ഐഡിയ-വോഡഫോണ്‍ ലയനം പ്രഖ്യാപിച്ചു

ഐഡിയ-വോഡഫോണ്‍ ലയനം പ്രഖ്യാപിച്ചു

മൂന്നു വീതം ഡയറക്റ്റര്‍മാരെ പുതിയ ബോര്‍ഡിലേക്ക് ഇരുകമ്പനികളും നോമിനേറ്റ് ചെയ്യും

മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും തങ്ങളുടെ ലയനം പ്രഖ്യാപിച്ചു. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍ ഇന്ത്യയുമായുള്ള ലയനം കമ്പനിയുടെ ഉന്നതലസമിതി അംഗീകരിച്ചതായി ഐഡിയ സെല്ലുലാര്‍ അറിയിച്ചു.

ഇതോടെ 400 മില്യണ്‍ വരിക്കാരുള്ള രാജ്യത്തെ ഏറ്റവും വലിയ മൊബീല്‍ ഫോണ്‍ കമ്പനിക്കാണ് കളമൊരുങ്ങുന്നത്. ഐഡിയ-വോഡഫോണ്‍ ലയനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യന്‍ ടെലികോം വിപണിയിലെ ഉപഭോക്തൃ വിപണി വിഹിതത്തിന്റെ 35 ശതമാനവും വരുമാന വിപണി വിഹിതത്തിന്റെ 41 ശതമാനവും പുതിയ കമ്പനിയിലേക്ക് എത്തിച്ചേരും.

ഇരു കമ്പനികളും ലയിക്കുന്നതോടെ വോഡഫോണിന് 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. പുതിയ കമ്പനിയില്‍ ഐഡിയ സെല്ലുലാര്‍ 26 ശതമാനം ഓഹരികള്‍ സ്വന്തമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കി ഓഹരികള്‍ പൊതുജനത്തിന്റെ കൈവശമായിരിക്കും. നാലുവര്‍ഷം കൊണ്ട് ഇരുകമ്പനികളുടെയും ഓഹരി പങ്കാളിത്തം തുല്യമാക്കുന്നതിന്റെ ഭാഗമായി വോഡഫോണില്‍ നിന്ന് 95.4 ശതമാനം ഓഹരികള്‍ ഏറ്റെടുത്തുന്നതിനുള്ള അവകാശം ഐഡിയക്കുണ്ട്.

നാലുവര്‍ഷത്തില്‍ ഓഹരിയവകാശം തുല്യതയില്‍ എത്തിയില്ലെങ്കില്‍ വോഡഫോണ്‍ തങ്ങളുടെ ഓഹരി അവകാശം അടുത്ത വര്‍ഷം മുതല്‍ കുറയ്ക്കുന്നതിന് തയാറാകണമെന്ന് കരാറിലുണ്ട്, മൂന്നു വീതം ഡയറക്റ്റര്‍മാരെ പുതിയ ബോര്‍ഡിലേക്ക് ഇരുകമ്പനികളും നോമിനേറ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്ക്കായിരിക്കും. കുമാര്‍ മംഗളം ബിര്‍ള പുതു സംരംഭത്തിന്റെ ചെയര്‍മാനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കുമാര്‍ മംഗളം ബിര്‍ളയെ പുതിയ കമ്പനിയുടെ ചെയര്‍മാനാക്കണമെന്ന ബിര്‍ള ഗ്രൂപ്പിന്റെ ആവശ്യം വോഡഫോണ്‍ നേരത്തെ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. വോഡഫോണുമായുള്ള ലയനത്തിന് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം വേണമെന്നും ഐഡിയ സെല്ലുലാര്‍ അറിയിച്ചു.

ലയനം സാധ്യമാകുന്നതോടെ രാജ്യത്ത് വിപുലമായ മൊബീല്‍ നെറ്റ് വര്‍ക്കുള്ള ഏറ്റവും വലിയ ഇന്ത്യന്‍ ടെലികോം കമ്പനിയാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. ലയനം വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് വിപുലീകരണം വേഗത്തിലാക്കുകയും ചെയ്യും. ലയനം സംബന്ധിച്ച ഇടപാടുകള്‍ പൂര്‍ത്തീകരിക്കുന്നതിനു മുന്‍പ് ഇരുകമ്പനികളും തങ്ങളുടെ ടവര്‍ ബിസിനസ് വിറ്റൊഴിയും. എന്നാല്‍ ഐഡിയയ്ക്ക് ഇന്‍ഡസ് ടവേഴ്‌സിലുള്ള 11.15 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. വോഡഫോണും ഇന്‍ഡസ് ടവേഴ്‌സിലെ 42% ഓഹരികള്‍ സംബന്ധിച്ച് മറ്റ് മാര്‍ഗങ്ങള്‍ ആരായും.

റിലയന്‍സ് ജിയോ വമ്പന്‍ സൗജന്യ ഓഫറുകളുമായി കഴിഞ്ഞ സെപ്റ്റംബറില്‍ രംഗത്തെത്തിയതോടെയാണ് ലയിക്കാനുള്ള തീരുമാനത്തില്‍ ഐഡിയയും വോഡഫോണുമെത്തിയത്. നിലവിലെ ഒന്നാം സ്ഥാനക്കാരായ എയര്‍ടെലിന് 26.5 കോടി വരിക്കാരാണുള്ളത് (വിപണി വിഹിതം 32.84%).

വോഡഫോണിന് 20.3 കോടിയും ഐഡിയയ്ക്ക് 18.8 കോടിയുമാണു വരിക്കാര്‍. വരുമാനത്തിന്റെ കാര്യത്തില്‍ എയര്‍ടെലിന് 33% വിപണി വിഹിതമാണുള്ളത്. അടുത്ത വര്‍ഷത്തോടെ മൊത്തം ടെലികോം വരുമാനത്തിന്റെ 13% റിലയന്‍സ് ജിയോയ്ക്കു ലഭിക്കുമെന്നാണു കണക്കുകള്‍. നിലവില്‍ ഏഴരക്കോടി വരിക്കാരുള്ള ജിയോ മാര്‍ച്ച് അവസാനത്തോടെ 10 കോടി വരിക്കാരെ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്

Comments

comments

Related Articles