ഇന്‍ഫോസിസ് ജൂനിയര്‍ ജീവനക്കാര്‍ക്കായി എച്ച്1ബി വിസയ്ക്ക് അപേക്ഷിക്കില്ല

ഇന്‍ഫോസിസ് ജൂനിയര്‍ ജീവനക്കാര്‍ക്കായി എച്ച്1ബി വിസയ്ക്ക് അപേക്ഷിക്കില്ല

ജൂനിയര്‍ ജീവനക്കാര്‍ നിര്‍വഹിക്കേണ്ട പ്രവൃത്തികള്‍ ഇന്ത്യയിലേക്ക് മാറ്റുന്നതിനും കമ്പനി ലക്ഷ്യമിടുകയാണ്

ബെംഗളുരു: ജൂനിയര്‍ ജീവനക്കാരുടെ എച്ച് 1 ബി വിസയ്ക്ക് അപേക്ഷിക്കില്ലെന്ന് രാജ്യത്തെ ഒന്നാംനിര ഐടി സ്ഥാപനമായ ഇന്‍ഫോസിസിന്റെ തീരുമാനം. ജോലി വിസ നിയമങ്ങളില്‍ യുഎസ് ഭരണകൂടം നടപ്പിലാക്കുന്ന വലിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതുവരെ വന്‍തോതില്‍ ഇന്ത്യന്‍ കമ്പനികള്‍ തൊഴില്‍ വിസകളെ ആശ്രയിച്ചിരുന്നു. എന്നാല്‍ ആഗോള തലത്തില്‍ തന്നെ സംരക്ഷണവാദ നിലപാടുകള്‍ വന്‍തോതില്‍ ഉയര്‍ന്നുവന്നത് വിസകളെ ആശ്രയിക്കുന്നത് കുറച്ച് ബിസിനസ് ക്രമീകരിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.

നാല് വര്‍ഷത്തില്‍ താഴെ പ്രവൃത്തി പരിചയമില്ലാത്ത ജീവനക്കാര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കേണ്ടെന്നാണ് ഇന്‍ഫോസിന്റെ തീരുമാനം. ജൂനിയര്‍ ജീവനക്കാര്‍ നിര്‍വഹിക്കേണ്ട പ്രവൃത്തികള്‍ ഇന്ത്യയിലേക്ക് മാറ്റുന്നതിനും കമ്പനി ലക്ഷ്യമിടുകയാണ്. ഇതു സംബന്ധിച്ച് ക്ലൈന്റ്‌സുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് ഇന്‍ഫോസിസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇന്‍ഫോസിസിന്റെ കോര്‍പ്പറേറ്റ് ഘടനയില്‍ ഏറ്റവും താണ പടികളിലൊന്നായി കണക്കാക്കുന്ന സിസ്റ്റംസ് എന്‍ജിനീയര്‍ വിഭാഗത്തിനു വേണ്ടി വിസ അഭ്യര്‍ത്ഥനകള്‍ നടത്തിയിട്ടില്ലെന്നും കമ്പനിവൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു.

എച്ച് 1 ബി വിസക്കാരുടെ കുറഞ്ഞ ശമ്പളം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് 13,000 ഡോളറായി നിജപ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്യുന്ന ബില്‍ ഈ വര്‍ഷമാദ്യം അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു. അതേതുടര്‍ന്ന് ജീവനക്കാര്‍ക്ക് തൊഴില്‍വിസ നല്‍കുന്നതില്‍ ഇന്‍ഫോസിസിന്റെ ഇടപാടുകാര്‍ കൂടുതല്‍ കണിശക്കാരായി. അമേരിക്കയില്‍ ജോലി ആവശ്യങ്ങള്‍ ഉണ്ടെങ്കിലും വളരെ കുറച്ച് എച്ച് 1 ബി വിസ ജീവനക്കാരെ പ്രോജക്ടുകളില്‍ വിന്യസിച്ചാല്‍ മതിയെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. ഈ പ്രശ്‌നം ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് കൈകാര്യം ചെയ്യാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഇന്‍ഫോസിസ് വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ ഇത്തരം വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഇന്‍ഫോസിസ് തയാറായിട്ടില്ല. ജൂനിയര്‍ ജീവനക്കാരുടെ വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കാത്തത് കമ്പനിക്കകത്ത് മറ്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും വിലയിരുത്തലുകളുണ്ട്. നേരത്തെ അസംതൃപ്തി പ്രകടിപ്പിക്കുന്ന ആളുകളെ നിലനിര്‍ത്താന്‍ അവരുടെ വിസ പ്രക്രിയ ആരംഭിക്കുമെന്ന് പറയുമായിരുന്നു. എന്നാല്‍ ഇനി അത് അധികകാലം തുടരാനാവില്ല. ആളുകളെ നിലനിര്‍ത്താന്‍ പുതിയ വഴികള്‍ മാനേജര്‍മാര്‍ തേടുകയാണെന്നാണ് നിരീക്ഷണം. എന്നാല്‍ ഈ പ്രശ്‌നത്തെ നിലവില്‍ അഭിമുഖീകരിക്കുന്നത് ഇന്‍ഫോസിസ് മാത്രമല്ല ഐടി വ്യവസായം മുഴുവനാണെന്നും ഇന്‍ഫോസിസ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: FK Special, World
Tags: H1B visa, Infosys