വാടകയ്‌ക്കെടുക്കലിന്റെ കാലം

വാടകയ്‌ക്കെടുക്കലിന്റെ കാലം

പി ഡി ശങ്കരനാരായണന്‍

മൂഢ ജഹീഹി ധനാഗമതൃഷ്ണാം
കുരു സദ്ബുദ്ധിം മനസി വിതൃഷ്ണാം
(അല്ലയോ മൂഢാ, സ്വത്ത് സമ്പാദിക്കാനുള്ള നിന്റെ തൃഷ്ണ ഉപേക്ഷിക്കുക, നിന്റെ മനസ്സും ചിന്തയും യാഥാര്‍ഥ്യത്തിലേക്ക് അര്‍പ്പിക്കുക-ഭജഗോവിന്ദം: ശ്ലോകം രണ്ട്)

കാലാകാലങ്ങളായി നമുക്കൊരു ചിന്താശൈലിയുണ്ട്; ജീവിതരീതിയുണ്ട്. അതനുസരിച്ച്, നമുക്കുപയോഗിക്കാനുള്ളതെല്ലാം നാം വാങ്ങി സ്വന്തമാക്കുകയാണ് പതിവ്. കഴിഞ്ഞ നൂറ്റാണ്ടില്‍ വേണ്ടതെല്ലാം നമ്മള്‍ ആവോളം ആസ്വദിച്ച് വാങ്ങിച്ച് വെച്ചു. വീടും കാറും മൊബീല്‍ ഫോണും ടിവിയും ഫ്രിഡ്ജും കുക്കിംഗ് റേഞ്ചും പുസ്തകങ്ങളും പദവിയും പത്രാസും ബിരുദവും അങ്ങിനെയെല്ലാം. ഇരുപതാം നൂറ്റാണ്ടായിരുന്നു അതിനേറ്റവും വളക്കൂറുള്ള കാലം. ഭൂലോകമാകെ ഇത്തരം പുതുവസ്തുക്കളുടെ അതുവരെ ഇല്ലാത്ത രീതിയിലുള്ള ഒഴുക്കുണ്ടായി. ‘ഉടമസ്ഥന്‍’ എന്ന് പറഞ്ഞാല്‍, എന്തോ ആണെന്ന തോന്നല്‍; നമ്മുടെ ഉടമാവകാശങ്ങള്‍ നമ്മളാരാണെന്ന് നിര്‍വ്വചിച്ചു.

ഇന്നും കാര്യങ്ങള്‍ക്ക് വലിയ മാറ്റമില്ല. സാധനങ്ങള്‍ വാങ്ങി ഉടമസ്ഥാവകാശം വച്ച് ഉപയോഗിക്കുന്നതിനാണ് നമ്മുടെ ജീവിതത്തിലെ വലിയൊരു ഭാഗം നാം ചെലവിടുന്നത്. അല്ലെങ്കില്‍ ഒരു ചാണ്‍ വയറിന്റെ പ്രശ്‌നത്തിന് ഇങ്ങനെ കിടന്ന് അധ്വാനിക്കേണ്ട കാര്യമില്ല. മധ്യവര്‍ഗ്ഗ ഉപരിവര്‍ഗ്ഗ വിരലുകളില്‍ അണിയിക്കുവാന്‍ സ്വാമിമാര്‍ ഇത്രയധികം രത്‌നഖചിത മോതിരങ്ങള്‍ പൂജിക്കേണ്ടിയും വരില്ലായിരുന്നു.

പക്ഷേ, ചെറിയ മാറ്റങ്ങള്‍ ദൃശ്യമാണ്. പാട്ടു കേള്‍ക്കാനോ സിനിമ കാണാനോ ഇന്നാരും സിഡി, ഡിവിഡി തുടങ്ങിയവ വാങ്ങുന്നില്ല. പുസ്തകങ്ങള്‍ ആരെങ്കിലും വാങ്ങുന്നുണ്ടെങ്കില്‍ അത് പുസ്തകമേളകളില്‍ കറിക്കരിയുന്ന യന്ത്രത്തോടൊപ്പം അതേ വികാരത്തോടെ മാത്രമാണ്. യുവ തലമുറ പത്രങ്ങള്‍ വാങ്ങാതായിരിക്കുന്നു. ഏത് ഭാഷയിലെ ഏത് പത്രം വേണമെങ്കിലും വായിക്കാവുന്ന മൊബീല്‍ ആപ്പുകളുണ്ട്. ഇതുവരെ നാം വാങ്ങിച്ച് വീട്ടില്‍ വച്ചിരുന്ന ചിലതെല്ലാം ഇപ്പോള്‍ നമ്മള്‍ വാങ്ങാറില്ല. സംഗീത ആല്‍ബങ്ങള്‍ ഗായകര്‍ പുറത്തിറക്കുന്നുണ്ട്; പക്ഷേ, ജനങ്ങള്‍ അവ വാങ്ങിക്കുന്നില്ല. അവര്‍ അത് ശ്രവിക്കുന്നത് ട്രാക്ഓണ്‍ഡിമാന്‍ഡ് പോലുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണ്. അതായത്, സംഗീതം ആസ്വദിക്കപ്പെടുന്നുണ്ട്; വാങ്ങപ്പെടുന്നില്ല. സ്ട്രീമിംഗ് വീഡിയോ നെറ്റിലുള്ളപ്പോള്‍ ഡിവിഡി വാങ്ങിവയ്ക്കുന്നതെന്തിന്? സ്‌പോട്ടിഫൈ ആപ്പുകള്‍ നമ്മള്‍ ലോകത്തെവിടെയാണെങ്കിലും നമുക്കിഷ്ടപ്പെട്ട സംഗീതം നമ്മോടൊപ്പമെത്തിക്കുന്നു.

ഇതിപ്പോള്‍ ഒരു തുടക്കം മാത്രമാണ്. പാശ്ചാത്യരാജ്യങ്ങളിലെ യുവതലമുറ കാര്‍ വാങ്ങിക്കുന്നത് മിക്കവാറും നിര്‍ത്തിയിരിക്കുന്നു. അവര്‍ കാര്‍ഓണ്‍ഡിമാന്‍ഡ് വഴി ആവശ്യമുള്ളപ്പോള്‍ കാര്‍ കടംകൊള്ളുന്നു. ആവശ്യം കഴിഞ്ഞാല്‍ തിരികെ ഏല്‍പ്പിക്കുന്നു. ടാക്‌സിയെക്കാള്‍ സൗകര്യം പലപ്പോഴും റെന്റ്എകാര്‍ നല്‍കും. അതുപോലെ, വാഹന ഉടമസ്ഥത ഇല്ലാതെ യഥേഷ്ടി സഞ്ചരിക്കാനുതകുന്ന മൊബിലിറ്റിആസ്എസര്‍വീസ് (മാസ്) മാതൃക ലോകമെമ്പാടും പ്രചുരപ്രചാരം നേടിവരുന്നു. മാസവരിസംഖ്യ അടച്ചാല്‍, എത്തേണ്ട സ്ഥലം മാത്രം പറഞ്ഞുകൊടുത്താല്‍, റോഡും റെയ്‌ലും പുഴയും തോടും മലയും കാടും കായലും കടലും ആകാശവും കടന്നെത്താനുള്ള യാത്രാപദ്ധതിയും സൗകര്യവും പൂര്‍ണമായി ഒരുക്കി കാത്തിരിക്കുന്ന ആപ്പുകള്‍ ലഭ്യമാണ്. ആവശ്യപ്പെടുന്ന സാധനം / സേവനം ആവശ്യപ്പെടുന്ന മുറയ്ക്ക് എവിടെയും ലഭ്യമാവുമ്പോള്‍ എന്തിന് വാങ്ങിവയ്ക്കണം?

മാസ് യഥാര്‍ത്ഥത്തില്‍ ആരംഭിച്ചത് സോഫ്റ്റ്‌വെയര്‍ വ്യവസായത്തില്‍ ലൈസന്‍സുകള്‍ പങ്കിടുന്ന രൂപത്തിലാണ്. പിന്നീട്, ഈ മാതൃക എല്ലാ രംഗത്തും വന്നു. ഈ തരംഗത്തിന്റെ പേരുതന്നെ ‘ആസ്എസര്‍വീസ്’ എന്നാണ്. ഇപ്പോള്‍ ഭൗതിക വസ്തുക്കളുടെ ഉപയോഗത്തിനും ‘ആസ്എസര്‍വീസ്’ മാതൃക ലഭ്യമാണ്. നെറ്റ് ഫഌക്‌സ്, സ്‌പോട്ടിഫൈ, യൂബര്‍, ഒലെ എല്ലാം ‘ആസ്എസര്‍വീസ്’ കമ്പനികളാണ്. ഈ മാതൃക കൂടുതല്‍ ഫലവത്താവുന്നത് നമുക്ക് ചുറ്റുമുള്ള സെര്‍വര്‍ കംപ്യൂട്ടറുകളുടെ എണ്ണം യഥേഷ്ടം വര്‍ധിക്കുമ്പോഴാണ്. ഓരോ വസ്തുവിലും സൂക്ഷ്മസ്വഭാവമുള്ള അതിശക്തിമത്തായ സെര്‍വറുകള്‍ നിലകൊള്ളുമ്പോള്‍, അവയെ അസംഖ്യം ട്രാന്‍സ്മിഷന്‍ ശൃംഖലകളിലൂടെ ബന്ധിപ്പിക്കുമ്പോള്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ഓഫ് എവെരി തിങ് എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന സങ്കേതം നിലവില്‍ വരുന്നു. ഉപഭോഗ വസ്തുക്കള്‍ അപ്രത്യക്ഷമാവുന്ന അവസ്ഥയില്‍ നിന്ന് നോക്കിയാല്‍, ഇതിനെ നമുക്ക് ഇന്റര്‍നെറ്റ് ഓഫ് നോ തിങ്‌സ് (വസ്തുക്കളില്ലാത്ത അന്തര്‍ജാലം) എന്നും വേണമെങ്കില്‍ വിളിക്കാം. (ഇക്കാര്യം ഇനിയൊരാഴ്ച പ്രതിപാദിക്കാം. കാരണം ഇവിടെ വിഷയം മറ്റൊന്നാണ്)

‘ആസ്എസര്‍വീസ്’ മാതൃകയ്ക്ക് എന്താണിത്ര വിപ്ലവകരമായ പ്രത്യേകത? സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ് അത്ര പന്തിയല്ല എന്ന് പറയുന്നത്? കാരണം ലളിതം: ഒന്ന്- വാങ്ങി കരുതിവയ്ക്കുന്നത് നമ്മളെ മടിയന്മാരാക്കും. രണ്ട്- ഇനിയും സാധനങ്ങള്‍ ഉല്‍പ്പാദിപ്പിച്ചാല്‍ അതിനുള്ള അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ തരാനും ഉണ്ടാക്കിയ സാമഗ്രികളെയെല്ലാം താങ്ങാനും ഭൂമീദേവിയ്ക്ക് കെല്‍പ്പ് കുറവാണ്.

വാങ്ങിവയ്ക്കുന്ന സാധനങ്ങളോട് ആദ്യമുള്ള അഭിനിവേശമല്ലാതെ, പിന്നീട് അധികം ആഭിമുഖ്യം നമ്മള്‍ കാണിക്കാറില്ല. ഒരു കാംകോഡര്‍ വാങ്ങിയ ഞാന്‍ ആദ്യകാലത്ത് കുറെ സ്ഥലങ്ങള്‍ അതുപയോഗിച്ച് ഷൂട്ട് ചെയ്തു. പിന്നീട് പതിയെപതിയെ ഉപയോഗിക്കാതായി. ഒടുവില്‍ ബാറ്ററിയും പോയി ഫംഗസും കേറി അതിപ്പോള്‍ എവിടെയോ ഉണ്ട്. അടുത്ത സ്ഥലം മാറ്റത്തോടെ, പഴയ സാധനങ്ങള്‍ കളയുന്ന കൂട്ടത്തില്‍ ഈ കാംകോഡറും ഒരു ഇ-വേസ്റ്റ് ആയി മാറും. എന്നാല്‍ എടുത്ത് പറയത്തക്ക മുഹൂര്‍ത്തങ്ങളെല്ലാം നമ്മള്‍ പ്രൊഫഷണല്‍ വീഡിയോഗ്രാഫറെ വച്ച് വേറെ എടുപ്പിക്കുന്നുണ്ട്. അയാളും കാമറ വാടകയ്‌ക്കെടുക്കുകയാണ്. ചിലപ്പോള്‍, നമ്മള്‍ ജോലിയേല്‍പ്പിക്കുന്ന വീഡിയോ ഏജന്‍സി കാമറാമാനെയും വാടകയ്‌ക്കെടുത്തതാവാം. ‘ആസ്എസര്‍വീസ്’ ആപ്പ് വഴി ഇതെല്ലാം ചെയ്തുകിട്ടുമ്പോള്‍ എന്തിനാണ് എനിക്കൊരു വീഡിയോകാമറ സ്വന്തമായി?

നമുക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളപ്പോള്‍ മാത്രം സേവനം എടുക്കുന്നതാണ് ഓണ്‍ഡിമാന്‍ഡ് സേവനങ്ങള്‍. നമ്മള്‍ ഉപയോഗിക്കാത്തപ്പോള്‍ ആ വസ്തു മറ്റൊരാള്‍ ഉപയോഗിക്കുന്നു. ഇത് വസ്തുക്കളുടെ സേവനക്ഷമതയെ പരമാവധി ഉപയോഗപ്പെടുത്തുന്നു. ഒലയുടെ കാറുകളില്‍ നമ്മള്‍ കയറാത്തപ്പോള്‍ മറ്റാളുകള്‍ കയറുന്നുണ്ട്.

മുന്‍പു പറഞ്ഞതുപോലെ, വീടുകളായാലും കാറുകളായാലും കാമറകളായാലും ഫോണുകളായാലും അവ ഉണ്ടാക്കുവാന്‍ നിരവധി പ്രകൃതിവിഭവങ്ങള്‍ ആവശ്യമുണ്ട്. നമ്മുടെ പ്രകൃതിവിഭവങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. അതിനാലാണ്, സാംഖികമായ ‘ആസ്എസര്‍വീസ്’ ഇടപാടുതറകള്‍ പ്രതീക്ഷയേകുന്നത്. ഭാവിയില്‍ ‘ആസ്എസര്‍വീസ്’ മാതൃകകള്‍ നമ്മുടെ ജീവിതത്തിന്റെ നിരവധി തലങ്ങളെ മാറ്റിമറിക്കാന്‍ പോവുകയാണ്. എയര്‍ബിഎന്‍ബിയുടെ വീടുകള്‍ ഭാരതത്തിലും വിവിധ പ്രദേശങ്ങളില്‍ ലഭ്യമാണ്. ഭാരതത്തില്‍ തന്നെ പല നഗരങ്ങളിലും, പ്രത്യേകിച്ച് ഐടി നഗരങ്ങളില്‍, ഫര്‍ണിച്ചറും പത്രങ്ങളും ഗ്യാസ് സ്റ്റൗവും അടക്കം സകല വീട്ടുസാമഗ്രികളും ഹയര്‍യൂസ്‌റിട്ടേണ്‍ വ്യവസ്ഥയില്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സംവിധാനമുണ്ട്. മറ്റുള്ളവയും മാറിക്കൊണ്ടിരിക്കുന്നു.

മറ്റൊരു പരീക്ഷണം നടക്കുന്നത് വിളിച്ചാല്‍ വരുന്ന നഗരങ്ങളെ ഉണ്ടാക്കലാണ്. എല്ലാം എവിടെയും. മൊബീല്‍ ഫോണ്‍ കീശയില്‍ വയ്ക്കാതെ ‘ആസ്എസര്‍വീസ്’ മുഖേന വേണ്ടപ്പോഴെല്ലാം ലഭിച്ചാലോ? നിയറബിള്‍ ടെക്‌നോളജി (Nearable Technology) അത് ഫലപ്രാപ്തിയിലെത്തിക്കുകയാണ്. യുബിക്വിറ്റസ് കംപ്യൂട്ടിംഗ് ഏത് പ്രതലവും മേശപ്പുറം മുതല്‍ ജാലകത്തിണ്ണയും വെള്ളക്കടലാസും തുടങ്ങി എന്തും എപ്പോള്‍ വേണമെങ്കിലും കംപ്യൂട്ടര്‍ ടച്ച് സ്‌ക്രീന്‍ ആക്കി മാറ്റുന്ന വിദ്യയാണ്. അതാണ് നിയറബിള്‍ ടെക്‌നോളജിയുടെ അടിസ്ഥാനം. ഇതിനെല്ലാമൊപ്പം പ്രോഗ്രാമബിള്‍ വേള്‍ഡ് (ലോകത്തിലെല്ലാം പ്രോഗ്രാം ചെയ്യാവുന്ന അവസ്ഥ) കൂടിച്ചേരുമ്പോള്‍ ഒന്നും കയ്യിലില്ലെങ്കിലും എല്ലാം വിരല്‍ത്തുമ്പിലെത്തുന്നു. ഒരുപക്ഷേ, ഹൃദയവും തലച്ചോറും!

(സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തിരുവനന്തപുരം പഠനകേന്ദ്രം മേധാവിയും അസിസ്റ്റന്റ് ജനറല്‍ മാനേജരുമാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

 

Comments

comments

Categories: FK Special