ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വിലവിവരപ്പട്ടികയും പുറത്തുവിട്ടു
ന്യൂഡെല്‍ഹി: ട്രെയ്നില്‍ ലഭിക്കുന്ന ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടുള്ള വ്യാപക പരാതികള്‍ക്ക് പരിഹാരം കാണാന്‍ റെയ്ല്‍വേ തയാറെടുക്കുന്നു. യാത്രക്കാര്‍ക്ക് ഓരോ രണ്ട് മണിക്കൂറിലും തീവണ്ടികളിലെ അടുക്കളകളില്‍ പാകം ചെയ്യുന്ന പുതിയ ഭക്ഷണം ലഭ്യമാക്കാനാണ് ഇന്ത്യന്‍ റെയ്ല്‍വേയുടെ പദ്ധതി. ട്രെയ്ന്‍ യാത്രക്കാര്‍ക്ക് നിലവാരമുള്ള ഭക്ഷണം എത്തിക്കുന്നതിന് നിരവധിയിടങ്ങളില്‍ ബേസ് കിച്ചണ്‍ സൗകര്യമൊരുക്കുമെന്നും, ഇതിലൂടെ ഓരോ രണ്ട് മണിക്കൂറിലും യാത്രക്കാര്‍ക്ക് പുതിയ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നും റെയ്ല്‍വേ കാറ്ററിംഗുമായി ബന്ധപ്പെട്ട വട്ടമേശ സമ്മേളനത്തിനു ശേഷം കേന്ദ്ര റെയ്ല്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
ഫുഡ് ആന്‍ഡ് ബിവ്റെജ് ഇന്‍ഡസ്ട്രി പ്രതിനിധികള്‍, സ്വയം സഹായ സംഘങ്ങള്‍, ഐആര്സിടിസിയിലും റെയ്ല്വേയിലുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. റെയ്ല്‍വേ വാഗ്ദാനം ചെയ്തത് പോലെ മികച്ച കാറ്ററിംഗ് സൗകര്യമൊരുക്കുന്നതിനു പുതിയ കാറ്ററിംഗ് പോളിസിക്കു കീഴില്‍ മാര്‍ഗരേഖ തയാറാക്കുകയായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം.
അടുത്തിടെ അവതരിപ്പിച്ച കാറ്ററിംഗ് പോളിസിയുടെ കീഴില്‍ പാചകത്തെയും ഭക്ഷണ സാധനങ്ങളുടെ വിതരണത്തെയും സംബന്ധിച്ച് പ്രത്യേകമായി വിവരിക്കുന്നുണ്ട്ണ്ട്. പരാതികള്‍ ലഭിക്കുന്ന പക്ഷം വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതായും, പുതിയ കാറ്ററിംഗ് പോളിസി സുതാര്യമായി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
ട്രെയ്നില്‍ വില്‍ക്കുന്ന ഭഷണത്തിന്റെ വിലവിവര പട്ടികയും ഇന്ത്യന്‍ റെയ്ല്‍വേ പുറത്തുവിട്ടിട്ടുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും അധിക പണം ഈടാക്കുന്നുവെന്ന പരാതി പരിഹരിക്കാന്‍ വേണ്ടിയാണ് ഈ നടപടി. റെയ്ല്‍വെ പുറത്തുവിട്ട നിരക്കില്‍ നിന്ന് കാറ്ററിംഗ് സര്‍വീസിലുള്ളവര്‍ അധിക പണം ഈടാക്കിയാല്‍ ഉടന്‍ പരാതി നല്‍കണമെന്നും റെയ്ല്‍വെ മന്ത്രാലയം നിര്‍േദശിച്ചു. 24 മണിക്കൂറും പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യുമെന്ന ഉറപ്പും നല്‍കുന്നുണ്ട്.
ചായയ്ക്കും കാപ്പിക്കും 7 രൂപയും കുടിവെള്ളത്തിന് 15 രൂപയുമാണ് വിലവിവരപ്പട്ടികയിലെ വില. പ്രഭാത ഭക്ഷണം 30 രൂപയ്ക്കും ഉച്ചഭക്ഷണം 50 രൂപയ്ക്കും ലഭിക്കും. ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ റെയ്ല്‍വേ ഇക്കാര്യം പുറത്തുവിട്ടത്. വില വിവരങ്ങള്‍ കൃത്യമായി അടങ്ങിയ വീഡിയോയും റെയ്ല്‍വെ പുറത്തുവിട്ടിട്ടുണ്ട്.
you're currently offline