പൊതുമേഖലാ ബാങ്കുകളിലെ മൂലധന സഹായത്തിന് കര്‍ക്കശ വ്യവസ്ഥകളുമായി സര്‍ക്കാര്‍

പൊതുമേഖലാ ബാങ്കുകളിലെ മൂലധന സഹായത്തിന് കര്‍ക്കശ വ്യവസ്ഥകളുമായി സര്‍ക്കാര്‍

മുംബൈ: ദുര്‍ബലമായ അവസ്ഥയിലുള്ള 10 പൊതുമേഖലാ ബാങ്കുകള്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം 8,586 കോടി രൂപയുടെ മൂലധന സഹായം നല്‍കുന്നതിന് കര്‍ശന മാനദണ്ഡങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. മറ്റ് ഉറവിടങ്ങളില്‍ നിന്നുള്ള മൂലധനം കണ്ടെത്തുന്നതും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതുമെല്ലാം വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ച് 16ന് സാമ്പത്തിക സേവന വകുപ്പ് ബാങ്ക് മേധാവികള്‍ക്ക് ഇത് സംബന്ധമായ വ്യവസ്ഥകള്‍ വിശദീകരിച്ച് കത്തയച്ചിരുന്നു.

കിട്ടാക്കടത്തിന്റെ ക്രമീകരണം സജീവമാക്കുക, വിപണിയില്‍ നിന്നുള്ള മൂലധന സമാഹരണം, അപ്രധാന ആസ്തികള്‍ വില്‍ക്കാനുള്ള പദ്ധതി, നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖകള്‍ അടയ്ക്കുക, ആനുകൂല്യങ്ങള്‍ താല്‍ക്കാലികമായി ചുരുക്കുക തുടങ്ങിയ വ്യവസ്ഥകളാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ശമ്പളത്തില്‍ വര്‍ധന വരുത്തണമെന്നും ട്രാവല്‍ അലവന്‍സ് പോലുള്ളവ കൃത്യമായി നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.

‘ഈ മാറ്റത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ താല്‍ക്കാലികമായ മാറ്റങ്ങള്‍ വരുത്തിയതുള്‍പ്പെടെയുള്ള കരാറില്‍ ഒപ്പിടാന്‍ മടിയില്ല, ബാങ്കുകള്‍ നന്നായി പ്രവര്‍ത്തിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം,’ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം പറഞ്ഞു.

കഴിഞ്ഞ ജൂലൈയില്‍ 13 പൊതുമേഖലാ ബാങ്കുകള്‍ക്ക് 22,915 കോടി രൂപയുടെ മൂലധന സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഓരോ ബാങ്കിനുമായി സമാഹരിച്ച തുകയുടെ 75 ശതമാനം ഉടന്‍ നല്‍കുമെന്നും ബാക്കി തുക ബാങ്കുകളുടെ പ്രവര്‍ത്തനത്തിനനുസരിച്ച് പിന്നീട് നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നാല് വര്‍ഷം കൊണ്ട് പൊതുമേഖലാ ബാങ്കുകള്‍ക്ക് 70,000 കോടി രൂപയുടെ സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്ന ഇന്ദ്രധനുഷ് പദ്ധതിക്ക് കീഴിലാണ് ഇത് വരുന്നത്.

Comments

comments

Categories: Banking, FK Special