അയോധ്യ തര്‍ക്കം : സുപ്രീം കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് ബിജെപി

അയോധ്യ തര്‍ക്കം : സുപ്രീം കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് ബിജെപി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര-ബാബ്‌റി മസ്ജിദ് തര്‍ക്കം പരിഹരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ചര്‍ച്ചയിലൂടെയാണെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തെ ബിജെപിയും ആര്‍എസ്എസും ചൊവ്വാഴ്ച സ്വാഗതം ചെയ്തു.

സുപ്രീം കോടതിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ചര്‍ച്ചയിലൂടെ തന്നെയാണു പ്രശ്‌നം പരിഹരിക്കാന്‍ ബിജെപിയും ശ്രമിക്കുന്നത്. ഒരുമിച്ച് ഇരുന്ന് ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദേശം നല്ലൊരു ചുവടുവയ്പ്പാണെന്ന് ബിജെപി നേതാവും കേന്ദ്രസഹമന്ത്രിയുമായ പി പി ചൗധരി പറഞ്ഞു.

കേന്ദ്രത്തിലും യുപിയിലും ബിജെപി സര്‍ക്കാരാണ്. ചര്‍ച്ചകള്‍ക്കു ശേഷം ഞങ്ങള്‍ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കുമെന്നു ബിജെപിയുടെ തീപ്പൊരി നേതാവ് വിനയ് കട്യാര്‍ പറഞ്ഞു. രാമക്ഷേത്രം, ബാബറി മസ്ദിജ് തര്‍ക്കം സംബന്ധിച്ച കേസില്‍ എത്രയും വേഗത്തിലുള്ള ഹിയറിംഗ് ഉണ്ടാവണമെന്നു ചൂണ്ടിക്കാണിച്ചു ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു വൈകാരികമായ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതാണു നല്ലതെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖേക്കര്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടത്.

രണ്ട് വിഭാഗത്തിനും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇരുവിഭാഗത്തിനും സമ്മതമാണെങ്കില്‍ മധ്യസ്ഥതയ്ക്ക് താന്‍ തയാറാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് ഖേക്കര്‍ അഭിപ്രായപ്പെട്ടു. വേണമെങ്കില്‍ പ്രിന്‍സിപ്പല്‍ നെഗോഷ്യേറ്ററെയും കോടതി നിയമിക്കാമെന്ന് അറിയിച്ചു.

സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിഎച്ച്പി ഈ മാസം 26 മുതല്‍ ഏപ്രില്‍ 16 വരെ രാം മഹോത്സവ് എന്ന പേരില്‍ യാത്ര സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം സുപ്രീം കോടതി നിര്‍ദേശത്തെ ബാബ്‌റി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി തള്ളിക്കളഞ്ഞു. പ്രശ്‌നത്തില്‍ അന്തിമമായ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നു സംഘടന അറിയിച്ചു.

2010- സെപ്റ്റംബറിലാണ് അലഹബാദ് ഹൈക്കോടതിയിലെ മൂന്നംഗ ബെഞ്ച് ഹിന്ദുക്കള്‍ക്ക് തര്‍ക്കഭൂമിയില്‍ ആരാധിക്കാന്‍ അവകാശമുണ്ടെന്നു വിധിച്ചത്. എന്നാല്‍ ഈ വിധി സുപ്രീം കോടതി മരവിപ്പിക്കുകയായിരുന്നു. ഈ വിധിയില്‍ വാദം ഉടന്‍ തുടരണമെന്ന് ആവശ്യപ്പെട്ടാണു സുബ്രഹ്മണ്യന്‍ സ്വാമി ഹര്‍ജി സമര്‍പ്പിച്ചത്. ആറ് വര്‍ഷത്തിലേറെയായി പ്രശ്‌നം കോടതിയുടെ പരിഗണനയിലാണ്.

Comments

comments

Categories: FK Special, Politics