ഹലോഫ്രെഷില്‍ നിക്ഷേപം നടത്തി ഖത്തര്‍

ഹലോഫ്രെഷില്‍ നിക്ഷേപം നടത്തി ഖത്തര്‍

പുതിയ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായിട്ടാണ് ഖത്തറിന്റെ സോവറൈന്‍ വെല്‍ത്ത് ഫണ്ടില്‍ നിന്ന് റോക്കറ്റ് ഇന്റര്‍നെറ്റിന്റെ കീഴിലുള്ള ഹലോഫ്രഷ് ഫണ്ടിംഗ് നേടിയത്

ദോഹ: ജര്‍മന്‍ കമ്പനിയായ റോക്കറ്റ് ഇന്റര്‍നെറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹലോഫ്രഷിലെ ഓഹരികള്‍ ഖത്തര്‍ വാങ്ങി. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായിട്ടാണ് ഖത്തറിന്റെ സോവറൈന്‍ വെല്‍ത്ത് ഫണ്ടില്‍ നിന്നും പാചകക്കൂട്ടിന്റേയും ചേരുവകളുടേയും വ്യാപാര സ്ഥാപനമായ ഹലോ ഫ്രഷ് ഫണ്ടിംഗ് നേടിയത്.

2007 ല്‍ ബര്‍ലിനില്‍ സ്ഥാപിതമായ റോക്കറ്റ് ഇന്റര്‍നാഷണല്‍ ഫാഷന്‍ ഇ-കൊമേഴ്‌സ് മുതല്‍ ഫുഡ് ഡെലിവറി വരെയുള്ള ഡസന്‍ കണക്കിന് ബിസിനസുകള്‍ ആരംഭിച്ചു. എന്നാല്‍ നഷ്ടത്തെത്തുടര്‍ന്ന് നിക്ഷേപകര്‍ പിന്‍വാങ്ങിയത് കമ്പനിയുടെ പ്രധാന സ്റ്റാര്‍ട്ടപ്പുകളുടെ വില ഇടിയാന്‍ കാരണമായി.

പേരുവെളിപ്പെടുത്താത്ത പ്രധാന ആഗോള നിക്ഷേപകനില്‍ നിന്നും നിലവിലെ ഓഹരിയുടമയായ ബൈല്ലീ ഗിഫോര്‍ഡില്‍ നിന്നും ഹലോഫ്രഷ് 85 മില്യണ്‍ യൂറോ സമാഹരിക്കുമെന്ന് റോക്കറ്റ് ഇന്റര്‍നെറ്റ് ഡിസംബറില്‍ പറഞ്ഞിരുന്നു. മുന്‍പ് 2.6 ബില്യണ്‍ യൂറോ ആയിരുന്ന കമ്പനിയുടെ മൂല്യം 2 ബില്യണ്‍ ഡോളറായിട്ടാണ് ഇടിഞ്ഞത്.

ഹലോഫ്രഷിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ഡൊമനിക് റിച്ച്റ്ററെ ഉദ്ദരിച്ചുകൊണ്ട് ജര്‍മന്‍ മാഗസിനായ വിര്‍ട്്‌സ്‌കാഫ്റ്റ് വോചേയാണ് ഖത്തര്‍ നിക്ഷേപ സമാഹരത്തിന്റെ ഭാഗമാകുന്നുവെന്ന് പറഞ്ഞത്. ഹലോഫ്രഷിന്റെ വക്താവ് വാര്‍ത്ത സ്ഥിരീകരിച്ചു. വലിയ ബഹുരാഷ്ട്ര കമ്പനികളിലും തെരഞ്ഞെടുക്കപ്പെട്ട കമ്പനികളിലും മാത്രം നിക്ഷേപം നടത്തുന്ന ഖത്തര്‍ തങ്ങളുടെ ദീര്‍ഘ കാല നിക്ഷേപകരായതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.

റോക്കറ്റ് ഇന്റര്‍നെറ്റിന്റെ പ്രധാന നിക്ഷേപകരായ കിന്നെവിക് അവരുടെ പകുതി ഓഹരികള്‍ വിറ്റതോടെയാണ് ജര്‍മന്‍ ഇ കൊമേഴ്‌സ് കമ്പനിയുടെ ഓഹരികളുടെ വില ഇടിഞ്ഞത്.

നിലവില്‍ റോക്കറ്റ് ഇന്റര്‍നെറ്റിന് ഹലോഫ്രഷില്‍ 53 ശതമാനം ഷെയറുകളാണ് ഉള്ളത്. കമ്പനിയ്ക്ക് ഏറ്റവും കൂടുതല്‍ പങ്കാളിത്തമുള്ള സ്ഥാപനമാണിത്. പ്രാഥമിക ഓഹരി വില്‍പ്പന നടത്താന്‍ കഴിവുള്ള സ്ഥാപനമായി കണക്കാക്കുന്നതും ഹലോഫ്രഷിനെയാണ്.

Comments

comments

Categories: Business & Economy, World