ട്രംപിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഡിപി വേള്‍ഡ്

ട്രംപിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഡിപി വേള്‍ഡ്

മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരം ക്രമീകരിക്കാനാണ് ട്രംപ് ശ്രമിച്ചതെന്നും മറ്റ് രാജ്യങ്ങള്‍ അവരുടേതായ വിപണി തുടങ്ങണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും കമ്പനിയുടെ ചെയര്‍മാനായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം പറഞ്ഞു

ദുബായ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങളെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായ മാര്‍ക്കറ്റുകളില്‍ വളര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് മള്‍ട്ടിനാഷണല്‍ തുറമുഖ ഓപ്പറേറ്റിംഗ് കമ്പനിയായ ഡിപി വേള്‍ഡ്. ലാറ്റിന്‍ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നീ വളരുന്ന വിപണികളില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെന്ന് കമ്പനിയുടെ ചെയര്‍മാനായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം പറഞ്ഞു.

വളരുന്ന വിപണികളില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്ഘടനയില്‍ ഈ വര്‍ഷം 4.5 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകുമെന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് പറയുന്നത്. ശരാശരി ആഗോള വളര്‍ച്ച നിരക്ക് 3.4 ശതമാനമാനമാണ് കണക്കാക്കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച തുറമുഖ ഓപ്പറേറ്റര്‍മാരായ ഡിപി വേള്‍ഡ് ഈ വര്‍ഷം വിവിധ പദ്ധതികളിലായി 1.2 ബില്യണ്‍ ഡോളറാണ് നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. കമ്പനിയുടെ പ്രധാന പദ്ധതിയായ ദുബായിലെ ജെബല്‍ അലി പോര്‍ട്ട് ഉള്‍പ്പടെ ചൈന, സെനഗാള്‍, കാനഡ, യുകെ എന്നിവിടങ്ങളിലെ തുറമുഖങ്ങളിലായിട്ടാണ് കമ്പനി നിക്ഷേപം നടത്തുന്നത്.

ഇക്വഡോറിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ തുറമുഖം വികസിപ്പിക്കാന്‍ കരാര്‍ ലഭിച്ചിട്ടുണ്ട്. തുറമുഖത്തിന്റെ 50 വര്‍ഷത്തെ പ്രവര്‍ത്തന ചുമതലയും കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ബിന്‍ സുലായെം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ലാഭം 27.6 ശതമാനം വര്‍ധിച്ച് 1.13 ബില്യണ്‍ ഡോളറായതായി മുന്‍പ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപിന്റെ നയങ്ങള്‍ വ്യാപാരത്തെ ബാധിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്ന് ബിന്‍ സുലായെം പറഞ്ഞു. മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരം ക്രമീകരിക്കാനാണ് ട്രംപ് ശ്രമിച്ചതെന്നും മറ്റ് രാജ്യങ്ങള്‍ വിപണി തുടങ്ങണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയിലും കാനഡയിലും ഡിപി വേള്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇരു രാജ്യങ്ങളേയും ലക്ഷ്യം വെച്ചുകൊണ്ടാണ് ട്രംപ് യുഎസിന്റെ വ്യാപാര നയങ്ങളില്‍ മാറ്റം വരുത്തിയത്. ട്രംപ് അധികാര മേറ്റതിനു ശേഷം വ്യാപാര കരാറുകളില്‍ നിരവധി മാറ്റങ്ങളാണ് കൊണ്ടുവന്നത്. ലാറ്റിന്‍ അമെരിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെട്ട 12 രാജ്യങ്ങളുടെ വ്യാപാര കരാറില്‍ നിന്ന് യുഎസ് പുറത്തുപോയി. മെക്‌സിക്കോയോടും കാനഡയോടുമുള്ള ബഹുമുഖ വ്യാപാര കരാറില്‍ മാറ്റം വരുത്തുകയും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് ഇറക്കുമതിചുങ്കം ഏര്‍പ്പെടുത്തുകയും ചെയ്തു.

അറബ് ഉടമസ്ഥതയുള്ള കമ്പനി രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് ദേശിയ സുരക്ഷ ഭീഷണിക്ക് കാരണമാകും എന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡിപി കമ്പനിക്ക് യുഎസിലുണ്ടായിരുന്നു തുറമുഖ ആസ്തികള്‍ 2006 ല്‍ വില്‍ക്കേണ്ടിവന്നിരുന്നു. യുഎസ് മാര്‍ക്കറ്റില്‍ തിരിച്ച് പ്രവേശിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്നും ബിന്‍ സുലായെം പറഞ്ഞു. യുഎസിന് പകരമായി കഴിഞ്ഞ വര്‍ഷം കമ്പനി റഷ്യയില്‍ നിക്ഷേപം നടത്തി. റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി ചേര്‍ന്നാണ് റഷ്യയില്‍ പ്രവര്‍ത്തനം നടത്തുന്നത്.

 

Comments

comments

Categories: Business & Economy, World
Tags: DP world, Trump