ബഹാദുര്‍ ചന്ദ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഹീറോ മോട്ടോകോര്‍പ്പിന്റെ 8.97 ശതമാനം ഓഹരി സ്വന്തമാക്കും

ബഹാദുര്‍ ചന്ദ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഹീറോ മോട്ടോകോര്‍പ്പിന്റെ 8.97 ശതമാനം ഓഹരി സ്വന്തമാക്കും

ആകെ 1,79,10,000 വരെ ഓഹരികളാണ് ബഹാദുര്‍ ചന്ദ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് കരസ്ഥമാക്കുന്നത്

ന്യൂ ഡെല്‍ഹി : രാജ്യത്തെ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോര്‍ കോര്‍പ്പിന്റെ 8.97 ശതമാനം ഓഹരി ബഹാദുര്‍ ചന്ദ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് വാങ്ങും. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച ഫയലിംഗിലാണ് ഇക്കാര്യമുള്ളത്. ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രൊമോട്ടര്‍മാരിലൊരു സ്ഥാപനമാണ് ബഹാദുര്‍ ചന്ദ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്. തവണകളായോ പൂര്‍ണ്ണമായോ ഈ മാസം 24 നോ അതിനുശേഷമോ ആയിരിക്കും ഓഹരി സ്വന്തമാക്കുന്നത്.

ആകെ 1,79,10,000 വരെ ഓഹരികളാണ് ബഹാദുര്‍ ചന്ദ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് കരസ്ഥമാക്കുന്നത്. ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍-മാനേജിംഗ് ഡയറക്റ്റര്‍-സിഇഒ ആയ പവന്‍ മുഞ്ജാല്‍, ഹീറോ ഫിന്‍കോര്‍പ്പ് മാനേജിംഗ് ഡയറക്റ്റര്‍ രേണു മുഞ്ജാല്‍, ഹീറോ മോട്ടോകോര്‍പ്പ് നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ സുമന്‍കാന്ത് മുഞ്ജല്‍ എന്നിവരില്‍നിന്ന് 59,70,000 ഓഹരികള്‍ വീതമാണ് വാങ്ങുന്നത്. ബ്രിജ്‌മോഹന്‍ലാല്‍ ഓം പ്രകാശ് എന്ന പങ്കാളിത്ത കമ്പനിയുടെ പ്രതിനിധികളായാണ് ഇവര്‍ ഓഹരി സൂക്ഷിച്ചിരുന്നത്.

ഏറ്റെടുക്കല്‍ വില ഓഹരിയൊന്നിന് 3,180 രൂപയുടെ 25 ശതമാനത്തിലധികം വരില്ലെന്ന് ഫയലിംഗില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രമോട്ടര്‍മാര്‍ തമ്മിലുള്ള ഓഹരി കൈമാറ്റമായതിനാല്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ ആകെയുള്ള പ്രൊമോട്ടര്‍ ഓഹരിനിലയില്‍ മാറ്റമുണ്ടാകില്ല.

ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ 2.44 ശതമാനം വരുന്ന 48,80,988 ഓഹരികള്‍ ബഹാദുര്‍ ചന്ദ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് 2016 ഓഗസ്റ്റ് 11 നും സ്വന്തമാക്കിയിരുന്നു.

 

Comments

comments

Categories: Auto, Business & Economy