ഇന്ത്യയിലെ ആദ്യ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററായി മാറാനൊരുങ്ങി ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി

ഇന്ത്യയിലെ ആദ്യ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററായി മാറാനൊരുങ്ങി ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി

78,000 കോടി രൂപ ചെലവഴിച്ചാണ് ഗിഫ്റ്റ് സിറ്റി പദ്ധതി നടപ്പാക്കുന്നത്

അഹമ്മദാബാദ് : ബഹുനില കെട്ടിടങ്ങള്‍ തിങ്ങിനിറഞ്ഞതും അത്യന്താധുനിക അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമായ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റിയെ (ഗിഫ്റ്റ് സിറ്റി) കേന്ദ്ര നഗര വികസന മന്ത്രാലയം സ്മാര്‍ട്ട് സിറ്റി മിഷന്‍ സ്റ്റേറ്റ്‌മെന്റ് ആന്‍ഡ് ഗൈഡ്‌ലൈന്‍സില്‍ മാതൃകാ നഗരമായി ഉള്‍പ്പെടുത്തിയത് വെറുതേയല്ല. ഇന്ത്യയിലെ ആദ്യ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററായി മാറാനൊരുങ്ങുന്ന (ഐഎഫ്എസ്‌സി) ഗിഫ്റ്റ് സിറ്റി രാജ്യത്തെ സ്മാര്‍ട്ടസ്റ്റ് സിറ്റിയായി അതിവേഗം വളരുകയാണ്.

ആകെ പതിനഞ്ച് മീറ്റര്‍ ചതുരശ്ര അടി ബില്‍റ്റ്-അപ് ഏരിയയില്‍ നിര്‍മ്മിക്കുന്ന ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററിന്റെ രണ്ട് മീറ്റര്‍ ചതുരശ്ര അടിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. മൂന്ന് മീറ്റര്‍ ചതുരശ്ര അടിയില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 78,000 കോടി രൂപ ചെലവഴിച്ചാണ് ഗിഫ്റ്റ് സിറ്റി പദ്ധതി നടപ്പാക്കുന്നത്.

മെഗാ പ്രോജക്റ്റുകളുടെ പേരില്‍ ഗിഫ്റ്റ് സിറ്റി വാര്‍ത്താമാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്. ആഗോള മൂലധന വിപണികളുടെ ഭൂപടത്തില്‍ ഇന്ത്യയ്ക്ക് അഭിമാനമേകുന്ന ബിഎസ്ഇയുടെ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചാണ് ഇതില്‍ പ്രധാനപ്പെട്ടത്.

നിലവില്‍ നാല് മൈക്രോ സെക്കന്‍ഡാണ് ഈ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിലെ ട്രാന്‍സാക്ഷന്‍ റേറ്റ്. ഒരുപക്ഷേ ലോകത്തെ ഏറ്റവും വേഗമേറിയ ട്രാന്‍സാക്ഷന്‍ റേറ്റായിരിക്കാമിത്. ഗൂഗ്ള്‍, ഫേസ്ബുക്, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ജെപി മോര്‍ഗന്‍ എന്നിവയുടെ സ്റ്റോക് ഫ്യൂച്ചറുകള്‍ ഇവിടെ വ്യാപാരം നടത്തുന്നു. രണ്ട് മാസത്തിനിടെ ഈ എക്‌സ്‌ചേഞ്ചിലെ പ്രതിദിന വ്യാപാരം അഞ്ച് ലക്ഷം ഡോളറില്‍നിന്ന് 20 ലക്ഷം ഡോളറായി വര്‍ധിക്കുകയും ചെയ്തു.

ഗിഫ്റ്റ് സിറ്റിയുടെ സിഇഒ ആയി ചുമതലയേറ്റെടുക്കുമ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വലിയതോതില്‍ നടന്നുവരികയായിരുന്നുവെന്ന് അജയ് പാണ്ഡെ പറഞ്ഞു. മുപ്പത് നിലകളുള്ള ഗിഫ്റ്റ് വണ്‍, ടു എന്നീ രണ്ട് ടവറുകളുടെ നിര്‍മ്മാണം നടക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷത്തിനുശേഷം ബിഎസ്ഇ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്ന ഹിരാന്ദാനി ടവര്‍, ഡാറ്റ സെന്റര്‍, ജമ്‌നാഭായ് നര്‍സീ സ്‌കൂള്‍ എന്നിവ നിര്‍മ്മിച്ചു.

വേള്‍ഡ് ട്രേഡ് സെന്റര്‍, ബിസിനസ് ക്ലബ്, എസ്ബിഐയുടെ ലോക്കല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ്, റസിഡന്‍ഷ്യല്‍ കോംപ്ലക്‌സ്, ഫൈവ്-സ്റ്റാര്‍ ഹോട്ടല്‍, ബ്രിഗേഡ് ഓഫീസ് ബില്‍ഡിംഗ്, ജനാധാര്‍ ഹൗസിംഗ് പദ്ധതി ഉള്‍പ്പെടെയുള്ളവയ്ക്കായി റസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍ എന്നിവയെല്ലാമാണ് നിലവില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

ഗിഫ്റ്റ് സിറ്റിയുടെ മുമ്പത്തെയും ഇപ്പോഴത്തെയും വ്യത്യാസവും പാണ്ഡെ വിശദീരിച്ചു. മുമ്പ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പദ്ധതി ആയിരുന്നെങ്കില്‍ ഇപ്പോഴത് ബിസിനസ് പദ്ധതിയായി മാറി. ഇതേതുടര്‍ന്നാണ് നിലവിലെ ശേഷി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. അടുത്ത രണ്ട് വര്‍ഷത്തോടെ ആറ് ബഹുനില കെട്ടിടങ്ങള്‍ ഉയരുമെന്നും അജയ് പാണ്ഡെ പറഞ്ഞു.

നിലവില്‍ അയ്യായിരം പേര്‍ക്ക് തൊഴില്‍ നല്‍കിയതായും 2018 ഓടെ ഇവരുടെ എണ്ണം പതിനായിരമായി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗിഫ്റ്റ് സിറ്റിയില്‍ ഓഫീസ് തുറന്നവരില്‍ ആരും തന്നെ അതൊരു മോശം തീരുമാനമായെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.

നിലവില്‍ ഈ നഗരത്തില്‍ നൂറിലധികം കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിന്റെ ആദ്യ ഘട്ടം ഇതിനകം പൂര്‍ത്തിയായി. 45 കിലോമീറ്റര്‍ നീളം വരുന്ന പാതകള്‍, മൂന്ന് കിലോമീറ്റര്‍ യൂട്ടിലിറ്റി ടണല്‍, പ്രതിദിനം 3 മില്യണ്‍ ലിറ്റര്‍ ജലശുദ്ധീകരണ ശേഷി, 66 KVA ഡുവല്‍ സപ്ലൈ പവര്‍ സ്റ്റേഷന്‍, ഡിസ്ട്രിക്റ്റ് കൂളിംഗ് സെന്റര്‍, 50 ടിപിഡി വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയാണ് ആദ്യഘട്ടമായി പൂര്‍ത്തിയാക്കിയത്. എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിന് സിറ്റി കമാന്‍ഡും കണ്‍ട്രോള്‍ സെന്ററും പ്രവര്‍ത്തിക്കുന്നു.

വിദേശ നിയമ, ഓഡിറ്റ് കമ്പനികള്‍ക്ക് ഓഫീസ് തുറക്കുന്നതിന് 2016 ബജറ്റില്‍ ഇളവുകള്‍ അനുവദിച്ചിരുന്നതായി പാണ്ഡെ പറഞ്ഞു. ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അജയ് പാണ്ഡെ വ്യക്തമാക്കി. ആസൂത്രണം ചെയ്തപോലെ കാര്യങ്ങളെല്ലാം നീങ്ങിയാല്‍ എല്ലാ അര്‍ത്ഥത്തിലും ലോകനിലവാരമുള്ള ഐഎഫ്എസ്‌സി വൈകാതെ ഇന്ത്യയില്‍ ഉയരും.

 

Comments

comments

Categories: FK Special