഷത്തെ ഉഭയകക്ഷി സാമ്പത്തിക ബന്ധത്തിന്റെ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ജൂണ്‍ 1 മുതല്‍ മൂന്ന് വരെ നടക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ ഇക്ക്‌ണോമിക് ഫോറത്തില്‍ പ്രധാന അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിക്കുകയെന്ന ലക്ഷ്യവും മന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നിലുണ്ട്.

ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖലയ്ക്ക് ഇണങ്ങുന്ന അവസരങ്ങള്‍ ഈ ഇക്ക്‌ണോമിക് ഫോറം വഴി കണ്ടെത്താന്‍ സാധിക്കും. ഇന്ത്യക്കും റഷ്യക്കുമിടയിലെ തന്ത്രപരമായ പങ്കാളിത്തത്തിന് പ്രധാനമന്ത്രിയുടെ സാന്നിധ്യം വഴി സാധിക്കുമെന്നും മന്‍ട്രോവ് പറയുന്നു. നിലവില്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിന് അന്തിമരൂപം നല്‍കുന്ന പ്രക്രിയയിലാണ് തങ്ങളെന്നും പാശ്ചാത്യ ലോകത്ത് നിന്നടക്കം 5000ത്തിലധികം ബിസിനസ് തലവന്മാര്‍ പങ്കെടുക്കുന്ന ഫോറത്തെ നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും സംയുക്തമായി അഭിസംബോധന ചെയ്യുമെന്നും റഷ്യന്‍ മന്ത്രി അറിയിച്ചു.

ചെറുതും ഇടത്തരവുമായ വ്യവസായങ്ങളില്‍ സഹകരിക്കാനാണ് ഇന്ത്യയും റഷ്യയും ആലോചിക്കുന്നത്. എസ്എംഇ മേഖലകളിലെ സംയുക്ത സംരംഭങ്ങളില്‍ സൂഷ്മ നിരീക്ഷണം നടത്തും. ഇതിന് പുറമെ മൈക്രോബയോളജി, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ മേഖലകളിലും സഹകരിക്കും. പ്രോട്ടീന്‍, ഫാര്‍മസി മേഖലകളില്‍ റഷ്യ കാര്യമായ നേട്ടങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കും അത്തരം ഉല്‍പ്പന്നങ്ങളുടെ വലിയ വിപണിയാകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK Special, Top Stories