‘ഞങ്ങള്‍ തൊഴില്‍ മാഷ്ടാക്കളല്ല, തൊഴില്‍ സൃഷ്ടിക്കുന്നവര്‍’

‘ഞങ്ങള്‍ തൊഴില്‍ മാഷ്ടാക്കളല്ല, തൊഴില്‍ സൃഷ്ടിക്കുന്നവര്‍’

യുഎസിലെ തൊഴിലവസരങ്ങള്‍ ഇന്ത്യക്കാര്‍ കവര്‍ന്നെടുക്കില്ല; പകരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: രവി ശങ്കര്‍ പ്രസാദ്

മുംബൈ: യുഎസിലെ തൊഴിലവസരങ്ങള്‍ ഇന്ത്യക്കാര്‍ കവര്‍ന്നെടുക്കില്ലെന്നും പകരം അവര്‍ അമേരിക്കയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദ്. യുഎസ് ഭൂരണകൂടത്തിന്റെ എച്ച്1 ബി വിസാ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആശങ്കയിലാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എച്ച്1 ബി വിസക്കെതിരെയുള്ള ട്രംപിന്റെ നടപടിയില്‍ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയിലെ തൊഴിലവസരങ്ങള്‍ കവര്‍ന്നെടുക്കില്ല. ഇരുരാജ്യങ്ങളുടേയും നല്ല നാളേക്കു വേണ്ടി ഇന്ത്യന്‍ കമ്പനികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും-രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. യുഎസ് ഉള്‍പ്പെടെ 80 രാജ്യങ്ങളിലെ 200 നഗരങ്ങളില്‍ ഇന്ത്യന്‍ ഐടി കമ്പനികളുടെ സാന്നിധ്യമുണ്ട്. യുഎസില്‍ മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 20 ബില്യണ്‍ ഡോളറാണ് നികുതി ഇനത്തില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ നല്‍കിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

അമേരിക്കയില്‍ നാല് ലക്ഷം പേര്‍ക്ക് ഇന്ത്യന്‍ ഐടി കമ്പനികള്‍ തൊഴില്‍ നല്‍കുന്നതായും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ഐടി കമ്പനികള്‍ മുതല്‍കൂട്ടാണെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. യുഎസ് സമ്പദ്‌വ്യവസ്ഥയെ മത്സരാധിഷ്ഠിതമാക്കുന്നതിന് ഇന്ത്യന്‍ ടെക്‌നിക്കല്‍ പ്രൊഫഷണലുകള്‍ സഹായിക്കുമെന്നും അദ്ദേഹം.

ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള പരിണാമത്തില്‍ ഡെല്‍ഹി പങ്കുചേര്‍ന്നിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെയാണ് ഡിജിറ്റല്‍ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും 1.25 ബില്യണ്‍ ജനങ്ങളുള്ള ഇന്ത്യയില്‍ നല്ലൊരു ശതമാനം പേരും മൊബീല്‍ ഉപയോക്താക്കളാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ സ്വപ്നത്തെ പ്രതിപാദിച്ചുകൊണ്ട് രവി ശങ്കര്‍ പ്രസാദ് വിശദീകരിച്ചു.

Comments

comments

Categories: FK Special, Top Stories