സ്റ്റാര്‍ട്ടപ് ഹാക്കത്തോണില്‍ മേക്കര്‍ വില്ലേജിന്റെ ഇലക്‌ട്രോണിക് സുരക്ഷാ കവചത്തിന് ഒന്നാം സ്ഥാനം

സ്റ്റാര്‍ട്ടപ് ഹാക്കത്തോണില്‍ മേക്കര്‍ വില്ലേജിന്റെ ഇലക്‌ട്രോണിക് സുരക്ഷാ കവചത്തിന് ഒന്നാം സ്ഥാനം

കെവ്‌ലാര്‍ എന്ന സങ്കരപദാര്‍ഥം കൊണ്ട് നിര്‍മിച്ച ജാക്കറ്റ് എതിരാളികള്‍ എവിടെയെന്നു കണ്ടുപിടിക്കാനും ഇവരെക്കുറിച്ചുള്ള വിവരം തങ്ങളുടെ നിയന്ത്രണകേന്ദ്രത്തെ അറിയിക്കാനും ശേഷിയുള്ളതുമാണ്

കൊച്ചി: സംഘര്‍ഷ പ്രദേശങ്ങളില്‍ സുരക്ഷാഭടന്മാര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഇലക്‌ട്രോണിക് ജാക്കറ്റ് നിര്‍മിച്ച മേക്കര്‍ വില്ലേജ് സ്റ്റാര്‍ട്ടപ് ടീം കൊച്ചിയില്‍ നടന്ന ഹാക്കത്തോണില്‍ ഒന്നാം സ്ഥാനം നേടി. അജയ് സാങ്‌വാന്‍, ടി.രോഹിത്, വിവേക് ജോസ് എന്നിവരടങ്ങിയ ന്യോക്ക എന്ന ടീം രൂപകല്പന ചെയ്തതും കെവ്‌ലാര്‍ എന്ന സങ്കരപദാര്‍ഥം കൊണ്ട് നിര്‍മിച്ചതുമായ ജാക്കറ്റ് എതിരാളികള്‍ എവിടെയെന്നു കണ്ടുപിടിക്കാനും ഇവരെക്കുറിച്ചുള്ള വിവരം തങ്ങളുടെ നിയന്ത്രണകേന്ദ്രത്തെ അറിയിക്കാനും ശേഷിയുള്ളതുമാണ്.

ഇതിനൊപ്പംതന്നെ ഇവര്‍ രൂപകല്പന ചെയ്ത ഐടി അധിഷ്ഠിത ഉപകരണം അതിര്‍ത്തിയില്‍ സ്ഥാപിക്കുകയാണെങ്കില്‍ അതിര്‍ത്തി ലംഘനം നടത്തുന്നവരെ ഇന്‍ഫ്രാറെഡ് രശ്മികളിലൂടെ കൃത്യമായി നിര്‍ണയിക്കുകയും ബന്ധപ്പെട്ട അധികൃതര്‍ക്കും സമീപവാസികള്‍ക്കും സന്ദേശം നല്‍കുകയും ചെയ്യും. ശരീരത്തിന്റെ ഊഷ്മാവ് നിര്‍ണയിച്ച് മനുഷ്യരെയും മൃഗങ്ങളെയും കൃത്യമായി വേര്‍തിരിച്ച് മനസിലാക്കാനുള്ള ശേഷിയും ഈ ഉപകരണത്തിനുണ്ട്.

കളമശേരി കേരള ടെക്‌നോളജി ഇന്നവേഷന്‍ സോണില്‍ ചെന്നൈ അമേരിക്കന്‍ കോണ്‍സുലേറ്റിന്റെയും ലേണിങ് ലിങ്ക്‌സ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ ‘ഹാക്ക് ടു ഹെല്‍പ് സോഷ്യല്‍ ഇന്നവേഷന്‍ ഹാക്കത്തോണ്‍’ എന്ന പേരില്‍ നടന്ന ദ്വിദിന മത്സരം കേരള സ്റ്റാര്‍ട്ടപ് മിഷന്‍, മേക്കര്‍ വില്ലേജ്, സയന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ 16 വയസിനുമുകളിലുള്ളവര്‍ക്കുവേണ്ടിയാണ് സംഘടിപ്പിച്ചത്.

വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, പൗരസേവനം, കൃഷി, സ്മാര്‍ട്ട് സാങ്കേതികവിദ്യ, ഹരിതശുദ്ധ ഊര്‍ജം എന്നീ മേഖലകളാണ് ഹാക്കത്തോണിനു വിഷയമാക്കിയത്. നാസ്‌കോം 1000 സ്റ്റാര്‍ട്ടപ്‌സ് മേധാവി അരുണ്‍ നായര്‍ ഹാക്കത്തോണ്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍നിന്നുള്ള പത്ത് വിധികര്‍ത്താക്കളാണ് പുരസ്‌കാരം നിര്‍ണയിച്ചത്. 30 ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗിലെ സമീര്‍ ദയാല്‍, മായങ്ക് രാജ്, അഭിനവ് ഗൗതം, ശന്തനു ഗാര്‍ഗ് എന്നിവരടങ്ങിയ ഹഗ്ഗാമ ടീം രണ്ടാം സ്ഥാനവും, സെയിന്റ് ഗിറ്റ്‌സ് കോളജ് ഓഫ് എന്‍ജിനയീറിംഗിലെ എംഎസ് ജിതിന്‍, വി. ഗോവിന്ദന്‍ നമ്പൂതിരി, ജിബിന്‍ ജോസഫ്, ക്ലിന്‍സ് സ്റ്റീഫന്‍ എന്നിവരടങ്ങിയ കോഡ് റെക്കേഴ്‌സ് ടീം മൂന്നാം സ്ഥാനവും ചേര്‍ത്തല കോളജ് ഓഫ് എന്‍ജിനീയറിംഗിലെ കെ.ശിവപ്രസാദ്, എംപി അര്‍ഷദ്, മണികണ്ഠന്‍ വിജയന്‍, വിആര്‍ ഗോകുല്‍ദാസ് എന്നിവരുടെ ഡീകോഡേഴ്‌സ് ടീം നാലാം സ്ഥാനവും നേടി.

വൃത്തിഹീനമായ പൊതുശൗചാലയങ്ങളെ കാര്യക്ഷമമാക്കി ലാഭകരമായി പ്രവര്‍ത്തിപ്പിക്കാനുള്ള പരിഹാര മാര്‍ഗങ്ങളാണ് ഹഗ്ഗാമ ടീം രൂപപ്പെടുത്തിയത്. കാര്‍ഷിക മേഖലയിലെ ഉല്പാദകരെയും ഉപഭോക്താക്കളെയും നേരിട്ട് ബന്ധിപ്പിച്ച് ഇടനിലക്കാരെ ഒഴിവാക്കുന്ന ആപ് ആണ് കോഡ് റെക്കേഴ്‌സ് സൃഷ്ടിച്ചത്. രണ്ടു വിഭാഗത്തിനും ലാഭകരമാകുന്ന വിലയ്ക്ക് വിപണനം നടത്തുക എന്നതാണ് ലക്ഷ്യം. ലാബില്‍ ജന്തുശാസ്ത്ര പഠനത്തിന് ഉപയുക്തമാകുന്ന തരത്തില്‍ കമ്പ്യൂട്ടര്‍ കല്പിതമായ ഡിസക്ഷന്‍ ടൂള്‍ നിര്‍മിക്കുകയാണ് നാലാംസ്ഥാനം ലഭിച്ച ഡീകോഡേഴ്‌സ് ചെയ്തത്.

 

Comments

comments

Categories: Education, FK Special