100 മില്യണ്‍ ചതുരശ്ര അടിയെന്ന നേട്ടം കൈവരിക്കാന്‍ ടാറ്റ ഹൗസിംഗ്

100 മില്യണ്‍ ചതുരശ്ര അടിയെന്ന നേട്ടം കൈവരിക്കാന്‍ ടാറ്റ ഹൗസിംഗ്

ഏകദേശം 70 ദശലക്ഷം ചതുരശ്ര അടി വരുന്ന വിവിധ പ്രോജക്റ്റുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്

മുംബൈ : 2018 സാമ്പത്തിക വര്‍ഷത്തോടെ നൂറ് ദശലക്ഷം ചതുരശ്ര അടിയെന്ന നേട്ടം കൈവരിക്കാനൊരുങ്ങുകയാണ് റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രമുഖരായ ടാറ്റ ഹൗസിംഗ് ഡെവലപ്‌മെന്റ് കമ്പനി. ഇതില്‍ ഏകദേശം 70 ദശലക്ഷം ചതുരശ്ര അടി വരുന്ന വിവിധ പ്രോജക്റ്റുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

25 ദശലക്ഷം ചതുരശ്ര അടി ഇതിനകം ഉപയോക്താക്കള്‍ക്ക് കൈമാറിക്കഴിഞ്ഞെന്നും റസിഡെന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, റീട്ടെയ്ല്‍ സെഗ്‌മെന്റുകളിലായി ആകെ ഏകദേശം 70 ദശലക്ഷം ചതുരശ്ര അടി നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും ടാറ്റ ഹൗസിംഗ് മാര്‍ക്കറ്റിംഗ് മേധാവി രജീബ് ദശ് പറഞ്ഞു. വരും മാസങ്ങളില്‍ പുതിയ പ്രോജക്റ്റുകള്‍ ആരംഭിക്കുമെന്നും 2018 സാമ്പത്തിക വര്‍ഷത്തോടെ ആകെ കെട്ടിട വിസ്തൃതി നൂറ് ദശലക്ഷം ചതുരശ്ര അടിയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം വലിയ പ്രോജക്റ്റുകള്‍ നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ചെലവുകുറഞ്ഞ വീടുകള്‍ ഉള്‍ക്കൊള്ളുന്ന ചില ടൗണ്‍ഷിപ്പ് പ്രോജക്റ്റുകള്‍ക്കൊപ്പം ലക്ഷ്വറി പ്രോജക്റ്റുകള്‍ ടാറ്റ ഹൗസിംഗ് തുടരുമെന്നും രജീബ് ദശ് പറഞ്ഞു.

നിലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന പ്രോജക്റ്റുകളില്‍ ചിലത് 2018 സാമ്പത്തിക വര്‍ഷത്തോടെ കൈമാറാനാകും. അവശേഷിക്കുന്ന പ്രോജക്റ്റുകള്‍ അടുത്ത രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. മുംബൈ, ഡെല്‍ഹി, ബെംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ മെട്രോകളിലും മറ്റ് നഗരങ്ങളിലും ടാറ്റ ഹൗസിംഗ് ഡെവലപ്‌മെന്റ് കമ്പനിക്ക് പ്രോജക്റ്റ് സാന്നിധ്യമുണ്ട്.

ടാറ്റ ഹൗസിംഗിന്റെ ഉല്‍പ്പന്നനിരയില്‍ അധികവും റസിഡന്‍ഷ്യല്‍ പ്രോജക്റ്റുകളാണ്. ആഡംബര ഭവന പദ്ധതികളിലും ചെലവുകുറഞ്ഞ ഭവന പദ്ധതികളിലും ഒരേപോലെ വളര്‍ച്ച തുടരാനാണ് കമ്പനി ശ്രമിക്കുന്നത്. ടാറ്റ വാല്യു ഹോംസ് എന്ന ബ്രാന്‍ഡിലാണ് ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ നടപ്പാക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം 20-25 ശതമാനം വളര്‍ച്ച നേടി റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ മുന്‍നിരയില്‍ സ്ഥാനം പിടിക്കാനാണ് ടാറ്റ ഹൗസിംഗിന്റെ ശ്രമം.

പുതിയ പ്രോജക്റ്റുകള്‍ തുടങ്ങുന്ന വേളയില്‍ നിരവധി സാധ്യതകളാണ് പരിശോധിക്കുന്നത്. ഗ്രീന്‍ഫീല്‍ഡ് പ്രോജക്റ്റുകള്‍ കൂടാതെ ഡെവലപ്‌മെന്റ് മാനേജര്‍ മാതൃക പരിഗണിക്കുമെന്നും രജീബ് ദശ് പറഞ്ഞു. തങ്ങളുടെ ചില പ്രോജക്റ്റുകള്‍ ഈ മാതൃകയിലാണ്. ജിഎസ്ടിയും റിറയും പ്രാബല്യത്തിലാകുന്നതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖല വളരെയധികം ലയന-ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സാക്ഷ്യം വഹിച്ചേക്കാമെന്നും രജീബ് ദശ് അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ ഡെവലപ്‌മെന്റ് മാനേജര്‍ മാതൃക വലിയ പങ്ക് വഹിക്കും.

വിവിധ ഡെവലപ്പര്‍മാര്‍ തങ്ങളെപ്പോലുള്ള ബ്രാന്‍ഡഡ് കമ്പനികളെ പാര്‍ട്ണര്‍മാരാക്കാന്‍ തയ്യാറാകും. ടാറ്റ ഹൗസിംഗുമായി പങ്കാളിത്തം സ്ഥാപിക്കാന്‍ ചിലര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചുവരികയാണ്. എല്ലാ അനുമതികളും ലഭിച്ചതും നല്ല സാമ്പത്തികസ്ഥിതിയുള്ളതുമായ പ്രോജക്റ്റുകള്‍ക്ക് മാത്രമേ ടാറ്റ ഹൗസിംഗ് തയ്യാറാകൂ എന്നും രജീബ് ദശ് പറഞ്ഞു. ഇത്തരത്തിലുള്ള പത്ത് താല്‍പ്പര്യപത്രങ്ങളാണ് കമ്പനി പരിശോധിച്ചുവരുന്നത്.

ലക്ഷ്വറി റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ സെക്കന്‍ഡ് ഹോം സെഗ്‌മെന്റ് തുടങ്ങുന്ന കാര്യം കമ്പനി ആലോചിക്കുകയാണ്. ലക്ഷ്വറി സെഗ്‌മെന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ സെക്കന്‍ഡ് ഹോം സെഗ്‌മെന്റ് വലിയ വിപണിയായാണ് താന്‍ കാണുന്നതെന്ന് രജീബ് ദശ് പറഞ്ഞു. ഈ സെഗ്‌മെന്റില്‍ ബ്രാന്‍ഡഡ് കമ്പനികളുടെ പ്രവര്‍ത്തനം വളരെ പരിമിതമാണ്. ഗോവ, കസോളി, തലേഗാവ്, ലൊണാവാല എന്നിവിടങ്ങളില്‍ ടാറ്റ ഹൗസിംഗിന് ഇത്തരം പ്രോജക്റ്റുകളുണ്ട്. ഗോവയില്‍ ആദ്യ പ്രോജക്റ്റ് കൈമാറിയശേഷം രണ്ടാമത്തെ പ്രോജക്റ്റ് പുരോഗമിക്കുകയാണ്. സെക്കന്‍ഡ് ഹോം സെഗ്‌മെന്റില്‍ മറ്റ് പുതിയ വിപണികളും ടാറ്റ ഹൗസിംഗ് തേടും.

 

Comments

comments

Categories: Business & Economy