വേദനസംഹാരികള്‍ക്ക് അടിപ്പെട്ട സമ്പദ്‌വ്യവസ്ഥകള്‍

വേദനസംഹാരികള്‍ക്ക് അടിപ്പെട്ട സമ്പദ്‌വ്യവസ്ഥകള്‍

സാമ്പത്തികപ്രശ്‌നങ്ങളും ആരോഗ്യമേഖലയും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളതെന്ന് തെളിയിക്കുകയാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മനുഷ്യന്റെ ശാരീരിക- മാനസികാരോഗ്യവും സാമ്പത്തികഘടകങ്ങളും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുകയാണ് ഗവേഷകര്‍

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ മധ്യവയസ്‌കര്‍ക്കിടയിലെ മരണനിരക്ക് കുറയുന്നത് ഇല്ലാതായി. പൊടുന്നനെ മരണനിരക്ക് വര്‍ധിക്കാനും തുടങ്ങി. ഒരു ആധുനികവ്യാവസായിക നഗരത്തെ സംബന്ധിച്ചിടത്തോളം ഇത് അല്‍ഭുതം ജനിപ്പിക്കുന്ന മാറ്റം തന്നെയായിരുന്നു. എന്തുകൊണ്ടാണിത് സംഭവിച്ചതെന്നതിനെക്കുറിച്ച് ഇന്നും പൂര്‍ണബോധ്യമായിട്ടില്ല. ഇതിനെക്കുറിച്ച് ആപല്‍സൂചന നല്‍കിയ ഗവേഷകര്‍ നിരവധിയുണ്ട്.

പ്രിന്‍സന്റോണ്‍ സര്‍വകലാശാലയിലെ സാമ്പത്തികവിദഗ്ധരായ ആന്‍ കെയ്‌സും, ആന്‍ഗസ് ഡീറ്റണും ഉയര്‍ന്നു വരുന്ന ആത്മഹത്യാ നിരക്കുകളെ കുറിച്ചും, മരുന്നുകളുടെ അമിത ഉപയോഗത്തെ കുറിച്ചും, മദ്യപാനത്തെക്കുറിച്ചുമുള്ള സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ എങ്ങനെ ഇത്തരത്തിലൊരു സാഹചര്യമുണ്ടായി എന്നതിനെക്കുറിച്ച് വിശദീകരിക്കാന്‍ ഇവയ്‌ക്കൊന്നും സാധിച്ചിട്ടില്ല. അവരുടെ ജീവിതത്തിലുള്ള അസ്വസ്ഥതകളെ വിശകലനം ചെയ്തുകൊണ്ട് ചില സൂചനകള്‍ മാത്രമാണ് ഇതേക്കുറിച്ച് ഗവേഷകര്‍ നല്‍കുന്നത്.

‘എന്തൊക്കെയായാലും ജനങ്ങള്‍ സന്തുഷ്ടരല്ല. എല്ലാവിഷയങ്ങളിലും അവര്‍ പിന്നാക്കം പോവുന്നു. ചിലര്‍ക്ക് തൊഴില്‍ തന്നെ നഷ്ടമായി. ആളുകള്‍ അവരുടെ മക്കള്‍ക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ച് ആശങ്കാകുലരാവുകയും ചെയ്യുന്നു,’ ഡീറ്റണ്‍ പറയുന്നു. അടുത്തിടെ പുറത്തുവന്ന ഒരു ഗവേഷണഫലം ഇത്തരത്തിലുള്ള കുഴക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്. സാമ്പത്തികമായ കഷ്ടതകളും കുട്ടികളിലെ ആരോഗ്യപ്രശ്‌നങ്ങളും തമ്മിലുള്ള ബന്ധമാണ് ഇത് വിശകലനം ചെയ്യുന്നത്.

ഓപ്പിയോയ്ഡ് എന്ന ഒരുതരം വേദനസംഹാരിയുടെ അമിത ഉപയോഗം കൊണ്ടുള്ള മരണങ്ങള്‍ 1999 മുതല്‍ നാലുമടങ്ങായി എന്നത് എല്ലാവര്‍ക്കുമറിയാവുന്ന വസ്തുതയാണ്. ഇത് വലിയ തോതിലുള്ള പ്രതിസന്ധിയായി മാറിയിട്ടുമുണ്ട്. മരുന്നുമായി ബന്ധപ്പെട്ട കുറിപ്പുകളില്‍ വന്‍തോതില്‍ വേദനസംഹാരികള്‍ ഇടംനേടിയത് ഓപ്പിയോയ്ഡ് പോലുള്ളവയെ വ്യാപകമാക്കി. എന്നാല്‍ ഇതില്‍ സമ്പദ്‌വ്യവസ്ഥയ്ക്കും ഒരു നിര്‍ണായകപങ്കുണ്ട്. ഇന്‍ഡ്യാന, വെര്‍ജീനിയ സര്‍വ്വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഇത് വ്യക്തമാണ്.

ശരാശരിയിലും മേലെ തൊഴിലില്ലായ്മനിരക്ക് രേഖപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ ഓപ്പിയോയ്ഡ് മരണനിരക്കുകള്‍ വന്‍തോതില്‍ വര്‍ധിച്ചതായി അലക്‌സ് ഹോളിംഗ്‌വര്‍ത്ത്, ക്രിസ്റ്റഫര്‍ ജെ റൂം, കൊസാലി സൈമണ്‍ എന്നിവരുടെം സംയുക്തഗവേഷണത്തില്‍ വ്യക്തമാകുന്നു. 1999 മുതല്‍ 2014 വരെയുള്ള ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട രേഖകളാണ് ഇവര്‍ വിശകലനം ചെയ്തത്. അപ്രതീക്ഷിതമായി തൊഴിലില്ലായ്മനിരക്കുകള്‍ വര്‍ധിച്ചയിടങ്ങളില്‍ എങ്ങനെയാണ് ഓപ്പിയോയ്ഡ് ഓവര്‍ഡോസ് നിരക്കുകള്‍ വര്‍ധിച്ചതെന്ന് ഇവര്‍ താരതമ്യം ചെയ്യുന്നു.

ഇതേ വിശകലനം തന്നെ തൊഴിലില്ലായ്മ നിരക്കുകള്‍ കുറഞ്ഞ പ്രദേശങ്ങളെയും അധികരിച്ചു നടത്തി. ദേശീയതലത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് പഠനം വിശകലനം ചെയ്യുന്നില്ല. അതായത് ആഗോള സമ്പത്തികമാന്ദ്യം പോലെ പ്രാധാന്യമര്‍ഹിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും, അതില്‍ നിന്ന് എങ്ങനെ മുക്തി നേടിയെന്നതിനെക്കുറിച്ചും പഠനത്തില്‍ വ്യക്തമാകുന്നില്ല. അതിന് പകരം മാന്ദ്യം ബാധിച്ചയിടങ്ങളിലെ ഓപ്പിയോയ്ഡ് മരണങ്ങളെയാണ് ഇവര്‍ വിലയിരുത്തുന്നത്. ആഗോളസാമ്പത്തികമാന്ദ്യം വലിയ തോതില്‍ ബാധിച്ച രാജ്യങ്ങളെ അമിതമായ വേദനസംഹാരികളുടെ ഉപയോഗവും കാര്യമായിത്തന്നെ ബാധിച്ചിരുന്നു.

എന്നാല്‍ മദ്യഉപഭോഗം വിപരീതദിശയിലാണ് സഞ്ചരിക്കുന്നതെന്നത് ഏറെ ആശ്ചര്യകരമാണെന്ന് റൂം വ്യക്തമാക്കുന്നു. സാമ്പത്തികബുദ്ധിമുട്ടുകള്‍ ഏറെയുള്ള സമയത്ത് ജനങ്ങള്‍ മദ്യം വാങ്ങുന്നതില്‍ കുറവുണ്ടാകുന്നുണ്ട്. നല്ല സമയത്ത് അവര്‍ ഒരുപാട് കുടിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും സാമ്പത്തികവളര്‍ച്ചയും ഉയര്‍ന്ന മരണനിരക്കും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. സാമ്പത്തികാവസ്ഥ മെച്ചപ്പെടുന്ന സമയത്ത് ജനങ്ങള്‍ കൂടുതല്‍ ആപല്‍ക്കരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. ഈ അവസരത്തില്‍ മലിനീകരണവും വര്‍ധിക്കും.

അതേസമയം തന്നെ ജിഡിപിയിലും മറ്റും വന്‍തോതില്‍ കുറവു വന്നതിന് ശേഷം സമ്പദ്‌രംഗം പ്രതിസന്ധി നേരിടുന്ന അവസരങ്ങളില്‍ ഇത്തരത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞ രീതിയില്‍ പ്രതികരിക്കാനുള്ള പ്രവണത ജനങ്ങളില്‍ കുറയുകയും ചെയ്യുന്നു. 2000മാണ്ടില്‍ ഈ ബന്ധം ആദ്യമായി ചൂണ്ടിക്കാട്ടിയ വ്യക്തിയാണ് റൂം.

പക്ഷേ അമേരിക്കയില്‍ മുന്‍കാലങ്ങളിലെപ്പോലെ സാമ്പത്തികമാന്ദ്യം കാരണം ആളുകള്‍ മരിക്കാതിരിക്കുന്നില്ല. വേദനസംഹാരികള്‍ക്ക് അടിപ്പെടുന്നതിലും ആത്മഹത്യകളിലുമാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണമുള്ളതെന്ന് റൂമും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും വിശ്വസിച്ചു. സമ്മര്‍ദം നിറഞ്ഞ സമയത്താണ് ഇവരണ്ടും വര്‍ധിക്കുന്നത് എന്നത് തന്നെയാണ് പ്രധാനകാരണം. സാമ്പത്തികപ്രശ്‌നങ്ങള്‍ ഏറെയുള്ള സമയത്തു പോലും മദ്യത്തിന്റെ ഉപഭോഗം വര്‍ധിക്കുന്നില്ല.

ഫെഡറല്‍ റിസര്‍വ് ബോര്‍ഡിലെ സാമ്പത്തിക വിദഗ്ധരായ ജസ്റ്റിന്‍ പിയേഴ്‌സും പീറ്റര്‍ സ്‌കോട്ടും ചേര്‍ന്നാണ് ആരോഗ്യവും സാമ്പത്തിക രംഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള മറ്റ് തെളിവുകള്‍ നിരത്തുന്നത്. 2000ത്തിന്റെ തുടക്കത്തില്‍ ചൈനയുമായുള്ള വ്യാപാരം വര്‍ധിച്ചതും അതുമായി ബന്ധപ്പെട്ട ആരോഗ്യപരമായ പ്രത്യാഘാതങ്ങളുമാണ് ഈ ഗവേഷകര്‍ വിശകലനം ചെയ്യുന്നത്. ഇത്തരമൊരു വാണിജ്യബന്ധം തൊഴിലില്ലായ്മയ്ക്ക് കാരണമായ മേഖലകളിലെ വെള്ളക്കാരില്‍ ആത്മഹത്യയും മരുന്നുകളുടെ അമിത ഉപയോഗവും കൊണ്ടുണ്ടായ മരണനിരക്ക് ഏറെ ഉയര്‍ന്നതായി കണ്ടെത്തി.

അതേസമയം മറ്റു രാജ്യങ്ങളില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ള ഒരു ക്രമപ്രകാരം തൊഴിലില്ലായ്മ കൂടിയ പ്രദേശങ്ങളില്‍ ഗുരുതരമായ ഹൃദയസ്തംഭന നിരക്കുകള്‍ കുറയുകയാണുണ്ടായത്. പ്രതിസന്ധികള്‍ നിറഞ്ഞ സമയമാണെങ്കിലും ശാരീരികാരോഗ്യം പലപ്പോഴും മെച്ചപ്പെടുമെന്നും എന്നാല്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ദോഷകരമായി ഈ സമയത്ത് ബാധിക്കാമെന്നും റൂം പറയുന്നു.

വേദനസംഹാരികളുടെ അമിത ഉപയോഗവും മറ്റും മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റൂം വിശ്വസിക്കുന്നു. ശാരീരികവും മാനസികവും സാമ്പത്തികവുമായ ഇത്തരം ബന്ധങ്ങളില്‍ വ്യക്തതയുണ്ടാകുന്നത് ഡോക്റ്റര്‍മാരുടെയും രാഷ്ട്രീയക്കാരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുമെന്നതിനാല്‍ ഏറെ പ്രധാനമാണ്.

അമേരിക്കയില്‍ മരുന്നുകളുടെ അമിതോപയോഗം, ആത്മഹത്യ, മദ്യപാനം എന്നിവ കാരണമുള്ള മരണ നിരക്കുകള്‍ വര്‍ധിക്കുകയാണ്. നിരക്ക് 400ല്‍ നിന്ന് 430 ആയി വര്‍ധിച്ചു. എന്നാല്‍ ജര്‍മനി, ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ മരണനിരക്കുകള്‍ കുറയുകയാണ്. 1990കളില്‍ യുകെയിലെയും യുഎസിലെയും മധ്യവയസ്‌കര്‍ക്കിടയിലെ മരണനിരക്കുകള്‍ തുല്യമായിരുന്നു. ഇന്ന് മരണനിരക്ക് കൂടുതല്‍ അമേരിക്കയിലാണ്. മരുന്നുകള്‍ മാത്രമല്ല ഇരുരാജ്യങ്ങളിലും കാന്‍സര്‍, ഹൃദ്‌രോഗങ്ങള്‍ തുടങ്ങിയ കാരണങ്ങളും മധ്യവയസ്‌കര്‍ക്കിടയില്‍ വലിയ തോതില്‍ മരണത്തിന് കാരണമാകാറുണ്ട്.

 

Comments

comments

Categories: FK Special, Life