ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴി സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന പ്രോത്സാഹിപ്പിക്കാനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ടും ആമസോണും

ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴി സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന പ്രോത്സാഹിപ്പിക്കാനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ടും ആമസോണും

വിപുലീകരണവും ജിഎസ്ടിക്കായി തയാറെടുക്കലും ലക്ഷ്യമിടുന്നു

കൊല്‍ക്കത്ത: രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സംരംഭങ്ങളായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴി തങ്ങളുടെ ഓണ്‍ലൈന്‍ എക്‌സ്‌ക്ലൂസിവ് സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കാനൊരുങ്ങുന്നു.

ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇ-കൊമേഴ്‌സ് വിപണിയായ ഇന്ത്യയില്‍ ബിസിനസ് വിപുലീകരിക്കുന്നതിനു വേണ്ടിയും ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) നയത്തോട് ചേര്‍ന്നുപോകുന്നതിന്റെ ഭാഗമായുമാണ് ഫ്‌ളിപ്കാര്‍ട്ടും ആമസോണും ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴി തങ്ങളുടെ എക്‌സ്‌ക്ലൂസീവ് ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കാനൊരുങ്ങുന്നത്. ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ഉല്‍പ്പന്നങ്ങളുടെ വിലയിലുള്ള വ്യത്യാസം ഇല്ലാതാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൂള്‍പാഡ്, മോട്ടോറോള, ലെനോവോ, ഹ്യുവെയ്, വണ്‍ പ്ലസ് തുടങ്ങിയ ബ്രാന്‍ഡുകളാണ് ആമസോണ്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളിലെത്തിക്കുക. സാംസംഗ് ഓണ്‍5 പ്രോ, മി തുടങ്ങിയ പ്രമുഖ മോഡലുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് സാംസംഗുമായും ഷവോമിയുമായും കമ്പനി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

ഫ്‌ളിപ്കാര്‍ട്ട് ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴി സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ചില സൂചനകള്‍ കമ്പനി തരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ പ്രാരംഭ ഘട്ടത്തിലാണെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. ബെംഗളൂരു, ഹൈദരാബാദ് തുടങ്ങി കുറഞ്ഞ വാറ്റ് നികുതിയുള്ള പ്രദേശങ്ങളിലെ വ്യാപാരികള്‍ നിലവില്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നുണ്ട്.

ഇവിടങ്ങളില്‍ സ്മാര്‍ട്ട് ഫോണിനുമേല്‍ 5% മാത്രമാണ് വാറ്റ് ചുമത്തുന്നത്. ദേശീയ ശരാശരി 10-12 ശതമാനമായിരിക്കുമ്പോഴാണിത്. അതിനാല്‍ മറ്റ് പ്രദേശങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വില്‍പ്പന നടത്താന്‍ ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ സാധിക്കുന്നു. ജിഎസ്ടി നിലവില്‍ വരുന്നതോടെ ഈ വ്യത്യാസം ഇല്ലാതാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് ബിസിനസ് വളര്‍ച്ചയ്ക്കു വേണ്ടി തയാറെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഡിവൈസുകളുടെ എക്‌സ്‌ക്ലൂസീവ് ഡിസ്ട്രിബ്യൂഷന്‍ നടത്തുന്നതിന് വിവിധ ബ്രാന്‍ഡുകളുമായി ഇ- കൊമേഴ്‌സ് വമ്പന്‍മാര്‍ സഹകരണം ഉറപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy