നിരത്തുകള്‍ കീഴടക്കിയ ഹമ്മര്‍

നിരത്തുകള്‍ കീഴടക്കിയ ഹമ്മര്‍

വാഹന പ്രേമികളുടെ ഹൃദയത്തില്‍ ഇടംനേടിയെടുത്ത എസ്‌യുവിയാണ് ഹമ്മര്‍. 1983ല്‍ അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ 55000 ഹൈ മൊബിലിറ്റി മള്‍ട്ടിപര്‍പ്പസ് വീല്‍ഡ് വെഹിക്കിളുകള്‍ നിര്‍മിക്കാന്‍ എഎം ജനറല്‍ കോര്‍പ്പറേഷന് കരാര്‍ നല്‍കി. ഹംവി എന്ന ചെല്ലപ്പേരില്‍ അറിയപ്പെട്ട ഈ വാഹനം സൈനികരുടെ യാത്രയ്ക്കും ചരക്കുനീക്കത്തിനും ഉപയോഗിച്ചു.

1989ല്‍ പനാമയില്‍ അമേരിക്ക നടത്തിയ അധിനിവേശത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലെ പെര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധത്തിലും ഹംവി വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഹംവിയുടെ സിവിലിയന്‍ പതിപ്പാണ് ഹമ്മര്‍. 1992ലാണ് ഹമ്മര്‍ നിരത്തിലെത്തിയത്. തുടര്‍ന്ന് അമേരിക്കയിലെ ആഡംബര ചിഹ്നങ്ങളിലൊന്നായി അതുമാറി. ഹോളിവുഡ് സൂപ്പര്‍താരം അര്‍നോള്‍ഡ് ഷ്വെയ്ന്‍സ്‌റ്റൈഗര്‍ അടക്കമുള്ള പ്രമുഖര്‍ ഹമ്മര്‍ സ്വന്തമാക്കി.

1999ല്‍ ഹമ്മറിന്റെ വിതരണാവകാശം എഎം ജനറലില്‍ നിന്ന് ജനറല്‍ മോട്ടോഴ്‌സ് ഏറ്റെടുത്തു. എച്ച്1, എച്ച്2, എച്ച്3 എന്നിങ്ങനെ വിവിധ മോഡലുകള്‍ ഹമ്മറിനുണ്ടായിരുന്നു. അതേസമയം, പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നുവെന്ന പേരുദോഷവും ഹമ്മര്‍ കേള്‍പ്പിച്ചിട്ടുണ്ട്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഹമ്മറിന്റെ വില്‍പ്പന ഗണ്യമായി കുറഞ്ഞു. 2010ലാണ് ഹമ്മര്‍ അവസാനമായി പുറത്തിറക്കിയത്.

Comments

comments

Categories: Auto, FK Special