‘ദുബായിലെ പ്രോപ്പര്‍ട്ടി ഇടപാടുകള്‍ക്ക് രജിസ്‌ട്രേഡ് ബ്രോക്കര്‍മാരെ ഉപയോഗിക്കണം’

‘ദുബായിലെ പ്രോപ്പര്‍ട്ടി ഇടപാടുകള്‍ക്ക് രജിസ്‌ട്രേഡ് ബ്രോക്കര്‍മാരെ ഉപയോഗിക്കണം’

ഡിഎല്‍ഡിയുടെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ള ബ്രോക്കര്‍മാരെ മാത്രം ഇടപാടില്‍ ഉള്‍പ്പെടുത്താവൂയെന്ന് ഡിഎല്‍ഡിയുടെ മുന്നറിയിപ്പ്

ദുബായ്: വസ്തുക്കള്‍ വില്‍ക്കുന്നതും വാടകയ്ക്ക് കൊടുക്കുന്നതും ഉള്‍പ്പടെയുള്ള ഇടപാടുകള്‍ രജ്സ്റ്റര്‍ ചെയ്ത ബ്രോക്കറും സ്ഥാപനങ്ങളും വഴി മാത്രമേ നടത്താവൂയെന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഎല്‍ഡി) മുന്നറിയിപ്പു നല്‍കി. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തടഞ്ഞ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഡിഎല്‍ഡി മുന്നറിയിപ്പു നല്‍കിയത്.

ഡിഎല്‍ഡി പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷം ദുബായ് റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റില്‍ 414 മില്യണ്‍ ഡോളറിന്റെ 32, 932 ഇടപാടുകളാണ് നടന്നത്. 5,933 ആക്റ്റീവ് ബ്രോക്കര്‍മാരും 2,285 രജീസ്‌ട്രേഡ് ഓഫീസുകളുമാണ് ഈ ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ അക്രെഡിറ്റേഷനും ലൈസന്‍സുമുള്ള ബ്രോക്കര്‍മാരേക്കൊണ്ടാണ് നടത്തേണ്ടത്. ഇത്തരം ബ്രോക്കര്‍മാര്‍ക്ക് ഡിഎല്‍ഡിയുടെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ടാകുമെന്നും ഡിഎല്‍ഡി കൂട്ടിച്ചേര്‍ത്തു.

ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ സുരക്ഷിതവും സ്ഥിരതയുളളതുമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഡിഎല്‍എഫിന്റെ കാര്യനിര്‍വഹകണ സ്ഥാപനമായ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്‍സിയുടെ ഡെപ്യൂട്ടി സിഇഒ യൂസിഫ് അല്‍ ഹാഷിമി പറഞ്ഞു. അതിനായി രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുമായി ചേര്‍ന്ന് ഇടപാടുകള്‍ നടത്തണമെന്നും ഇതിലൂടെ ബ്രോക്കര്‍മാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വസ്തു വാങ്ങുന്നതിനും വില്‍ക്കുന്നതിനും വാടകയ്ക്ക് എടുക്കുന്നതിനു മുന്‍പായി ഉപഭോക്താക്കളും നിക്ഷേപകരും വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ പരിശോധിക്കണമെന്നും ഹാഷിമി പറഞ്ഞു.

പ്രോപ്പര്‍ട്ടി വാടകയ്ക്കു നല്‍കുന്നതിനും വില്‍ക്കുന്നതിനുമായി ഡിഎല്‍ഡിയുടെ ദുബായ് ബ്രോക്കേഴ്‌സ് സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്ന് അല്‍ ഹാഷിമി ബ്രോക്കര്‍മാരോട് ആവശ്യപ്പെട്ടു. ഈ ആപ്ലിക്കേഷനിലൂടെ വസ്തുവിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ സാധിക്കുമെന്നും അദ്ദേഹം.

ബ്രോക്കര്‍മാരെ സഹായിക്കാനായി തയാറാക്കിയ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ലഭിക്കുമെന്ന് ഹാഷിമി വ്യക്തമാക്കി. ദുബായുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രോക്കര്‍മാര്‍ക്കും, പ്രോപ്പര്‍ട്ടി ഉടമകള്‍ക്കും, നിക്ഷേപകര്‍ക്കും, വാങ്ങുന്നവര്‍ക്കുമെല്ലാം ആപ്ലിക്കേഷന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡിഎല്‍ഡിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മാര്‍ക്കറ്റിലുള്ള ബ്രോക്കര്‍മാരില്‍ ഏറ്റവും കൂടുതലുള്ളത് യുഎഇ പൗരന്‍മാരാണ്. ഇന്ത്യക്കാരും പാക്കിസ്ഥാനികളുമാണ് ഇവര്‍ക്ക് പിന്നിലായുള്ളത്.

Comments

comments

Categories: World