ദുബായ് മെട്രോയ്ക്ക് സമീപം താമസിക്കാന്‍ ആഗ്രഹിക്കുന്നോ?

ദുബായ് മെട്രോയ്ക്ക് സമീപം താമസിക്കാന്‍ ആഗ്രഹിക്കുന്നോ?

കുറഞ്ഞ വാടക നിരക്കുള്ള പ്രദേശങ്ങള്‍ ഇവയാണ്. ഡുബിസ്സില്‍ പ്രോപ്പര്‍ട്ടിയാണ് കുറഞ്ഞ വാടകയുള്ള പ്രദേശങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്

ദുബായ്: ദുബായ് മെട്രോയ്ക്ക് സമീപം ഏറ്റവും വിലക്കുറവില്‍ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ വാടകയ്ക്ക് ലഭിക്കുന്നത് എവിടെയാണെന്ന് അറിയാന്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലേ? കുറഞ്ഞ വാടകയുള്ള പ്രദേശങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് യുഎഇയിലെ പ്രോപ്പര്‍ട്ടി പ്ലാറ്റ്‌ഫോമായ ഡുബിസ്സില്‍ പ്രോപ്പര്‍ട്ടി.

നഗരത്തിലെ പ്രധാന ഗതാഗത സംവിധാനമായ ദുബായ് മെട്രോയുടെ സമീപത്തുള്ള പ്രോപ്പര്‍ട്ടിയുടെ വിവരങ്ങളാണ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദുബായ് മെട്രോയെ പ്രധാന യാത്രമാര്‍ഗമായി തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിവരങ്ങള്‍ ഉപകാരപ്രദമായിരിക്കും.

ദുബായ് മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നതിനനുസരിച്ച് മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളിലെ പ്രോപ്പര്‍ട്ടിയുടെ ഡിമാന്‍ഡിലും വര്‍ധവന് ഉണ്ടായിട്ടുണ്ട്. റോഡ് ആന്‍ഡ് ട്രാസ്‌പോര്‍ട്ട് അതോറിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2016 ല്‍ ദുബായ് മെട്രോയില്‍ യാത്രചെയ്തത് 191.3 മില്യണ്‍ പേരാണ്. മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനം വര്‍ധിച്ച് റെക്കോഡ് നേട്ടമാണ് ദുബായ് മെട്രോ സ്വന്തമാക്കിയത്. 2015 ല്‍ 178.6 മില്യണായിരുന്നു യാത്രക്കാരുടെ എണ്ണം.

ദുബായ് മെട്രോയിലെ റെയില്‍വേ പാളമായ ഗ്രീന്‍ ലൈനിന് സമീപത്തുള്ള പ്രദേശങ്ങളില്‍ വണ്‍ ബെഡ്‌റൂം താമസസൗകര്യങ്ങള്‍ വളരെ കുറഞ്ഞ വാടക നിരക്കില്‍ ലഭിക്കും. അല്‍ ഖിയാദ മെട്രോ സ്‌റ്റോപ്പിനോട് ചെര്‍ന്നു കിടക്കുന്ന ഹോര്‍ എല്‍ അന്‍സില്‍ പ്രതിവര്‍ഷം ശരാശരി 55,000 ദിര്‍ഹം മുതലുള്ള താമസ സൗകര്യങ്ങള്‍ ലഭിക്കും.

പ്രതിവര്‍ഷം 58,000 ദിര്‍ഹം മുതലാണ് അല്‍ ഖ്യുസൈസിലെ ശരാശരി വാടക നിരക്ക്. ഇവയ്ക്ക് പിന്നിലാണ് അബു ഹൈല്‍, അല്‍ ജാധഫ്, നൈഫ് എന്നീ പ്രദേശങ്ങളിലെ വാടക. ബനിയാസ് സ്‌ക്വയര്‍ സ്റ്റേഷന് അടുത്തു കിടക്കുന്ന ഈ പ്രദേശങ്ങളിലെ വണ്‍ ബെഡ് റൂമുകളുടെ ഒരു വര്‍ഷത്തെ വാടക 60,000 ദിര്‍ഹമാണ്.

റഷിദിയയില്‍ നിന്ന് യുഎഇ എക്‌സ്‌ചേഞ്ചിലേക്കുള്ള ദുബായ് മെട്രോയുടെ റെഡ് ലൈനിന് സമീപത്തുള്ള പ്രദേശങ്ങളില്‍ ഉയര്‍ന്ന വാടകയാണ് ഈടാക്കുന്നത്. റെഡ് ലൈന്‍ കടന്നുപോകുന്ന ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദെയ്‌റ, ബര്‍ ദുബായ്, ഷെയ്ഖ് സയീദ് റോഡ് എന്നീ പ്രദേശങ്ങളിലെ വാടക നിരക്ക് വളരെ കൂടുതലാണെന്നാണ് ഡുബിസ്സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദെയ്‌റ സിറ്റി സെന്ററില്‍ പ്രതിവര്‍ഷം 65,000 ദിര്‍ഹം മുതലാണ് വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഈടാക്കുന്നത്. ഇതിന് പിന്നിലുള്ള അല്‍ സത്‌വയില്‍ പ്രതിവര്‍ഷം 67,000 ദിര്‍ഹം മുതലാണ് വാടക. വേള്‍ഡ് ട്രേഡ് സെന്റര്‍, എമിറേറ്റ്‌സ് ടവര്‍, ഫിനാന്‍ഷ്യല്‍ ടവര്‍ എന്നീ മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപമാണ് ഈ സ്ഥലങ്ങള്‍.

വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് കുറഞ്ഞ വാടക ഈടാക്കുന്ന പ്രദേശങ്ങളില്‍ എട്ടാമത്തെ സ്ഥാനത്തു നില്‍ക്കുന്നത് ഇബ്ന്‍ ബത്തൂത സ്റ്റേഷനു സമീപമുള്ള ഡിസ്‌കവറി ഗാര്‍ഡന്‍ ആണ്. പ്രതിവര്‍ഷം ശരാശരി 68,000 ദിര്‍ഹം മുതലുള്ള അപ്പാര്‍ട്ട്‌മെന്റുകളാണ് ഇവിടെ ലഭിക്കുന്നത്. അല്‍ ബര്‍ഷ 1 ല്‍ പ്രതിവര്‍ഷം 70,000 ദിര്‍ഹവും കരാമയില്‍ പ്രതിവര്‍ഷം 71,000 ദിര്‍ഹവുമാണ് വാടക നിരക്ക്.

2016 ല്‍ അല്‍ ബാര്‍ഷയിലെ 49 മില്യണ്‍ വാടക പ്രോപ്പര്‍ട്ടിയെക്കുറിച്ച് അന്വേഷണം നടന്നു. കരാമയിലെ 22 മില്യണ്‍ പ്രോപ്പര്‍ട്ടിയും അന്വേഷിച്ചു. ദുബായിലെ പ്രധാന പൊതു ഗതാഗത സംവിധാനത്തിന്റെ സമീപ പ്രദേശങ്ങളിലെ റെന്റല്‍ പ്രോപ്പര്‍ട്ടിയുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നതിന്റെ ഭാഗമാണിതെന്ന് ഡുബിസ്സില്‍ പ്രോപ്പര്‍ട്ടിയുടെ സീനിയര്‍ പ്രൊഡക്റ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ആന്‍ ബൂതെല്ലോ പറഞ്ഞു.

ഡുബിസ്സില്‍ പ്രോപ്പര്‍ട്ടിയില്‍ പ്രതിമാസം ശരാശരി 3.4 മില്യണ്‍ സന്ദര്‍ശകരാണ് എത്തുന്നത്. ഓരോ വാടക പ്രോപ്പര്‍ട്ടികളില്‍ ശരാശരി ആറ് അന്വേഷണമെങ്കിലും നടക്കുന്നുണ്ടെന്നാണ് ആന്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ദുബായ് മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളിലെ താമസസൗകര്യങ്ങളെക്കുറിച്ച് നിരവധി അന്വേഷണം നടന്നു. അതിനെത്തുടര്‍ന്നാണ് വാടക നിരക്ക് കുറഞ്ഞ പ്രദേശങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: World