ഇന്ത്യയും പാകിസ്ഥാനും അടുത്ത മാസം ചര്‍ച്ച നടത്തും

ഇന്ത്യയും പാകിസ്ഥാനും അടുത്ത മാസം ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: ലോക ബാങ്കിന്റെ മധ്യസ്ഥതയില്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച കിഷന്‍ഗംഗ, രത്‌ലെ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അടുത്ത മാസം വാഷിംഗ്ടണില്‍ നടക്കും. 330 മെഗാവാട്ടിന്റേതാണു കിഷന്‍ഗംഗ പദ്ധതി. രത്‌ലെ പദ്ധതിയാവട്ടെ 850 മെഗാവാട്ടും. ഏപ്രില്‍ 11 മുതല്‍ 13 വരെയുള്ള ദിവസങ്ങളിലായിരിക്കും ഇരുരാജ്യങ്ങളുടെയും വാട്ടര്‍ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുക.

യുഎസിന്റെയും ലോക ബാങ്കിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് ഇന്ത്യ തയാറായതെന്നു നേരത്തേ പാകിസ്ഥാന്റെ ജല, ഊര്‍ജ്ജ വകുപ്പ് മന്ത്രി ഖ്വാജ ആസിഫ് ഇസ്ലാമാബാദില്‍ നടന്ന മാധ്യമ സമ്മേളനത്തില്‍ പറയുകയുണ്ടായി. പാകുല്‍ ദല്‍, മിയാര്‍, ലോവര്‍ കല്‍നായ് തുടങ്ങിയ പ്രദേശങ്ങളിലെ നിര്‍ദ്ദിഷ്ട ജലവൈദ്യുത പദ്ധതികളെ പാകിസ്ഥാന്‍ എതിര്‍ക്കുന്ന പശ്ചാത്തലത്തിലാണു ഇന്ത്യ-പാക് ചര്‍ച്ച നടക്കുന്നത്. പ്രസ്തുത പ്രദേശങ്ങളിലെ പദ്ധതികളുടെ രൂപരേഖ ഇന്ത്യ, പാകിസ്ഥാനുമായി പങ്കുവയ്ക്കണമെന്ന നിര്‍ദേശവും പാകിസ്ഥാന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

പാകിസ്ഥാന്റെ താത്പര്യങ്ങളെ ഹനിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട ചര്‍ച്ചാ വേദികളില്‍ എതിര്‍ക്കുമെന്നും പാകിസ്ഥാന്‍ അറിയിച്ചു. ജലവൈദ്യുത പദ്ധതികളിന്മേലുള്ള ചര്‍ച്ച ഭാവിയില്‍ ഇന്ത്യ-പാക് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു വഴിതുറക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ മന്ത്രി ഖ്വാജ ആസിഫ് വിസമ്മതിച്ചു. 2016യില്‍ കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഇന്ത്യ നിറുത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജുലൈയിലായിരുന്നു ഇന്ത്യയുടെയും പാകിസ്ഥാന്റെയും വാട്ടര്‍ സെക്രട്ടറിമാര്‍ തമ്മില്‍ ന്യൂഡല്‍ഹിയില്‍ വച്ചു ചര്‍ച്ചകള്‍ നടത്തിയത്.

Comments

comments

Categories: FK Special, Top Stories